ഐ പി എല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 10 റണ്‍സ് ജയം

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്കു വേണ്ടി സുനില്‍ നരെയ്‌നു പകരം ശുഭ്മാന്‍ ഗില്ലിനൊപ്പം രാഹുല്‍ ത്രിപാഠിയാണ് ഓപ്പണിങ്ങിന് ഇറങ്ങിയത്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ടോസ് നേടി കൊല്‍ക്കത്ത ബാറ്റിങ് തിരഞ്ഞെടുത്തത്.
ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ത്രിപാഠി മാത്രമാണ് (51 പന്തില്‍ മൂന്നു സിക്‌സും എട്ടു ഫോറുമുള്‍പ്പെടെ 81 റണ്‍സ് നേടിയ) കൊല്‍ക്കത്ത നിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. ത്രിപാഠി വമ്പന്‍ ഷോട്ടുകള്‍ക്കു മുതിര്‍ന്നപ്പോള്‍ സിംഗളുകളെടുത്ത് ഗില്‍ ബാറ്റിങ് കൈമാറിക്കൊണ്ടിരുന്നു. ഷാര്‍ദൂല്‍ താക്കൂര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ വിക്കറ്റിനു പിന്നില്‍ ധോണിയ്ക്കു ക്യാച്ച് നല്‍കി ശുഭ്മാന്‍ ഗില്‍ (12 പന്തില്‍ 11 റണ്‍സ്) പുറത്തായി. നിതീഷ് റാണ് ത്രിപാഠിയ്ക്ക് കൂട്ടായി എത്തി. ആറാം ഓവറില്‍ കൊല്‍ക്കത്ത 50 റണ്‍സ് പിന്നിട്ടു. കരണ്‍ ശര്‍മ എറിഞ്ഞ ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ നിതീഷ് റാണയുടെ (9 റണ്‍സ്) ഷോട്ട് രവീന്ദ്ര ജഡേജയുടെ കൈകളിലൊതുങ്ങി.
31 പന്തില്‍ രണ്ടു സിക്‌സും ആറു ഫോറുമുള്‍പ്പെടെ ത്രിപാഠി അര്‍ധശതകം തികച്ചു. കരണ്‍ ശര്‍മ എറിഞ്ഞ 11-ാം ഓവറിലെ അവസാന പന്തില്‍ സിക്‌സറിനു മുതിര്‍ന്ന സുനില്‍ നരെയ്ന്‍ (9 പന്തില്‍ 17 റണ്‍സ്) പുറത്തായി. ബൗണ്ടറി ലൈനില്‍ രവീന്ദ്ര ജഡേജയുടെ അത്യുജ്വല ക്യാച്ച്. തുടര്‍ന്നെത്തിയ ഒയിന്‍ മോര്‍ഗന്റെ ബൗണ്ടറിയോടെ 12 ാം ഓവറില്‍ കൊല്‍ക്കത്ത സ്‌കോര്‍ 100 കടന്നു. വൈകാതെ സാം കറന്റെ പന്തില്‍ ധോണിയ്ക്കു ക്യാച്ച് നല്‍കി ഒയിന്‍ മോര്‍ഗന്‍ (10 പന്തില്‍ 7 റണ്‍സ്) മടങ്ങി. പിന്നാലെയെത്തിയ ആന്ദ്രെ റസ്സല്‍ (4 പന്തില്‍ 2 റണ്‍സ്) ഷാര്‍ദൂല്‍ താക്കൂറിന്റെ പന്തില്‍ ധോണിയ്ക്കു ക്യാച്ച് നല്‍കി മടങ്ങി. രാഹുല്‍ ത്രിപാഠിക്ക് കൂട്ടായി എത്തിയത് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക്. വൈകാതെ കൊല്‍ക്കത്തയെ ഞെട്ടിച്ച് രാഹുല്‍ ത്രിപാഠിയും (51 പന്തില്‍ 81 റണ്‍സ്) പവലിയനിലേക്കു മടങ്ങി. ഡ്വെയ്ന്‍ ബ്രാവോയുടെ പന്തില്‍ ഷെയ്ന്‍ വാട്‌സന് ക്യാച്ച്.
