ഐ പി എല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈയ്ക്കും, കിംഗ്‌സ് ഇലവനെതിരെ ചെന്നൈയ്ക്കും ജയം

പഞ്ചാബിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം ചെന്നൈയുടെ 'വയസ്സന്‍പട' അനായാസം മറികടന്നു, ഫാഫ് ഡുപ്ലേസി (53 പന്തില്‍ 87), ഷെയ്ന്‍ വാട്‌സന്‍ (53 പന്തില്‍ 83) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനത്തിലാണ് 2.2 ഓവറുകള്‍ ബാക്കി നില്‍ക്കെ, ഒരു വിക്കറ്റ് പോലും വീഴാതെ. പഞ്ചാബിന്റെ രാജാക്കന്‍മാരെ ചെന്നൈ കെട്ടുകെട്ടിച്ചത്. 2020 ഐപിഎല്ലില്‍ ദുബായില്‍ രണ്ടാമത് ബാറ്റ് ചെയ്ത് വിജയിച്ച ആദ്യത്തെ ടീമും ചെന്നൈയാണ്. ഐപിഎല്ലിലെ പത്ത് വിക്കറ്റ് വിജയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണ് ചെന്നൈ താരങ്ങള്‍ ഇന്നു കെട്ടിപ്പടുത്തത്. ജയത്തോടെ അവസാന സ്ഥാനക്കാരായിരുന്ന ചെന്നൈ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെ അര്‍ധ സെഞ്ചുറി (52 പന്തില്‍ 63) പ്രകടനത്തിന്റെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളും കെ.എല്‍. രാഹുലും ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 19 പന്തില്‍ 26 റണ്‍സെടുത്താണ് മായങ്ക് മടങ്ങിയത്. പിയൂഷ് ചൗളയുടെ പന്തില്‍ ടോം കറന് ക്യാച്ച് നല്‍കിയായിരുന്നു പുറത്താകല്‍. പിന്നാലെയെത്തിയ മന്‍ദീപ് സിങ്ങ് 16 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സ് ഉള്‍പ്പെടെ 27 റണ്‍സെടുത്തു. സ്‌കോര്‍ 94-ല്‍ നില്‍ക്കെ ജഡേജയാണ് മന്‍ദീപിനെ പുറത്താക്കിയത്. 46 പന്തില്‍നിന്ന് കെ.എല്‍. രാഹുല്‍ അര്‍ധസെഞ്ചുറി തികച്ചു. നിക്കോളാസ് പുരാനും മികച്ച പിന്തുണ നല്‍കിയതോടെ പഞ്ചാബ് സ്‌കോര്‍ 150 പിന്നിട്ടു.
പുരാനെയെ ജഡേജയുടെ കൈകളിലെത്തിച്ച് ഷാര്‍ദൂല്‍ താക്കൂര്‍ പഞ്ചാബിന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി. ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കും മുന്‍പേ കെ.എല്‍. രാഹുലും മടങ്ങി. താക്കൂറിന്റെ തന്നെ പന്തില്‍ ധോണി ക്യാച്ചെടുത്താണ് രാഹുലിന്റെ പുറത്താകല്‍. 52 പന്തുകള്‍ നേരിട്ട താരം 63 റണ്‍സെടുത്തു. ഗ്ലെന്‍ മാക്‌സ്വെല്ലും (ഏഴ് പന്തില്‍ 11), സര്‍ഫറാസ് ഖാനും (ഒന്‍പത് പന്തില്‍ 14) പുറത്താകാതെനിന്നു. ചെന്നൈയ്ക്കു വേണ്ടി ഷാര്‍ദൂല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ, പിയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
പഞ്ചാബിനെതിരെ ഫാഫ് ഡുപ്ലേസി- ഷെയ്ന്‍ വാട്‌സന്‍ സഖ്യം ബൗണ്ടറികള്‍ അടിച്ചുകൂട്ടി 181 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഇരു താരങ്ങളും അര്‍ധ സെഞ്ചുറി നേടി. വാട്‌സന്‍ 31 പന്തുകളില്‍നിന്നും ഡുപ്ലേസി 33 പന്തുകളില്‍നിന്നും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. പഞ്ചാബ് ക്യാപ്റ്റന്‍ രാഹുല്‍ സകല തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും ചെന്നൈയുടെ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ അവര്‍ക്കു സാധിച്ചില്ല. 17.4 ഓവറില്‍ പഞ്ചാബ് ഉയര്‍ത്തിയ വിജയലക്ഷ്യം ചെന്നൈ മറികടന്നു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 34 റണ്‍സ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ അര്‍ധ സെഞ്ചുറി (44 പന്തില്‍ 60) നേടി. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നും ജയിച്ച മുംബൈയ്ക്ക് നിലവില്‍ ആറ് പോയിന്റുണ്ട്.
https://www.facebook.com/Malayalivartha