''ഇനിമേല്‍ എന്റെ പിതാവ് ഓട്ടോറിക്ഷാ ഓടിക്കില്ല''; ഐ.പി.എല്‍ ലേലത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടരക്കോടിയോളം രൂപയ്ക്ക് സ്വന്തമാക്കിയ മുഹമ്മദ് സിറാജ്
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഓസ്ട്രേലിയയുമായി പരിശീലന മത്സരം കളിച്ച ഇന്ത്യന്‍ എ ടീമില്‍ ഇടം ലഭിക്കാതെ ബെഞ്ചില്‍ ഇരിക്കേണ്ടി വന്ന താരമാണ് ഹൈദരാബാദിലെ മുഹമ്മദ് സിറാജ് എന്ന ബൗളര്‍. ഞായറാഴ്ച കളി അവസാനിച്ച് നിരാശനായിരുന്നെങ്കിലും തിങ്കളാഴ്ച്ച(ഇന്നലെ) ആ സന്തോഷ വാര്‍ത്ത താരത്തെ തേടിയെത്തി. 10 ലക്ഷം രൂപ ബേസ് പ്രൈസുണ്ടായിരുന്ന സിറാജിനെ 2.6 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ലേലത്തില്‍ സ്വന്തമാക്കി.
''ഞാന്‍ അതീവ സന്തുഷ്ടനാണ്, എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഞാന്‍ ഒരിക്കലും പണത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല, ഐ.പി.എല്ലില്‍ കളിക്കാന്‍ ഒരു അവസരം മാത്രമാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. പക്ഷെ എനിക്ക് വേണ്ടി അവര്‍ ലേലം വിളിക്കുന്നത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷവും അത്ഭുതവും തോന്നി. ഇത്രയും വലിയ തുകയ്ക്ക് എന്നെ സ്വന്തമാക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല''-വികാരാധീനനായി സിറാജ് പറഞ്ഞു.2016-17 സീസണില്‍ നിന്നും രഞ്ജി ട്രോഫിയില്‍ 41 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. ഹൈദരാബാദിന് വേണ്ടി രഞ്ജി മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഐ.പി.എല്ലിലും ഇന്ത്യയ്ക്ക് വേണ്ടിയും കളിക്കണമെന്ന് സ്വപ്നം കണ്ടിരുന്നതായി സിറാജ് പറയുന്നു. ബന്ജാര ഹില്‍സ് ഏരിയയില്‍ ഒരു വാടക വീട്ടിലാണ് സിറാജും കുടുംബവും താമസിക്കുന്നത്. പിതാവ് ഖോസ്സ് മുഹമ്മദ് കഴിഞ്ഞ 30 വര്‍ഷമായി ഓട്ടോ റിക്ഷ ഓടിച്ചാണ് കുടുംബം പോറ്റിക്കൊണ്ടിരുന്നത്. എന്നാല്‍ ഇനിമുതല്‍ അദ്ദേഹം ഓട്ടോ ഓടിക്കില്ലെന്നും ഇത്രയും നാള് തന്റെ കുടുംബം സാമ്പത്തിക ഞെരുക്കത്തിലായിരുന്നുവെന്നും ഇനി അവര്‍ക്ക് നല്ല നാളുകള്‍ നല്‍കാനാണ് താന്‍ ശ്രമിക്കുക എന്നും സിറാജ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha