ചെ ഗുവേരയുടെ പ്രശസ്ത ഫോട്ടോയ്ക്ക് പിന്നിലെ കഥ

നിൻ്റെ ഓർമകൾക്ക് മരണമില്ല, നിൻ്റെ പാതയിൽ നീയുയർത്തിപ്പിടിച്ച ആശയങ്ങളുമായി ഞങ്ങളും. അറുത്തു മാറ്റിയിട്ടും മുളച്ചു പൊന്തി ചുവന്നു പൂത്ത കാലത്തിൻ്റെ കല്പവൃക്ഷം…´ചെഗുവേരയെക്കുറിച്ചുള്ള വാക്കുകളാണിത് .സാമ്രാജ്യത്വത്തിനെതിരെയുള്ള ഐതിഹാസിക സായുധ സമരത്തിനിടയിൽ പിടിക്കപ്പെടുകയും പിന്നീട് തടവറയിൽ വച്ച് വെടിയേറ്റ് മരണപ്പെടുകയും ചെയ്ത വിശ്വവിഖ്യാതനായ വിപ്ലവകാരിയുടെ ഓർമ്മകൾ ലോക യുവത്വതതിന് എന്നും ആവേശം പകരുന്ന ഒന്നാണ്. മരണത്തിനിപ്പുറം ഇത്രകാലം കഴിഞ്ഞിട്ടും ലോകമെമ്പാടുമുള്ള പോരാളികൾക്ക് ആശയും ആവേശവുമാണ് ഏണസ്റ്റോ ചെ ഗുവേര എന്ന ചെ. ബൊളീവിയൻ കാട്ടിൽ വെച്ച് പട്ടാളക്കാർ പിടികൂടി വധിക്കുന്നതിന് മുൻപ് വരെ ലോക സാമ്രാജ്യത്വത്തിന് ഈ മെലിഞ്ഞ മനുഷ്യൻ ഒരു പേടിസ്വപ്നമായിരുന്നു.
വിപ്ലവ ഇതിഹാസം ഏണസ്റ്റോ ചെ ഗുവേരയുടെ പ്രസിദ്ധമായ ചിത്രം കാണാത്തവരായി ആരുമുണ്ടാകില്ല . 1960 മാർച്ച് 5-ന്, ലെയ്ക M2 90 mm ലെൻസിൽ എടുത്ത ഒരു മനുഷ്യന്റെ ചിത്രം . അത് പിന്നീട് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോഗ്രാഫുകളിൽ ഒന്നായി മാറുമെന്നും, ഒരുപക്ഷേ ചരിത്രത്തിലെ മറ്റേതൊരു ചിത്രത്തേക്കാളും കൂടുതൽ തവണ പകർത്തപ്പെടുമെന്നും ആരും കരുതിയില്ല . ഫാഷൻ ഫോട്ടോഗ്രാഫർ ആയ ആൽബെർട്ടോ ഡിയാസ് ഗുട്ടിയറെസ് എന്ന എന്ന കോർഡയാണ് ചെ ഗുവേര എന്നറിയപ്പെടുന്ന ഏണസ്റ്റോ ഗുവേര ഡി ലാ സെർനയെ അനശ്വരമാക്കിയത്
ഈ ചിത്രം പകർത്തിയിട്ട് ഇക്കഴിഞ്ഞ മാർച്ച് 5 നു 65 വർഷങ്ങൾ പൂർത്തിയായി . 1960 മാര്‍ച്ച് അഞ്ചിന് പകര്‍ത്തിയ വിപ്ലവ നേതാവിന്റെ ഈ ചിത്രം പില്‍കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചിത്രമായി മാറുമെന്ന് അന്ന് അത് എടുത്തയാൾ പോലും കരുതിയിട്ടുണ്ടാകില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പോസുകളില്‍ ഈ ചിത്രം ഇന്നും ഉപയോഗിച്ച് വരുന്നുണ്ട്.
വിപ്ലവ നേതാവ്, വൈദ്യന്‍, മാര്‍ക്‌സിസ്റ്റ്‌സ്, ഗറില്ല നേതാവ്, എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലെല്ലാം ചെഗുവേര പ്രശസ്തനാണ്. ‘ചെ’ എന്നും അറിയപ്പെടുന്ന ചെഗുവേരയുടെ ജീവിതത്തെക്കുറിച്ചോ നേരിട്ട ചൂഷണങ്ങളെക്കുറിച്ചോ അധികമൊന്നും അറിയാത്തവര്‍ക്ക് പോലും കോര്‍ഡയുടെ ഈ ഐക്കണിക് ഫോട്ടോ കണ്ടാല്‍ അദ്ദേഹത്തെ തിരിച്ചറിയും. നീളമുള്ള മുടിയെ കറുത്ത ബെൽറ്റിൽ ഒതുക്കി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന ചെ ഗുവേരയുടെ പ്രതിച്ഛായ ചിത്രം ഇന്ന് ലോകത്തിന് അത്രയേറെ പരിചിതമാണ്.
1960 മാര്‍ച്ചില്‍ ഹവാന നഗരമധ്യത്തില്‍, ടണ്‍ കണക്കിന് ഗ്രനേഡുകളും വെടിക്കോപ്പുകളും വഹിച്ചിരുന്ന ഫ്രഞ്ച് കപ്പലായ ലാ കൂബ്രെ പൊട്ടിത്തെറിച്ചിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട എല്ലാ നാവികരുടെയും സ്റ്റീവ്‌ഡോര്‍മാരുടെയും സ്മരണയ്ക്കായി ഒരു ശവസംസ്‌കാര മാര്‍ച്ച് നടത്തി. ഇതില്‍ തത്വചിന്തകരായ ജീന്‍ പോള്‍ സാര്‍ത്രും സിമോണ്‍ ഡി ബ്യൂവോയറും പങ്കെടുത്തിരുന്നു.
ആ ചടങ്ങില്‍ റവല്യൂഷണറി യൂണിയന്‍ ആദ്യമായി പ്രസിദ്ധീകരിച്ച ‘റെവലൂഷൻ’ എന്ന പത്രത്തിന്റെ സ്റ്റാഫ് ഫോട്ടോഗ്രാഫറായ കോര്‍ഡയും ഉണ്ടായിരുന്നു. ചെ യുടെ ചരിത്രപ്രസിദ്ധമായ ഫോട്ടോ തന്റെ ലെൻസിൽ പതിഞ്ഞതിനെക്കുറിച്ച് കോര്‍ഡയുടെ തന്നെ വാക്കുകൾ ഇങ്ങനെയാണ്
‘‘ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് ഞാന്‍ മാര്‍ച്ച് കണ്ടത്. അതിനിടെ എന്റെ ലെയ്കയിൽ മീഡിയം ടെലിഫോട്ടോ ലെന്‍സ് ഉപയോഗിച്ചാണ് ചിത്രം പകര്‍ത്തി കൊണ്ടിരുന്നത്. ഞാന്‍ പോഡിയം പാന്‍ ചെയ്തു. പെട്ടെന്നാണ് ചെ എന്റെ കാമറയിലേക്ക് വന്നത്. ഉടൻ തന്നെ ഞാന്‍ ചിത്രം പകര്‍ത്തി. അപ്പോഴാണ് ഞങ്ങളുടെ പത്രത്തിന്റെ കവര്‍ ചിത്രത്തെക്കുറിച്ച് ഞാൻ ഓർത്തത്. അപ്പോള്‍ തന്നെ ഞാന്‍ കാമറ ലംബമായി വെച്ചു.
അദ്ദേഹത്തിന്റെ മറ്റൊരു ചിത്രവും പകര്‍ത്തി,’’ അപ്പോഴും പിൽക്കാലത്തു ഈ ചിത്രം ഇത്രയധികം പ്രശംസനീയമാകുമെന്നു അറിഞ്ഞിരുന്നില്ല എന്ന് ടൈംസ് ഓഫ് ലണ്ടന് നല്‍കിയ അഭിമുഖത്തില്‍ കോര്‍ഡ പറഞ്ഞു. ആ നിമിഷത്തെ ചെയുടെ മുഖഭാവം അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയായ വിട്ടുവീഴ്ചയില്ലാത്ത ഹീറോ സ്വഭാവത്തെ വെളിപ്പെടുത്തുന്നതായിരുന്നു എന്ന് കോർഡ പിന്നീട് പറഞ്ഞു..അന്നു 31 വയസ്സുണ്ടായിരുന്ന ചെ ഗവാരയ്ക്ക്
കോർഡ ഈ ചിത്രത്തിന് ഗറില്ലെറോ ഹീറോയിക്കോ(‘Guerillero Heroico) എന്ന് പേരിട്ടു. Heroic Guerrilla Fighter എന്നാണു ഈ വാക്കിനർത്ഥം .ഈ ചിത്രം പക്ഷെ അപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടില്ല. അത് കോര്‍ഡയുടെ സ്വകാര്യ ശേഖരത്തിലേക്ക് നീക്കി വെച്ചു.
1967 വരെ വെളിച്ചം കണ്ടില്ല. ഇറ്റാലിയന്‍ പ്രസാധകനും വ്യവസായിയുമായ ഇറ്റാലിയൻ പ്രസാധകനും ബിസിനസുകാരനുമായ ജിയാഞ്ചിയാക്കോമോ ഫെൽട്രിനെല്ലി ചെ ഗുവേരയുടെ ഛായാചിത്രം അന്വേഷിച്ച് കോര്‍ഡയുടെ അടുത്ത് എത്തിയത് 1967 ലാണ് .
രണ്ട് കോപ്പികള്‍ കോര്‍ഡ അദ്ദേഹത്തിന് നല്‍കി. 1967 ഒക്ടോബര്‍ 8ന് ബൊളീവിയന്‍ സൈന്യം ചെ ഗുവേരയെ വധിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി പ്രമോഷണല്‍ പോസ്റ്ററുകളായി ഫെല്‍ട്രിനെല്ലി അച്ചടിച്ചത് ഇതേ പ്രിന്റായിരുന്നു. 1968ല്‍ പുറത്തിറക്കിയ ചെഗുവേരാസ് ബോളീവിയന്‍ ഡയറീസ് എന്ന പുസ്തകത്തിന്റെ കവറായാണ് ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ചത്.
കോര്‍ഡ ഈ ചിത്രം പകര്‍ത്തി എട്ട് വര്‍ഷത്തിന് ശേഷം, ചെയുടെ മരണത്തിന് ഒരു വര്‍ഷത്തിന് ശേഷവും ഐറിഷ് കലാകാരനായ ജിം ഫിറ്റ്സ്‌പാട്രിക് ചിത്രത്തിന് കറുപ്പും ചുവപ്പും വെളുപ്പും നിറങ്ങള്‍ ചേര്‍ത്ത് കുറച്ചുകൂടി ആകര്‍ഷകമാക്കി. ചിത്രത്തിന് ഗറില്ലേറോ ഹീറോയ്‌ക്കോ എന്ന പേരും നല്‍കി.
അപ്പോഴേക്കും ചെഗുവേര വിപ്ലവത്തിന്റെ മുഖമായും സാമ്രാജ്യത്വ വിരുദ്ധതയുടെ പ്രതീകവുമായി മാറിയിരുന്നു. ചിത്രത്തിലൂടെ ഫെല്‍ട്രിനെല്ലിയും പ്രശസ്തനായി. എന്നാല്‍, ചിത്രം പകര്‍ത്തിയ കോര്‍ഡയ്ക്ക് ചിത്രത്തിന്റെ റോയല്‍റ്റിയൊന്നും ലഭിച്ചില്ല. ചിത്രത്തിന്റെ ജനപ്രീതിയില്‍ നിന്ന് തന്റെ പിതാവിന് കാര്യമായ നേട്ടമൊന്നും ലഭിച്ചില്ലെന്നും ലാഭം ഉണ്ടാക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ലെന്നും കോര്‍ഡയുടെ മകള്‍ ഡയാന ഡയസ് പറഞ്ഞു. തന്റെ ചിത്രം ചെഗുവേരയെ പ്രശസ്തനാക്കാന്‍ സഹായിച്ചുവെന്നത് മാത്രമാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനമെന്നും അവര്‍ പറഞ്ഞിരുന്നു .
1928-ൽ അർജൻ്റീനയിൽ ജനിച്ച ചെ ഗുവേര മെഡിക്കൽ വിദ്യാർത്ഥിയായിരിക്കെയാണ് തൻ്റെ മോട്ടോർ സെെക്കിളുമായി തെക്കേ മേരിക്ക ചുറ്റി സഞ്ചരിക്കുന്നത് . തെക്കേ അമേരിക്കയിലൂടെയുള്ള ആ മോട്ടോർ സൈക്കിൾ യാത്രയിൽ കൊടിയ ദാരിദ്ര്യത്തിലേക്കാണ് അദ്ദേഹത്തിൻ്റെ കണ്ണുകൾ തറച്ചത്. ചെ യെ മാർക്സിസ്റ്റാക്കി മാറ്റിയത് ഈ കാഴ്ചകളാണ്
പിന്നീട്ലോ കമെങ്ങും ഒരു സാംസ്കാരിക ചിഹ്നമായും ചെയെ മാറ്റിയത് കോര്‍ഡയുടെ ചിത്രമാണ് .1954-ൽ ഗ്വാട്ടിമാലയിൽ പരിഷ്‌കരണവാദിയായ പ്രസിഡൻ്റ് ജാക്കോബോ അർബെൻസിനെ സിഐഎ പിന്തുണയോടെ പുറത്താക്കുന്നതിന് ചെ ഗുവേര സാക്ഷ്യം വഹിച്ചു. ഒരു വർഷത്തിനുശേഷം, മെക്‌സിക്കോ സിറ്റിയിൽ വെച്ച് അദ്ദേഹം ഫിദൽ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി.
അതോടെയാണ് ചെ ഫിദലിൻ്റെ വിപ്ലവ പ്രസ്ഥാനത്തിൽ ചേർന്നത്. . ക്യൂബൻ ഏകാധിപതിയായ ബാറ്റിസ്റ്റയെ പുറത്താക്കാൻ ഫിഡൽ കാസ്‌ട്രോ നയിച്ച ക്യൂബൻ വിപ്ലവത്തിലും ചെ ഗവാര പങ്കെടുത്തിരുന്നു. 1959ൽ ഈ വിപ്ലവം വിജയിക്കുകയും കാസ്‌ട്രോ അധികാരം പിടിക്കുകയും ചെയ്തു. ഇതിനു ശേഷം ക്യൂബൻ സർക്കാരിൽ ഉന്നത സ്ഥാനം ലഭിച്ചു ,ചെ ഗുവേര 14 മാസക്കാലം ക്യൂബയുടെ സെൻട്രൽ ബാങ്കിൻ്റെ പ്രസിഡൻ്റായിരുന്നു.
അന്ന് എല്ലാ ക്യൂബൻ നോട്ടുകളിലും അദ്ദേഹം ഒപ്പിട്ടത് `ചെ´ എന്നായിരുന്നു. അർജൻ്റീനയിൽ അഭിവാദ്യ വാക്കായി ഉപയോഗിക്കുന്ന പദമായിരുന്നു `ചെ´.യാദൃശ്ചികമായി `ചെ´ എന്ന വാക്കായിരുന്നു ചെ ഗുവേരയുടെ വിളിപ്പേരും.പിന്നീട് ജോലി വേണ്ടെന്നു വച്ച് 1965ൽ ആഫ്രിക്കയിലേക്കു പോയി.
ആഫ്രിക്കയിൽ വിപ്ലവം ശക്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. ചെ ഗുവേര 1965-ൽ കോംഗോയിലെ ലോറന്റ് കബിലയുടെ ഗറില്ലാ പോരാളികളുമായി ചേർന്നു, പക്ഷേ അവരുടെ കഴിവില്ലായ്മയിലും മറ്റും അദ്ദേഹം നിരാശനാകുകയായിരുന്നു. ലാറ്റിനമേരിക്കയിൽ `വിയറ്റ്നാമുകൾ´ സൃഷ്ടിക്കുക എന്ന ആശയവുമായി ഒരു പുതിയ ഗറില്ലാ പ്രസ്ഥാനം ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു.
അതിനായി ചെ ഗുവേര 1966-ൽ ബൊളീവിയയിലേക്ക് പോയി . കോംഗോ പശ്ചാത്തലമാക്കി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ പക്ഷേ വിജയം കണ്ടില്ല. പിന്നീട് തെക്കൻ അമേരിക്കയിലേക്കു ചെ ഗവാര തിരിച്ചുപോയി.
1967 ഒക്ടോബർ ഏഴിന് ബൊളീവിയൻ സൈന്യം ചെ ഗവാരയെ പിടിച്ചു. ലാ ഹിഗ്വേര എന്ന സ്ഥലത്തേക്ക് അദ്ദേഹത്തെ എത്തിച്ചശേഷം വെടിവയ്പിലൂടെ വധിച്ചു. മൃതദേഹം അജ്ഞാതമായൊരിടത്താണു മറവ് ചെയ്തത്. 1997-ലാണ് ചെ ഗുവേരയുടെ അസ്ഥികൾ കുഴിച്ചെടുക്കുന്നത്. അവ ക്യൂബയിലേക്ക് കൊണ്ടുവരികയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സൈനിക വിജയത്തിൻ്റെ ഓർമ്മകൾ ഉറങ്ങുന്ന ഇടമായ സാന്താ ക്ലാരയിൽ അദ്ദേഹത്തിനായി ഒരു ശവകുടീരം നിർമ്മിക്കുകയും അസ്ഥികൾ അതിൽ സ്ഥാപിക്കുകയും ചെയ്തു
https://www.facebook.com/Malayalivartha