പാറ്റ് കമ്മിന്‍സ് വമ്പന്‍ ഷോട്ടുകളിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. 19-ാം ഓവറില്‍ കാര്‍ത്തിക്ക് (11 പന്തില്‍ 12 റണ്‍സ്) മടങ്ങി. സാം കറന്റെ പന്തില്‍ ഷാര്‍ദൂല്‍ താക്കൂറിനു ക്യാച്ച്. കംലേഷ് നാഗര്‍കോട്ടി (പൂജ്യം) ഡ്വെയ്ന്‍ ബ്രാവോയുടെ പന്തില്‍ ഫാഫ് ഡുപ്ലേസിക്കു ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ ശിവം മാവിയും (പൂജ്യം) ഡ്വെയ്ന്‍ ബ്രാവോയുടെ പന്തില്‍ ധോണിയുടെ കയ്യിലൊതുങ്ങി. അവസാന പന്തില്‍ വരുണ്‍ ചക്രവര്‍ത്തി (1) റണ്ണൗട്ടായി. കൊല്‍ക്കത്ത 167 റണ്‍സിന് ഓള്‍ഔട്ട്. പാറ്റ് കമ്മിന്‍സ് 9 പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. ചെന്നൈയ്ക്കു വേണ്ടി ഡ്വെയ്ന്‍ ബ്രാവോ 3 വിക്കറ്റും കാണ്‍ ശര്‍മ, ഷാര്‍ദൂല്‍ താക്കൂര്‍, സാം കറന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.
168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ചെന്നൈ വമ്പന്‍ ഷോട്ടുകള്‍ക്കു മുതിര്‍ന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്‌കോറിങ് ഉയര്‍ത്തുകയെന്നതില്‍ ശ്രദ്ധവച്ചു. എന്നാല്‍ നാലാം ഓവറില്‍ ഡുപ്ലേസി (10 പന്തില്‍ 17 റണ്‍സ്) പുറത്തായി. ശിവം മാവിയുടെ പന്തില്‍ വിക്കറ്റിനു പിന്നില്‍ ദിനേഷ് കാര്‍ത്തിക്കിനു ക്യാച്ച്. ആറാം ഓവറില്‍ ചെന്നൈ 50 റണ്‍സ് പൂര്‍ത്തിയാക്കി. തുടക്കത്തില്‍ വലിയ ഷോട്ടുകള്‍ക്കു മുതിരാതിരുന്ന ഷെയ്ന്‍ വാട്‌സനും അമ്പാട്ടി റായുഡുവും പതിയെ ആക്രമിച്ചുതുടങ്ങി. വൈകാതെ വാട്‌സന്‍ റായുഡു കൂട്ടുകെട്ട് 50 റണ്‍സ് പിന്നിട്ടു. 13-ാം ഓവറില്‍ കംലേഷ് നാഗര്‍കോട്ടിക്ക് വിക്കറ്റ് സമ്മാനിച്ച് റായുഡു (27 പന്തില്‍ 30 റണ്‍സ്) മടങ്ങി.
പിന്നീടെത്തിയത് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ്. ഇതേ ഓവറില്‍ ചെന്നൈ സ്‌കോര്‍ 100 കടന്നു. തൊട്ടുപിന്നാലെ വാട്‌സന്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 14 ാം ഓവറിലെ ആദ്യ പന്തില്‍ ഷെയ്ന്‍ വാട്‌സനെ സുനില്‍ നരെയ്ന്‍ എല്‍ ബി ഡബ്‌ളിയുവില്‍ കുരുക്കി. 40 പന്തില്‍ ഒരു സിക്‌സും ആറു ഫോറുമുള്‍പ്പെടെ 50 റണ്‍സുമായാണ് വാട്‌സന്‍ മടങ്ങിയത്. രണ്ടു വിക്കറ്റുകള്‍ തുടരെ വീണതോടെ ധോണിയും സാം കറനും സാഹസത്തിനു മുതിരാതെ മോശം പന്തുകളെ അതിര്‍ത്തി പായിച്ചു സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ 12 പന്തില്‍ 11 റണ്‍സെടുത്ത ധോണിയെ വരുണ്‍ ചക്രവര്‍ത്തി ബൗള്‍ഡാക്കി. ആന്ദ്രെ റസ്സലിന്റെ പന്തില്‍ ഒയിന്‍ മോര്‍ഗനു ക്യാച്ച് നല്‍കി സാം കറനും (11 പന്തില്‍ 17 റണ്‍സ്) മടങ്ങി.
തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതിനെ തുടര്‍ന്ന് റണ്‍സ് റേറ്റ് ഉയര്‍ന്നതോടെ ചെന്നൈ പരുങ്ങലിലായി. അവസാന ഓവറില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 26 റണ്‍സ്. ആന്ദ്രെ റസ്സല്‍ എറിഞ്ഞ അവസാന ഓവറില്‍ പക്ഷെ ചെന്നൈയ്ക്ക് രണ്ടു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 15 റണ്‍സേ നേടാനായുള്ളു. മികച്ച തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 10 റണ്‍സ് ജയം.
രവീന്ദ്ര ജഡേജ 8 പന്തില്‍ 21 റണ്‍സോടെയും കേദാര്‍ ജാദവ് 12 പന്തില്‍ 7 റണ്‍സോടെയും പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കു വേണ്ടി സുനില്‍ നരെയ്ന്‍, കംലേഷ് നാഗര്‍കോട്ടി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
https://www.facebook.com/Malayalivartha