റാങ്കിംഗില്‍ ജഡേജക്ക് വന്‍ മുന്നേറ്റം; ധവാന്‍ 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി

രവീന്ദ്ര ജഡേജയ്‌ക്ക് ഏകദിന റാങ്കിംഗില്‍ കരിയറിലെ മികച്ച നേട്ടം. ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ജഡേജ മൂന്നേറി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും ജഡേജ മൂന്നാം സ്ഥാനത്താണ്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ജഡേജയക്ക് തുണയായത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ 12 വിക്കറ്റുകള്‍ നേടിയ ജഡേജ ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബോള്‍ നേടിയിരുന്നു. ബാറ്റിംഗില്‍ മൂന്നു സ്ഥാനങ്ങള്‍ കയറിയ ജഡേജ പന്ത്രണ്ടാം സ്ഥാനത്താണ്. ഇന്ത്യയുടെ പുതിയ ഓപ്പണര്‍ ബാറ്റ്‌സ്‌മാന്‍ ശിഖര്‍ ധവാന്‍ 21 സ്ഥാനങ്ങള്‍ മുന്നോട്ടു കയറി 29ാം സ്ഥാനത്തെത്തി. ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനം തന്നെയാണ് ധവാനും റാങ്കിംഗില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായകമായത്.
നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ നില കൂടുതല്‍ സുരക്ഷിതമാക്കി. ഇന്ത്യക്ക് ഇപ്പോള്‍ 123 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനേക്കാള്‍ പത്തു പോയിന്റ് മുന്നിലാണ് ഇന്ത്യയിപ്പോള്‍. 113 പോയിന്റാണ് ഇംഗ്ലണ്ടിന്. നേരിയ വ്യത്യാസത്തില്‍ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്. ബൗളര്‍മാരുടെ പട്ടികയില്‍ വെസ്‌റ്റിന്‍ഡീസിന്റെ സുനില്‍ നരേനാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാന്‍ സ്‌പിന്നര്‍ സയീദ് അജ്‌മല്‍ ആണ്. ഇന്ത്യന്‍ ഓഫ് സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ഭുവനേശ്വര്‍ കുമാര്‍ (49), ഇഷാന്ത് ശര്‍മ്മ (51) എന്നിവരും നില മെച്ചപ്പെടുത്തി.
ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സ്, ഹാഷിം അംല എന്നിവരാണ് ബാറ്റ്‌സ്‌മാന്‍മാരില്‍ ഒന്നും രണ്ടും സ്ഥാനത്ത്. ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്താണ്. ഒരു സ്ഥാനം താഴോട്ടിറങ്ങിയ ധോണി അഞ്ചാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha