ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ എതിർക്കുന്നത് തലാലിൻ്റെ കുടുംബത്തിലെ രണ്ട് അംഗങ്ങൾ: കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്ന വിഭാഗക്കാരായ കുടുംബാംഗങ്ങളെ പ്രകോപിപ്പിച്ചത് കൊലപാതക ശേഷം നിമിഷപ്രിയ ചെയ്ത ഈ കാര്യം....

യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിൽ ആശങ്കയേറുന്നു. നിമിഷയുടെ ശിക്ഷാ നടപടികള്‍ വേഗത്തിലാക്കി യെമന്‍ അധികൃതര്‍ രംഗത്തെത്തിയെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എങ്ങനെയും രക്ഷപ്പെടുത്തണമെന്ന് അമ്മ പ്രേമകുമാരിയും കുടുംബവുമടക്കം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. നിമിഷപ്രിയയുടെ ശിക്ഷ നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവിയാണു നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.
കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ സുപ്രീം കോടതിയില്‍ നല്‍കണമെന്നാണ് നിയമമെന്നിരിക്കേ ഇക്കാര്യത്തിൽ നടപടികളൊന്നും കെെക്കൊണ്ടിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. കൊല്ലപ്പെട്ട യെമന്‍ പൗരനായ തലാലിൻ്റെ കുടുംബത്തിൻ്റെ ഇടപെടലാണു പ്രോസിക്യൂഷന്‍ നടപടിക്കു കാരണമായിട്ടുള്ളത്. ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ലെന്നാണ് പുറത്തു വരുന്ന വിവരവും.
ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിൻ്റെ കുടുംബത്തിലെ രണ്ടംഗങ്ങളാണ് എതിരുനിൽക്കുന്നത്. ഈ രണ്ടുപേരൊഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട തലാലിൻ്റെ നാട് ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്ന വിഭാഗമാണ് ഇവർ. അതുകൊണ്ടുതന്നെ കൊലപാതകത്തിനേക്കാൾ കൂടുതൽ അവരെ പ്രകോപിപ്പിക്കുന്നത് മറ്റൊരു കാര്യമാണ്. കൊലപാതകം നടത്തിയശേഷം നിമിഷപ്രിയ മൃതദേഹം വികൃതമാക്കിയിരുന്നു. ഇത് ക്ഷമിക്കാൻ കഴിയാത്ത കുറ്റമാണെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല തലാലിൻ്റെ നാട്ടിൽ സ്ത്രീകള്‍ക്കു പുരുഷനേക്കാള്‍ കടുത്ത ശിക്ഷയാണുള്ളതും.
യെമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്കു യെമന്‍ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണു വധശിക്ഷ വിധിച്ചത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷയിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ അതായത് ഏകദേശം 1.5 കോടി രൂപ ദയാധനം നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
ഈ തുക സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ശേഖരിച്ചിട്ടുണ്ടായിരുന്നു. ഈ തുക യെമനിലെത്തി കൈമാറുന്നതിനുള്ള സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഒരുക്കണമെന്നു നിമിഷപ്രിയയുടെ അഭിഭാഷകന്‍ അഡ്വ. കെ ആര്‍. സുഭാഷ് ചന്ദ്രനും അഭ്യർത്ഥിച്ചു. യെമനിൽ ആഭ്യന്തര യുദ്ധം നടക്കുന്നതിനാല്‍ 2020 മുതല്‍ ഇന്ത്യാക്കാര്‍ക്ക് യാത്രാവിലക്കുണ്ടെന്നുള്ളതും ഇക്കാര്യത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
2017 ജൂലൈയില്‍ മയക്കുമരുന്ന് കുത്തിവെച്ചാണ് നിമിഷ തലാലിനെ കൊല്ലുന്നത്. എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു. തന്റെ പരാതികളുടെ അടിസ്ഥാനത്തില്‍ തലാലിനെ പലപ്പോഴും ജയിലിലടച്ചിരുന്നു. തന്റെ പ്രശ്‌നങ്ങള്‍ അറിഞ്ഞ ജയില്‍ വാര്‍ഡന്‍ തലാലില്‍ നിന്നും രക്ഷപ്പെടാന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കണമെന്നും അതിനായി അവനെ മയക്കാന്‍ ശ്രമിക്കണമെന്നും പറയുന്നു.
അതിനാല്‍ അവസരം ലഭിച്ചപ്പോള്‍ നിമിഷ തലാലിന്റെ മേല്‍ കെറ്റാമൈന്‍ എന്ന മയക്കമരുന്ന് കുത്തിവെക്കുകയായിരുന്നു. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം, അവന്‍ തറയില്‍ വീഴുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് അവന്‍ നിശ്ചലനായി. അവന്റെ പള്‍സ് പരിശോധിച്ചപ്പോള്‍ നിശ്ചലമായിരുന്നെന്നും നിമിഷ ഓര്‍ക്കുന്നു. ആകെ ഭയപ്പെട്ട നിമിഷ അവളുടെ സുഹൃത്തായ ഹനാനെ വിളിക്കുകയും തലാലിന്റെ മൃതദേഹം മാറ്റാനായി അവള്‍ നിര്‍ദേശിക്കുകയും തുടര്‍ന്ന് ഹനാന്‍ മൃതദേഹം വെട്ടിമാറ്റി വാട്ടര്‍ ടാങ്കില്‍ വയ്ക്കുകയുമായിരുന്നെന്നും നിമിഷ പറഞ്ഞു.
താലാലിൻ്റെ കുടുംബത്തിൽ എതിർത്തു നിൽക്കുന്നവരുമായി ഇടനിലക്കാർ വഴി സംസാരിച്ച് തീരുമാനത്തിലെത്തുകയും ദയാധനം യെമനിലെത്തിച്ചു കെെമാറണമെന്നുമാണ് നിമിഷപ്രിയയുടെ കുടുംബം ആലോചിക്കുന്നത്. അതിനായി കേന്ദ്രസര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്ന് നിമിഷയുടെ അമ്മ പ്രേമകുമാരി അഭ്യര്‍ഥിച്ചു. എങ്ങനെ പണം കെെകാര്യം ചെയ്യണമെന്നുള്ളതു കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം ഇടപെട്ടു തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രേമകുമാരി അപേക്ഷ നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha