ഐപിഎല്‍ ക്വാളിഫയര്‍ 1 : നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലിലേക്ക്

കന്നി ഐപിഎല്‍ ഫൈനലെന്ന ഡല്‍ഹിയുടെ സ്വപ്നങ്ങള്‍ രണ്ടാം ക്വാളിഫയറിലേക്ക് നീട്ടി നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലിലേക്ക്. തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ 57 റണ്‍സിനാണ് മുംബൈയുടെ വിജയം. ഇനി, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എലിമിനേറ്ററിലെ വിജയികളുമായി ഞായറാഴ്ചയാണ് ഡല്‍ഹിയുടെ രണ്ടാം ക്വാളിഫയര്‍ പോരാട്ടം.
മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡല്‍ഹി അക്കൗണ്ട് തുറക്കും മുന്‍പേ ഓപ്പണര്‍മാരായ പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ എന്നിവര്‍ ആദ്യ എട്ടുപന്തിനുള്ളില്‍ പവലിയനിലേക്ക് മടങ്ങി. പിന്നാലെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (12 റണ്‍സ്), ഋഷഭ് പന്തും (3 റണ്‍സ്) കൂടി മടങ്ങി ഡല്‍ഹി 5 വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് എന്ന നിലയിലായതോടെ, ഡല്‍ഹി എത്ര ഓവര്‍ പിടിച്ചുനില്‍ക്കുമെന്നു പോലും സംശയമുയര്‍ന്നു.
എന്നാല്‍ മാര്‍ക്കസ് സ്റ്റോയ്‌നിസ്- അക്‌സര്‍ പട്ടേല്‍ സഖ്യം മുംബൈ ബോളര്‍മാര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടു. വൈകാതെ സ്റ്റോയ്‌നിസ് അര്‍ധശതകം തികച്ചു. 15 ാം ഓവറില്‍ അക്‌സര്‍ പട്ടേലിന്റെ സിക്‌സറോടെ ഡല്‍ഹി സ്‌കോര്‍ 100 കടന്നു. മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയ ഡല്‍ഹി, മാര്‍ക്കസ് സ്റ്റോയ്‌നിസ് - അക്‌സര്‍ പട്ടേല്‍ സഖ്യത്തിന്റെ ബാറ്റിങ് മികവില്‍ കുതിച്ചു.
16-ാം ഓവറില്‍, 46 പന്തില്‍ മൂന്നു സിക്‌സും ആറു ഫോറുമുള്‍പ്പെടെ 65 റണ്‍സെടുത്ത സ്റ്റോയ്‌നിസിനെ ബൗള്‍ഡാക്കിയ ബുമ്ര, മൂന്നാം പന്തില്‍ ഡാനിയല്‍ സാംസിനെ (പൂജ്യം) ക്വിന്റന്‍ ഡികോക്കിന്റെ കൈകളിലെത്തിച്ചതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ തകര്‍ന്നു. നാല് ഓവര്‍ ബോളിങ് പൂര്‍ത്തിയാക്കിയ ബുമ്ര 14 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുകളാണ് പിഴുതത്. അവസാന ഓവറില്‍ അക്‌സര്‍ പട്ടേലും (33 പന്തില്‍ 42 റണ്‍സ്) കീറണ്‍ പൊള്ളാര്‍ഡിനു വിക്കറ്റ് നല്‍കി മടങ്ങി. തുടരെ വിക്കറ്റുകള്‍ വീണതോടെ തളര്‍ന്ന ഡല്‍ഹിയുടെ ഇന്നിങ്‌സ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സില്‍ അവസാനിച്ചു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 200 റണ്‍സ് നേടിയത്. തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 30 പന്തുകള്‍ നേരിട്ട കിഷന്‍, നാലു ഫോറും മൂന്നു സിക്‌സും സഹിതം 55 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്നിങ്‌സിലെ അവസാന പന്ത് സിക്‌സര്‍ പറത്തിയാണ് കിഷന്‍ അര്‍ധസെഞ്ചുറി തികച്ചതും മുംബൈ സ്‌കോര്‍ 200-ല്‍ എത്തിച്ചതും. സൂര്യകുമാര്‍ യാദവും അര്‍ധസെഞ്ചുറി നേടി. 38 പന്തു നേരിട്ട യാദവ് ആറു ഫോറും രണ്ടു സിക്‌സും സഹിതം 51 റണ്‍സെടുത്തു.
ഡികോക്ക് (25 പന്തില്‍ 40), ഹാര്‍ദിക് പാണ്ഡ്യ (14 പന്തില്‍ പുറത്താകാതെ 37) എന്നിവരും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. ക്രുനാല്‍ പാണ്ഡ്യ 10 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. 17-ാം ഓവറിന്റെ ആദ്യ പന്തില്‍ ക്രുനാല്‍ പാണ്ഡ്യ പുറത്തായപ്പോള്‍ ക്രീസിലെത്തിയ ഹാര്‍ദിക് ഹാട്രിക് സിക്‌സ് സഹിതമാണ് 14 പന്തില്‍ 37 റണ്‍സടിച്ചത്. പിരിയാത്ത ആറാം വിക്കറ്റില്‍ വെറും 23 പന്തില്‍നിന്ന് പാണ്ഡ്യ-കിഷന്‍ കൂട്ടുകെട്ട് നേടിയത് 60 റണ്‍സാണ്! ഡല്‍ഹിയ്ക്കു വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ മൂന്നു വിക്കറ്റും, ആന്റിച് നോര്‍ജെ, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
https://www.facebook.com/Malayalivartha