മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു പാര്‍ട്ടി മാറ്റം; തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റാനായുള്ള പോരാട്ടം; കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് യൂത്ത്കോണ്‍ഗ്രസ് നേതാവ് മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസില്‍ തിരികെ എത്തി; തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം കീറാമുട്ടിയായി പാര്‍ട്ടികള്‍
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സീറ്റുകള്‍ക്ക് വേണ്ടിയുള്ള പോരാട്ടവും ശക്തമാണ്. നിന്നനില്‍പ്പില്‍ പാര്‍ട്ടി മാറുന്നതൊന്നും അത്ര വലിയ സംഭവമൊന്നുമല്ല. എന്നാല്‍ പാര്‍ട്ടി വിട്ട് മണിക്കൂറുകള്‍ക്കകം പഴയ പാര്‍ട്ടിയിലേക്ക് തിരികെ പോയ സംഭവമാണ് തിരുവനന്തപുരത്ത് നിന്ന് വന്നിട്ടുള്ളത്. വെള്ളിയാഴ്ചയാണ് തിരുവനന്തുപുരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവ് ബിജെപി അംഗമായത്.
ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലുള്ള മുദാക്കല്‍ സ്വദേശി എം. മിഥുനാണ് ഇത്തരത്തില്‍ പാര്‍ട്ടി മാറിയത്. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷാണ് മിഥുനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പാര്‍ട്ടി ജില്ലാ ഓഫീസില്‍ വെച്ച് വി.വി. രാജേഷ് മിഥുനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തില്‍ മനം മടുത്താണ് മിഥുന് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് വി.വി. രാജേഷ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രസ്താവന ഇറക്കി.
ഇതിന് പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്ന് 24 മണിക്കൂര്‍ തികയുന്നതിന് പിന്നാലെ മിഥുന് തിരികെ കോണ്‍ഗ്രസിലെത്തിയത്. സംഭവത്തില്‍ ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. മിഥുനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയൊ വി.വി. രാജേഷ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
തനിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്മുണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് മിഥുന് പറയുന്നു. എന്നാല്‍ പാര്‍ട്ടി സീറ്റ് നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനോട് പെട്ടന്നു പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ഒരാവേശത്തിന് പാര്‍ട്ടി വിട്ടതാണെന്നാണ് മിഥുന് പറയുന്നത്. ഇതിനിടെ ബി.ജെ.പിക്കാരുടെ സ്വാധീനം കൂടിയായപ്പോള്‍ ബി.ജെ.പി ചേരുകയായിന്നു. എന്നാല്‍ രാത്രി ഉറങ്ങാന്‍ സാധിച്ചില്ലെന്നും ഇതോടെ പാര്‍ട്ടി നേതൃത്വത്തെ വിവരം അറിയിച്ചു തിരിച്ചു വരുകയായിരുന്നുവെന്നുമാണ് മിഥുന് പറയുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റു ധാരണ ഉറപ്പിച്ച ശേഷമായിരുന്ന മിഥുനിന്റെ തിരിച്ചുവരവെന്നും ആരോപണമുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകളില്‍ യുവാക്കളെ പരിഗണിക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രാതിനിധ്യം സംഘടന ആവശ്യപ്പെട്ടു. ഇതടക്കം ആവശ്യങ്ങള്‍ ഉന്നയിച്ച് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കണ്ടു. ക്രിയാത്മകമായ പ്രതികരണമാണ് ഉന്നത നേതൃത്വത്തില്‍ നിന്നുണ്ടായതെന്നു യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നു കെപിസിസിയുടെ സര്ക്കുലറുമുണ്ടായിരുന്നു. വിജയസാധ്യതയും പൊതു സ്വീകാര്യതയും മുഖ്യമാനദണ്ഡങ്ങളാക്കണം. പാര്‍ട്ടിയോടു കൂറും സ്വാഭാവശുദ്ധിയും വേണം. വനിതാസ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ മഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കു മുന്‍ഗണന നല്‍കണമെന്നാണ് കെ.പി.സിയുടെ ആവശ്യം. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസുക്കാരന്‍ പാര്‍ട്ടി വിട്ടുപോയത് കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. ഇതാണ് ഇയാളെ തിരിച്ചുകൊണ്ടു വരാന്‍ കോണ്‍ഗ്രസിനെ പ്രയരിപ്പിച്ചതും.
https://www.facebook.com/Malayalivartha