9 വര്‍ഷത്തിനിടെ 8 തവണ ഗര്‍ഭമലസി, പ്രദീപിന്റെയും ജിഷയുടെയും കാത്തിരിപ്പ് സഫലം!
ആര്‍പ്പൂക്കര കൊടയപ്പറമ്പില് കെ.പി.പ്രദീപിന്റെയും ഭാര്യ ജിഷയുടെയും മോഹങ്ങള്‍ പാതിവഴിയോളം വളര്‍ന്നിട്ട് പൊലിഞ്ഞുപോയത് 8 തവണയാണ്.
9 വര്‍ഷത്തിനുള്ളില്‍ 8 പ്രാവശ്യം ഗര്‍ഭഛിദ്രം സംഭവിച്ച, ജിഷയുടെയും പ്രദീപിന്റെയും നൈരാശ്യത്തിലേക്ക് സന്തോഷവും പ്രത്യാശയുമേകിക്കൊണ്ട് അവര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ജിഷ ശനിയാഴ്ച കാരിത്താസ് ആശുപത്രിയിലാണ് പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
ഒട്ടേറെ ചികിത്സകള്‍ക്കു ശേഷം ഫലപ്രാപ്തിയില്ലാതെ വന്നതോടെയാണു ദമ്പതികള്‍ തെള്ളകം കാരിത്താസ് ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റും വന്ധ്യതാ ചികിത്സാ വിദഗ്ധനുമായ ഡോ. റെജി ദിവാകറിനെ സമീപിക്കുന്നത്. ഒരു തവണ ഗര്‍ഭപാത്രത്തിനു പുറത്തുണ്ടാകുന്ന എക്ടോപിക് ഗര്‍ഭധാരണവും സംഭവിച്ചു. ഇതു മൂലം അണ്ഡാശയത്തെ ഗര്‍ഭപാത്രവുമായി ബന്ധിപ്പിക്കുന്ന ഫലോപ്യന്‍ ട്യൂബുകളിലൊന്ന് നീക്കം ചെയ്യേണ്ടി വന്നു.
കാരിത്താസിലെ വന്ധ്യതാ ചികിത്സയ്ക്ക് ശേഷം ഗര്‍ഭം ധരിച്ച ജിഷയ്ക്ക് എട്ടാം മാസത്തില്‍ പ്രമേഹം ഉണ്ടായി എന്നതൊഴിച്ചാല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. സാധാരണ നിലയില്‍ പ്രസവം നടക്കുകയായിരുന്നു.
അമ്മയും കുഞ്ഞും പൂര്‍ണമായ ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി ഡയറക്ടര്‍ ഫാ.ഡോ. ബിനു കുന്നത്ത് പറഞ്ഞു. ഡോ. പി.ജെ.മാത്തുക്കുട്ടി, നഴ്സുമാരായ എം.കെ.രേഖ, ബെറ്റി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്രമീകരണങ്ങള്‍.
https://www.facebook.com/Malayalivartha