അന്യമതക്കാരനുമായി പ്രണയത്തിലായ പെണ്‍കുട്ടിയ്ക്ക് പോലീസ് സംരക്ഷണത്തില്‍ വിവാഹം
അന്യമതക്കാരനുമായി പ്രണയത്തിലായി ഒളിച്ചോടിയ കോഴിക്കോട് ബാലുശേരി സ്വദേശിയായ യുവതിയുടെ വിവാഹം പോലീസ് സംരക്ഷണത്തോടെ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഉത്തരവ് നടപ്പാക്കുന്നതിന് കോഴിക്കോട് റൂറല്‍ എസ്പിക്ക് കോടതി നിര്‍ദേശം നല്കി. ഹൈക്കോടതി ഡിവിഷന് ബഞ്ച് ജഡ്ജിമാരായ അബ്ദുള്‍ റഹിം, മേരി ജോസഫ് എന്നിവരാണ് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രോസിക്യൂഷനു വേണ്ടി എഡിജിപി അഡ്വ.ടോം ജോസ് പടിഞ്ഞാറേക്കര കോടതിയില്‍ ഹാജരായി. കേസ് ഇനി ഒന്‍പതിന് കോടതി പരിഗണിക്കും.
കോഴിക്കോട് ബാലുശേരി സ്വദേശിയായ യുവതി അന്യമതക്കാരനുമായി പ്രണയത്തിലായി വീടുവിട്ടിറങ്ങിയത് ജൂലൈ 24നാണ്. യുവതിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്കി. 28ന് ബാലുശേരി പോലീസ് യുവതിയെയും കാമുകനെയും പിടികൂടി.
30ന് ഹൈക്കോടതിയില്‍ ഹാജരാക്കി. ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും യുവതി കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് എറണാകുളത്തുള്ള ഹോസ്റ്റലില്‍ പാര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനിടെ കഴിഞ്ഞ 29ന് യുവതിയുടെ പിതാവും മറ്റ് എട്ടുപേരും ചേര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാരെ മര്‍ദിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. അന്നു തന്നെ പോലീസ് പിതാവിനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ എഡിജിപി കോടതിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് വിവാഹം പോലീസ് സംരക്ഷണയില്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha