മനീഷ് പാണ്ഡെ വിവാഹിതനാകുന്നു, വധു ചലച്ചിത്ര താരം ആശ്രിത

ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെയ്ക്ക് തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി ആശ്രിത ഷെട്ടി വധു. ഇരുവരുമായി അടുപ്പമുള്ള കേന്ദ്രങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ രണ്ടിന് മുംബൈയിലാകും വിവാഹമെന്നാണ് റിപ്പോര്‍ട്ട്.
വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയുടെ ക്യാപ്റ്റനായ മുപ്പതുകാരനായ മനീഷ് പാണ്ഡെ 2015-ലാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിയത്. പാണ്ഡെ 23 ഏകദിനങ്ങളിലും 31 ട്വന്റി20കളിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. 23 ഏകദിനങ്ങളില്‍നിന്ന് 36.66 റണ്‍സ് ശരാശരിയില്‍ 440 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും സഹിതമാണിത്.
31 ട്വന്റി20 മല്‍സരങ്ങളില്‍നിന്ന് 37.66 റണ്‍സ് ശരാശരിയില്‍ 565 റണ്‍സും നേടി. ഇതില്‍ രണ്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ റണ്‍വേട്ടയില്‍ പാണ്ഡെ കേരളത്തിന്റെ വിഷ്ണു വിനോദിനു പിന്നില്‍ രണ്ടാമതാണ്.
തെന്നിന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന നടിയായ ആശ്രിത ഷെട്ടി, മോഡല്‍ കൂടിയാണ്. തുളു സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്. ഉദയം എന്‍എച്ച്4, ഒരു കണ്ണിയും മൂന്ന് കാലവാണികളും, ഇന്ദ്രജിത്ത് തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. പുതുമുഖ നായകനൊപ്പമുള്ള നാന്‍ താന്‍ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.
https://www.facebook.com/Malayalivartha