ഇനിയൊരു പ്രേമം ഉണ്ടാവരുത്… പ്രേമത്തിലെ സീനുകള്‍; സെന്‍സര്‍ വിലക്കിന് സര്‍ക്കാര്‍ നീക്കം
മദ്യത്തിനും മയക്കുമരുന്നിനും സ്ത്രീപീഡനത്തിനും അമിത പ്രാധാന്യമുള്ളതും കുട്ടികളെ വഴി തെറ്റിക്കുന്നതുമായ സിനിമകള്‍ക്ക് സെന്‍സര്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. പ്രേമം സിനിമയിലെ ചില സീനുകള്‍ കോപ്പിയടിച്ച് കോളേജുകളില്‍ നടന്ന ഓണാഘോഷം ഒരു തലമുറയെ വഴി തെറ്റിക്കുന്നതാണെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം.
ഇത്തരം ന്യൂജന്‍ സിനിമകള്‍ നിരോധിക്കണമെന്ന ഡിജിപിയുടെ ആവശ്യമാണ് സര്‍ക്കാരിനു മുന്നില്‍ രേഖാമൂലം എത്തിയിരിക്കുന്നത്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോട് ഇത്തരം വൃത്തികേടുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെടണമെന്നത് സെന്‍കുമാറിന്റെ ആവശ്യമായിരുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇതേ അഭിപ്രായക്കാരനാണ്. എന്നാല്‍ സിനിമാ മേഖലയിലെ പ്രമുഖരെ നിയന്ത്രിക്കാന്‍ രമേശിന് താത്പര്യമില്ല. അനാവശ്യമായി വിവാദമുണ്ടാക്കാനും അദ്ദേഹത്തിന് താത്പര്യമില്ല. അതേസമയം ഇത്തരമൊരു തീരുമാനം എടുക്കുകയാണെങ്കില്‍ അതിനൊപ്പം കേരളത്തിലെ സാധാരണക്കാര്‍ നില്‍ക്കുമെന്ന് ഭരണാധികാരികള്‍ കരുതുന്നു. സിനിമയുടെ ചുമതലയുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇതേ അഭിപ്രായമാണുള്ളത്. പ്രേമം ചിത്രത്തിന്റെ സീനുകള്‍ കടമെടുത്ത് സംസ്ഥാനത്തെ ചില വനിതാ കോളേജുകളില്‍ പെണ്‍കുട്ടികള്‍ ആണ്‍വേഷം ധരിച്ചെത്തിയിരുന്നു. ഇത് മിക്കവാറും ദിനപത്രങ്ങളുടെ ഒന്നാം പേജില്‍ വാര്‍ത്തയായി മാറിയിരുന്നു.
സെന്‍സര്‍ ബോര്‍ഡിന് ആദ്യപടിയായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതില്‍ പ്രധാനം പുതിയ തലമുറയെ വഴിതെറ്റിക്കുന്നതൊന്നും സിനിമയില്‍ പറ്റില്ലെന്നതാണ്. സിനിമ കണ്ട് ആരും വഴിതെറ്റില്ലെന്ന് പറയാനാവാത്ത സ്ഥിതി വിശേഷമാണ് കേരളത്തിലുള്ളത്. പ്രേമം ചിത്രത്തെ ഒരു ഉദാഹരണമായെടുക്കാമെന്നാണ് സെന്‍ കുമാര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha