ഐ പി എല്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 57 റണ്‍സ് ജയം, പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ മുംബൈ ഒന്നാം സ്ഥാനത്ത്

ഇന്നലെ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 194 റണ്‍സിനു മറുപടിയായി ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 18.1 ഓവറില്‍ 136 റണ്‍സിന് പുറത്തായി. മുംബൈയ്ക്ക് 57 റണ്‍സ് ജയം. ജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ ഒന്നാം സ്ഥാനത്തെത്തി.
രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ യശ്വസി ജയ്സ്വാള്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി. രണ്ടാം ഓവറില്‍, ആറു റണ്‍സ് മാത്രമെടുത്ത സ്മിത്തും പുറത്തായി. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ഡി കോക്കിന് ക്യാച്ച്. മൂന്നാം ഓവറില്‍ സഞ്ജു സാംസനും പവലിയനിലേക്ക് മടങ്ങി. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ സഞ്ജുവിന്റെ ഷോട്ട് രോഹിത് ശര്‍മയുടെ കൈകളിലൊതുങ്ങി. മൂന്നു ബോളുകള്‍ നേരിട്ട സഞ്ജു റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സ്.
ബാറ്റിംഗിലെ മോശം തുടക്കം രാജസ്ഥാനെ പരുങ്ങലിലാക്കി. വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കുക, അതേസമയം സ്‌കോര്‍ ഉയര്‍ത്തുക എന്നീ ഉത്തരവാദിത്വങ്ങള്‍ ജോസ് ബട്‌ലര്‍ - മഹിപാല്‍ ലോംറോര്‍ കൂട്ടുകെട്ടിനെ സമര്‍ദ്ദത്തിലാഴ്ത്തി. ടീം സ്‌കോര്‍ 42-ല്‍ എത്തിനില്‍ക്കെ മഹിപാല്‍ ലോംറോറും മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയത് ടോം കറന്‍. ഒന്‍പതാം ഓവറില്‍ രാജസ്ഥാന്‍ സ്‌കോര്‍ 50 കടന്നു. 11 ാം ഓവറില്‍ സിക്‌സര്‍ പറത്തി ജോസ് ബട്‌ലര്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 14-ാം ഓവറില്‍ ജെയിംസ് പാറ്റിന്‍സനെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തില്‍ ബട്‌ലറുടെ ഇന്നിങ്‌സ് അവസാനിച്ചു. 44 പന്തില്‍ അഞ്ച് സിക്‌സും നാലു ഫോറുമുള്‍പ്പടെ 70 റണ്‍സാണ് ബട്‌ലര്‍ നേടിയത്. അപ്പോള്‍ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ്.
കീറോണ്‍ പൊള്ളാര്‍ഡ് എറിഞ്ഞ 15-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ ക്യാച്ചെടുത്ത് ടോം കറനെ (15) മടക്കി. പിന്നാലെ കാര്യമായൊന്നും ചെയ്യാനാവാതെ രാഹുല്‍ തെവാത്തിയയും (5 റണ്‍സ്) ഒരു റണ്ണെടുത്ത ശ്രേയസ് ഗോപാലും മടങ്ങി. തുടര്‍ന്ന് ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ (18 റണ്‍സ്) പുറത്തായി. ജെയിംസ് പാറ്റിന്‍സന്റെ പന്തില്‍ രോഹിത് ശര്‍മയ്ക്കു ക്യാച്ച് നല്‍കി അങ്കിത് രാജ്പുത്ത് (2 റണ്‍സ്) കൂടി മടങ്ങിയതോടെ രാജസ്ഥാന്‍ 18.1 ഓവറില്‍ 136 റണ്‍സിന് എല്ലാവരും പുറത്തായി. റണ്ണൊന്നുമെടുക്കാതെ കാര്‍ത്തിക് ത്യാഗി പുറത്താകാതെ നിന്നു.
ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി ക്വിന്റന്‍ ഡി കോക്ക് നിലപാട് വ്യക്തമാക്കി. ബോളര്‍മാരെ കടന്നാക്രമിച്ച് ഡി കോക്കും രോഹിത് ശര്‍മയും മുന്നേറിയതോടെ മുംബൈ സ്‌കോര്‍ അതിവേഗം കുതിച്ചു. ഇതിനിടെ കാര്‍ത്തിക് ത്യാഗിയെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെ 15 പന്തില്‍ ഒരു സിക്‌സും മൂന്നു ഫോറുമുള്‍പ്പെടെ 23 റണ്‍സ് നേടി ഡി കോക്ക് പുറത്തായി. ഓവറിലെ അവസാന പന്തില്‍ മുംബൈ സ്‌കോര്‍ 50 കടന്നു. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവ് വൈകാതെ പന്തുകള്‍ അതിര്‍ത്തി കടത്തിത്തുടങ്ങി. 10 ാം ഓവറില്‍ ശ്രേയസ് ഗോപാലിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (35) പുറത്തായി. തുടര്‍ന്നെത്തിയ ഇഷാന്‍ കിഷന്‍ തൊട്ടടുത്ത പന്തില്‍ തന്നെ കൂറ്റന്‍ ഷോട്ടിനു മുതിര്‍ന്നു പുറത്തായി. ആ ഓവറില്‍ രണ്ടു റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ശ്രേയസ് ഗോപാല്‍ രണ്ടു നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയത്.
അടുത്തടുത്ത പന്തുകളില്‍ രണ്ട് വിക്കറ്റ് വീണതോടെ മുംബൈയുടെ സ്‌കോറിങ് റേറ്റ് കുറഞ്ഞു. മോശം പന്തുകളെ അതിര്‍ത്തി കടത്തി സ്‌കോര്‍ ഉയര്‍ത്താനായി സൂര്യകുമാര്‍ യാദവ് - ക്രുനാല്‍ പാണ്ഡ്യ കൂട്ടുകെട്ടിന്റെ ശ്രമം. 14-ാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യയുടെ ഷോട്ട് ശ്രേയസ് ഗോപാലിന്റെ കൈകളിലെത്തിച്ചു ജോഫ്ര ആര്‍ച്ചര്‍. സൂര്യകുമാര്‍ യാദവിനു കൂട്ടായി ഹാര്‍ദിക് പാണ്ഡ്യ എത്തി. അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും കടന്നാക്രമണമാണ് കണ്ടത്. 47 പന്തില്‍ രണ്ടു സിക്‌സും 11 ഫോറുമുള്‍പ്പെടെ പുറത്താകാതെ 79 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 18 പന്തില്‍ 30 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ ഇരുവരും തകര്‍ത്തടിച്ചതോടെ മുംബൈ 20 ഓവറില്‍ 193 റണ്‍സുമായി ഇന്നിങ്‌സ് അവസാനിപ്പിച്ചു.
രാജസ്ഥാനു വേണ്ടി ശ്രേയസ് ഗോപാല്‍ രണ്ടും ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ബുമ്ര നാലു വിക്കറ്റും ട്രെന്റ് ബോള്‍ട്ട്, ജെയിംസ് പാറ്റിന്‍സന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും രാഹുല്‍ ചാഹര്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
https://www.facebook.com/Malayalivartha