ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 17 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി ഫൈനലില്‍

ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെല്ലുവിളി അതിജീവിച്ച ഡല്‍ഹി ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്നു. എലിമിനേറ്റര്‍ കടമ്പ കടന്നെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 17 റണ്‍സിനു തകര്‍ത്താണ് ഡല്‍ഹിയുടെ ഫൈനല്‍ പ്രവേശം. ഡല്‍ഹി ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന്റെ പോരാട്ടം നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സില്‍ അവസാനിച്ചു.
ഐപിഎല്‍ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ കിരീടം ഉന്നമിടുന്ന ഡല്‍ഹിക്ക്, ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. ഒന്നാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതോടെയാണ് ഫൈനല്‍ ഉറപ്പാക്കാന്‍ ഡല്‍ഹിക്ക് രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടിവന്നത്. അന്നത്തെ തോല്‍വിക്ക് മുംബൈയോടു പകരം വീട്ടാനുള്ള അവസരം കൂടിയാണ് ഡല്‍ഹിക്കു മുന്നിലുള്ളത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 189 റണ്‍സെടുത്തത്. ധവാന്‍ 50 പന്തുകള്‍ നേരിട്ട് ആറു ഫോറും രണ്ടു സിക്‌സും സഹിതം 78 റണ്‍സെടുത്തു. ഇതിനിടെ, ധവാന്‍ ഈ സീസണില്‍ 600 റണ്‍സും പിന്നിട്ടു. ഓപ്പണറായിറങ്ങി നിര്‍ണായക സംഭാവന നല്‍കിയ ഓസീസ് താരം മാര്‍ക്കസ് സ്റ്റോയ്‌നിന്റെ ഇന്നിങ്‌സും ഡല്‍ഹിക്ക് കരുത്തായി. 27 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്ത സ്റ്റോയ്‌നിസ്, ധവാനൊപ്പം ചേര്‍ന്ന് ഡല്‍ഹി മോഹിച്ച തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് ഡല്‍ഹി ഇന്നിങ്‌സിന്റെ നട്ടെല്ല്. 50 പന്തില്‍നിന്ന് ഇരുവരും ചേര്‍ന്ന് നേടിയത് 86 റണ്‍സ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (29 പന്തില്‍ ഒരു ഫോര്‍ സഹിതം 21), ഷിംമ്രോണ്‍ ഹെറ്റ്‌മെയര്‍ (22 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 42) എന്നിവരും ഉറച്ച സംഭാവനകള്‍ ഉറപ്പാക്കിയതോടെയാണ് ഡല്‍ഹി മികച്ച സ്‌കോറിലേക്കെത്തിയത്. ഋഷഭ് പന്ത് രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.
ഓപ്പണറായിറങ്ങി 27 പന്തില്‍ 38 റണ്‍സെടുത്ത് ഡല്‍ഹിക്കു മിന്നുന്ന തുടക്കം സമ്മാനിച്ച സ്റ്റോയ്‌നിസ്, മൂന്ന് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. പ്രിയം ഗാര്‍ഗ്, മനീഷ് പാണ്ഡെ, വില്യംസന്‍ എന്നിവരെയാണ് സ്റ്റോയ്‌നിസ് പുറത്താക്കിയത്. കഗീസോ റബാദ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു.
തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഹൈദരാബാദിന്, ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്യംസന്റെ അവസരോചിത ഇന്നിങ്‌സാണ് രക്ഷയായത്. വില്യംസന്‍ 45 പന്തില്‍ അഞ്ച് ഫോറും നാലു സിക്‌സും സഹിതം 67 റണ്‍സെടുത്തു. അബ്ദുല്‍ സമദ് (16 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം 33), മനീഷ് പാണ്ഡെ (14 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 17), പ്രിയം ഗാര്‍ഗ് (12 പന്തില്‍ രണ്ടു സിക്‌സ് സഹിതം 17) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (രണ്ട്), ജെയ്‌സന്‍ ഹോള്‍ഡര്‍ (15 പന്തില്‍ 11), ശ്രീവത്സ് ഗോസ്വാമി (0) റാഷിദ് ഖാന്‍ (ഏഴു പന്തില്‍ 11) എന്നിങ്ങനെയാണ് മറ്റു ഹൈദരാബാദ് താരങ്ങളുടെ പ്രകടനം. ഷഹബാസ് നദീം, സന്ദീപ് ശര്‍മ എന്നിവര്‍ രണ്ടു റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു.
സണ്‍റൈസേഴ്‌സിനായി റാഷിദ് ഖാന്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയും സന്ദീപ് ശര്‍മ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി. ജെയ്‌സന്‍ ഹോള്‍ഡറിന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറില്‍ 50 റണ്‍സ് വഴങ്ങി.
https://www.facebook.com/Malayalivartha