ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം, തുടര്‍ച്ചയായ മൂന്നാം ജയത്തോട ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമത്

ടോസ് നേടിയ രാജസ്ഥാന്‍ ഡല്‍ഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 184 റണ്‍സാണ് നേടിയത്. രണ്ടാം ഓവറില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ (നാല് പന്തില്‍ അഞ്ച്) വീഴ്ത്തി ആര്‍ച്ചറാണ് രാജസ്ഥാന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഓവറിന്റെ മൂന്നാം പന്തില്‍ യശ്വസി ജയ്സ്വാളിന്റെ കൈകളില്‍ പന്തെത്തിച്ചാണ് ആര്‍ച്ചര്‍ ധവാനെ മടക്കിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഡല്‍ഹിക്ക് വിക്കറ്റുകള്‍ നഷ്ടമായി.
10 പന്തില്‍ 19 റണ്‍സ് നേടിയ പൃഥി ഷാ ആര്‍ച്ചറിന്റെ തൊട്ടടുത്ത ഓവറില്‍ പുറത്തായി. ഉയര്‍ത്തിയടിച്ച പന്ത് ആര്‍ച്ചര്‍ തന്നെ ക്യാച്ചെടുക്കുകയായിരുന്നു. പിന്നീട് ഋഷഭ് പന്തുമായി ചേര്‍ന്ന് നായകന്‍ ശ്രേയസ് അയ്യര്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും ജയ്സ്വാളിന്റെ ഉജ്വല ത്രോയില്‍ അയ്യരും (18 പന്തില്‍ 22) പവലിയനിലേക്ക് മടങ്ങി. 10-ാം ഓവറില്‍ തെവാത്തിയയുടെ ത്രോയില്‍ വരുണ്‍ ആരോണ്‍ പന്തിനെ (9 പന്തില്‍ 5) പുറത്താക്കി.
പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസും ഷിമ്രോണ്‍ ഹെറ്റ്മയറും ചേര്‍ന്നാണ് ഇഴഞ്ഞുനീങ്ങിയ ഡല്‍ഹി ഇന്നിങ്‌സിന് അല്‍പമെങ്കിലും ജീവന്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14-ാം ഓവറില്‍ രാഹുല്‍ തെവാത്തിയയുടെ പന്തില്‍ സ്റ്റീവന്‍ സ്മിത്ത് ക്യാച്ചെടുത്താണ് സ്റ്റോയിനിസ് (30 പന്തില്‍ 39) പുറത്തായത്. തകര്‍ത്തടിച്ച ഹെറ്റ്മയറിനെ (24 പന്തില്‍ 45) കാര്‍ത്തിക് ത്യാഗിയും പുറത്താക്കി. ഹര്‍ഷല്‍ പട്ടേല്‍ (15 പന്തില്‍ 16), അക്‌സര്‍ പട്ടേല്‍ (8 പന്തില്‍ 16) എന്നിവരെ യഥാക്രമം ആര്‍ച്ചറും ആന്‍ഡ്രൂ ടൈയും പുറത്താക്കി. കഗിസോ റബാദ (മൂന്നു പന്തില്‍ രണ്ട്), ആര്‍.അശ്വിന്‍ (പൂജ്യം) എന്നിവര്‍ പുറത്താകാതെ നിന്നു. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 184 റണ്‍സാണെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ആദ്യം നഷ്ടമായത് കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ഓപ്പണര്‍ ജോസ് ബട്ലറുടെ (8 പന്തില്‍ 13) വിക്കറ്റാണ്. മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ അശ്വിന്‍ ബട്ലറിനെ ശിഖര്‍ ധവാന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (17 പന്തില്‍ 24), യശ്വസി ജയ്സ്വാള്‍ (36 പന്തില്‍ 34) എന്നിവര്‍ ഒരു ബാറ്റിംഗ്് കൂട്ടുകെട്ടിന് ശ്രമിച്ചു. എന്നാല്‍ 9-ാം ഓവറില്‍ സ്മിത്ത് പുറത്തായി. പിന്നീടെത്തിയ സഞ്ജു സാംസാണ്‍ വീണ്ടും നിരാശപ്പെടുത്തി. നേരത്തെ ഷാര്‍ജയില്‍ നടന്ന രണ്ടു മത്സരങ്ങളിലും രാജസ്ഥാന്റെ ടോപ് സ്‌കോററായ സഞ്ജു ഇത്തവണ 9 പന്തില്‍ 5 റണ്‍സുമായി മടങ്ങി. സ്റ്റോയിനിസിനാണ് വിക്കറ്റ്.
മഹിപാല്‍ ലോംറോര്‍, ജയ്സ്വാള്‍ എന്നിവര്‍ പിന്നീട് പുറത്തായി. രാജസ്ഥാനായി ആദ്യമായി പാഡണിഞ്ഞ ആന്‍ഡ്രൂ ടൈ (6 പന്തില്‍ 6), ജോഫ്ര ആര്‍ച്ചര്‍ (4 പന്തില്‍ 2) എന്നിവരും കാര്യമായ സംഭാവനകള്‍ നല്‍കാതെ പവലിയനിലേക്ക് മടങ്ങി. 18-ാം ഓവറില്‍ ഹെറ്റ്മയറുടെ ഉഗ്രന്‍ ക്യാച്ചിലൂടെ ശ്രേയസ് ഗോപാലും (2 പന്തില്‍ 2) പുറത്തായി. രാഹുല്‍ തെവാത്തിയ (29 പന്തില്‍ 38) പൊരുതിയെങ്കിലും 19-ാം ഓവറില്‍ പുറത്തായി. കാര്‍ത്തിക് ത്യാഗി (3 പന്തില്‍ പുറത്താകാതെ 2), വരുണ്‍ ആരോണ്‍ (2 പന്തില്‍ 1) എന്നിങ്ങനെയാണ് മറ്റു ഡല്‍ഹി ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകള്‍.
ഡല്‍ഹിക്കായി പന്തെറിഞ്ഞ എല്ലാ ബോളര്‍മാരും വിക്കറ്റ് നേടി. കഗിസോ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി. അശ്വിന്‍, സ്റ്റോയിനിസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും അന്റിക് നോര്‍ജെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ, മൂന്നു വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറുടെ ബലത്തിലാണ് റണ്ണൊഴുകുന്ന ഷാര്‍ജയിലെ പിച്ചില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ രാജസ്ഥാന്‍ 184 റണ്‍സില്‍ ഒതുക്കിയത്. തുടര്‍ച്ചയായ മൂന്നാം ജയത്തോട ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമതായി.
https://www.facebook.com/Malayalivartha