ഐപിഎല്‍: കെയ്ന്‍ വില്യംസന്റെ മികവില്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറിലേക്ക്

ന്യൂസീലന്‍ഡ് താരം കെയ്ന്‍ വില്യംസന്റെ മികവില്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറിലേക്ക്. 44 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം 50 റണ്‍സുമായി പുറത്താകാതെ നിന്ന വില്യംസനാണ് മാന്‍ ഓഫ് ദ മാച്ച്. ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് സണ്‍റൈസേഴ്‌സിന്റെ എതിരാളികള്‍.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദ്, അവസാന ഓവറോളം നീണ്ട ആകാംക്ഷയ്ക്കൊടുവിലാണ് വിജയം കുറിച്ചത്. മൂന്നു വിക്കറ്റെടുത്ത് ബോളിങ്ങില്‍ ഹൈദരാബാദിന്റെ കുന്തമുനയായി മാറിയ ജെയ്‌സന്‍ ഹോള്‍ഡര്‍, ബാറ്റിങ്ങിലും കരുത്തുകാട്ടി. 20 പന്തില്‍ മൂന്നു ഫോറുകളോടെ 24 റണ്‍സുമായി ഹോള്‍ഡറാണ് വിജയത്തിലേക്ക് വില്യംസന് കൂട്ടുനിന്നത്. അവസാന ഓവറില്‍ വിജയത്തിലേക്ക് ഒന്‍പത് റണ്‍സ് വേണ്ടിയിരിക്കെ ഇരട്ട ഫോറോടെ ഹോള്‍ഡറാണ് വിജയറണ്‍ കുറിച്ചത്. 67 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി തകര്‍ച്ചയിലേക്ക് നീങ്ങിയ ഹൈദരാബാദിനെ, പിരിയാത്ത ആറാം വിക്കറ്റില്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് വില്യംസന്‍-ഹോള്‍ഡര്‍ സഖ്യം താങ്ങിയത്.
ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ആദം സാംപ, നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചെഹല്‍ എന്നിവരുടെ ബോളിങ്ങും ശ്രദ്ധേയമായി.
നേരത്തെ, ഹൈദരാബാദ് ബോളര്‍മാര്‍ ജെയ്‌സന്‍ ഹോള്‍ഡറുടെ നേതൃത്വത്തില്‍ ആധിപത്യമുറപ്പിച്ചതോടെ എസ്സ് ആര്‍ എച്ച്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 131 റണ്‍സിലൊതുക്കി. എബി ഡിവില്ലിയേഴ്‌സും (56 റണ്‍സ്) ആരോണ്‍ ഫിഞ്ചുമൊഴികെ (32 റണ്‍സ്) ബാറ്റ്‌സ്മാന്മാരെല്ലാം നിറംമങ്ങിയപ്പോള്‍ ബാംഗ്ലൂര്‍ ഇന്നിങ്‌സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സിലൊതുങ്ങി. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹൈദരാബാദ് ടീമില്‍ പരുക്കേറ്റ വൃദ്ധിമാന്‍ സാഹയ്ക്കു പകരം ശ്രീവത്സ് ഗോസ്വാമി കളത്തിലിറക്കി.
ദേവ്ദത്ത് പടിക്കലിനൊപ്പം ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോലിയെ, ജെയ്‌സന്‍ ഹോള്‍ഡറുടെ ബോളിങ്ങില്‍ വിക്കറ്റ് കീപ്പര്‍ ശ്രീവത്സ് ഗോസ്വാമി ക്യാച്ചെടുത്തു പുറത്താക്കി. കഴിഞ്ഞ കളികളില്‍ മിന്നുന്ന ഫോമിലായിരുന്ന ദേവ്ദത്ത് പടിക്കലും പിന്നാലെ മടങ്ങി. ഒരു റണ്‍ മാത്രമെടുത്ത പടിക്കലിനെ ജെയ്‌സന്‍ ഹോള്‍ഡറുടെ ബോളിങ്ങില്‍ പ്രിയം ഗാര്‍ഗ് ക്യാച്ചെടുക്കുകയായിരുന്നു. ബാറ്റിങ് പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ബാംഗ്ലൂര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ്.
ആരോണ്‍ ഫിഞ്ച് - എബി ഡിവില്ലിയേഴ്‌സ് കൂട്ടുകെട്ടിലായി ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍. ആരോണ്‍ ഫിഞ്ച് വലിയ ഷോട്ടുകള്‍ക്കു മുതിര്‍ന്നപ്പോള്‍ സിംഗിളുകളും ഡബിളും നേടിയാണ് ഡിവില്ലിയേഴ്‌സ് സ്‌കോര്‍ ചലിപ്പിച്ചത്. പത്താം ഓവറില്‍ ബാംഗ്ലൂര്‍ 50 റണ്‍സ് കടന്നു. ഷഹബാസ് നദീം എറിഞ്ഞ 11 ാം ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ (30 പന്തില്‍ 32 റണ്‍സ്)-യും ഫ്രീ ഹിറ്റിയില്‍ സിംഗിളിനു ശ്രമിച്ച മൊയീന്‍ അലിയെ (പൂജ്യം)-യും ബാംഗ്ലൂരിന് നഷ്ടമായി.
