കോവിഡ് ഭീതിയില്‍ വിമാനത്താവളത്തിലേക്ക് ആളുകള്‍ അടുക്കാന്‍ മടിക്കുമ്പോള്‍ വിശ്രമമില്ലാതെ സത്യന്റെ 'ഓട്ടം'
കോവിഡ് ഭീതിയില്‍ വിമാനത്താവളത്തിലേക്ക് ആളുകള്‍ അടുക്കാന്‍ മടിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവറായ സത്യന് അമാരന്‍ 24 മണിക്കൂര്‍ ഡ്യൂട്ടിയിലാണ്.
ആദ്യ പ്രവാസി കോഴിക്കോട് വിമാനത്താവളത്തില്‍ ലോക്ഡൗണിനു ശേഷം ഇറങ്ങിയതു മുതല്‍ 75 ദിവസമായി വിശ്രമമില്ലാതെ ഇന്നു വരെ മുഴുവന്‍ സമയവും ഊര്‍ജസ്വലനായി സത്യന് അവിടെയുണ്ടെന്ന് പറയുമ്പോള്‍ മേലധികാരികള്‍ക്കു പോലും അഭിമാനം. മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറാണ് സത്യന്.
എല്ലാം നഷ്ടപ്പെട്ടെത്തുന്ന പ്രവാസികള്‍ക്കായി തനിക്കാവുന്നത് ചെയ്യാന്‍ പൂര്‍ണ മനസ്സോടെയെത്തിയ സത്യനു മുന്നില്‍ കോവിഡ് ഒരു വെല്ലുവിളിയായില്ല. വിമാനത്താവളത്തില്‍നിന്ന് ലക്ഷ്യ സ്ഥാനങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ എത്തിക്കുന്ന ജോലി കഴിഞ്ഞാലും സത്യന് സേവനത്തിനുണ്ടാകും.
വീട് വിമാനത്താവളത്തിനടുത്തായതുകൊണ്ട് ഏത് പാതിരാത്രിയിലും പുലര്‍ച്ചെയ്ക്കും ഓടിയെത്തും.
സഹപ്രവര്‍ത്തകനായ എ.കെ. ജയനും സഹായത്തിനുണ്ട്. വിമാനത്താവളത്തിലെ സര്‍വീസുകളുടെ കോഓര്‍ഡിനേറ്റര്‍ ജോഷി ജോണ്‍, സി.വി. രാജേന്ദ്രന്, താമരശേരി എടിഒ പി.നിഷീല്‍ എന്നിവരാണ് ഇവിടെനിന്നുള്ള സര്‍വീസുകള്‍ നിയന്ത്രിക്കുന്നത്. വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്സ് എയര്‍ ബസ് ആണ് ഇവിടുത്തെ ഓഫിസ്.
https://www.facebook.com/Malayalivartha