വിക്കറ്റുകള്‍ തുടരെ വീണതോടെ താളം കണ്ടെത്താനാവാതെ ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്മാര്‍ വിഷമിച്ചു. ഉജ്വല ബോളിങ്ങും ഫീല്‍ഡിങ്ങുമായി ഹൈദരാബാദ് താരങ്ങള്‍ കളംനിറഞ്ഞു. ബാംഗ്ലൂര്‍ സ്‌കോര്‍ 100 കടന്നതിനു പിന്നാലെ ഡിവില്ലിയേഴ്‌സ് തന്റെ അര്‍ധശതകവും തികച്ചു. ടി. നടരാജന്റെ ബോളിങ്ങില്‍ അബ്ദുല്‍ സമദ് ക്യാച്ചെടുത്ത് വാഷിങ്ടന്‍ സുന്ദര്‍ (5 റണ്‍സ്) പുറത്തായി. പിന്നാലെ ബാംഗ്ലൂരിന്റെ പ്രതീക്ഷയായിരുന്ന എബി ഡിവില്ലിയേഴ്‌സിനെ (43 പന്തില്‍ 56 റണ്‍സ്) നടരാജന്‍ ബൗള്‍ഡാക്കി. അവസാന ഓവറില്‍ രണ്ടു ഫോര്‍ ഉള്‍പ്പെടെ നേടിയ 13 റണ്‍സിന്റെ കൂടി പിന്‍ബലത്തില്‍ ബാംഗ്ലൂര്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സിലൊതുങ്ങി. 10 റണ്‍സോടെ മുഹമ്മദ് സിറാജും 9 റണ്‍സോടെ നവ്ദീപ് സെയ്‌നിയും പുറത്താകാതെ നിന്നു.
120 പന്തില്‍ 132 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യ ഓവറില്‍ തന്നെ ശ്രീവത്സ് ഗോസ്വാമിയെ (പൂജ്യം) നഷ്ടമായി. തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ക്കു കൂട്ടായി എത്തിയ മനീഷ് പാണ്ഡെ ആക്രമണത്തിന്റെ ചുമതലയേറ്റെടുത്തു. മുഹമ്മദ് സിറാജ് എറിഞ്ഞ ആറാം ഓവറില്‍ ഡിവില്ലിയേഴ്‌സ് ക്യാച്ചെടുത്ത് ഡേവിഡ് വാര്‍ണര്‍ (17 റണ്‍സ്) പുറത്തായി. അംപയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും റിവ്യുവില്‍ പന്ത് ഗ്ലൗസില്‍ തട്ടിയെന്ന് തെളിയുകയായിരുന്നു. എട്ടാം ഓവറില്‍ ഹൈദരാബാദ് 50 റണ്‍സ് തികച്ചു. ഹൈദരാബാദിനെ ആശങ്കയിലാഴ്ത്തി പിന്നാലെ മനീഷ് പാണ്ഡെയും പുറത്തായി. 21 പന്തില്‍ 24 റണ്‍സ് നേടിയ പാണ്ഡെ, ആദം സാംപയുടെ പന്തില്‍ ഡിവില്ലിയേഴ്‌സ് ക്യാച്ചെടുത്തു പുറത്താവുകയായിരുന്നു. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഹൈദരാബാദ് 3 വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ്.
ഹൈദരാബാദിന്റെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതോടെ ബാംഗ്ലൂര്‍ മത്സരത്തിലേക്കു തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി. കളി അവസാന ഓവറുകളിലേക്കു നീങ്ങിയതോടെ പരിമുറുക്കം കൂടി. അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 9 റണ്‍സ്. പിന്നാലെ കെയ്ന്‍ വില്യംസന്‍ അര്‍ധശതകം തികച്ചു. നവ്ദീപ് സെയ്‌നി എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചയായ രണ്ടു ഫോറുകള്‍ ഉള്‍പ്പെടെ അടിച്ച് ഹൈദരാബാദ് രണ്ടു പന്തുകള്‍ ശേഷിക്കെ വിജയം സ്വന്തമാക്കി. 44 പന്തില്‍ 50 റണ്‍സോടെ കെയ്ന്‍ വില്യംസനും 20 പന്തില്‍ 24 റണ്‍സോടെ ജെയ്‌സന്‍ ഹോള്‍ഡറും പുറത്താകാതെ നിന്നു.
https://www.facebook.com/Malayalivartha