കോലിയുടെ ഒറ്റയാള്‍ പോരാട്ടം ഇന്ത്യയെ രക്ഷപ്പെടുത്തിയില്ല; അവസാന ട്വന്റി 20യില്‍ ഇന്ത്യക്ക് പരാജയം; പരമ്പരയില്‍ ആശ്വാസ വിജയം നേടി ഓസ്‌ട്രേലിയ; സഞ്ജു ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി; മികവ് കാട്ടി നടരാജ്

ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ വീരാട് കോലി തകര്‍ത്തടിച്ചെങ്കിലും അവസാന ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. ഇതോടെ പരമ്പരയില്‍ ആശ്വാസ വിജയം സ്വന്തമാക്കാനും ഓസ്‌ട്രേലിയക്ക് സാധിച്ചു. ഓസ്ട്രേലിയയുടെ 186 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് ആദ്യ ഒവറില്‍ തന്നെ റണ്‍സൊന്നും എടുക്കാതെ കെ.എല്‍ രാഹുല്‍ മടങ്ങിയതോടെ തിരിച്ചടി കിട്ടിയതാണ്. ശിഖര്‍ ധവാന്‍ 28 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 20 റണ്‍സും നേടി. സഞ്ജു സാംസണ്‍ 10 റണ്‍സ് മാത്രം നേടി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുത്തു. മാത്യൂ വെയ്ഡിന്റെ മികവിലാണ് ഓസീസ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 53 പന്തില്‍ നിന്ന് വെയ്ഡ് 80 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ മാക്‌സ് വെല്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തതോടെ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നായകന്‍ ആരോണ്‍ ഫിഞ്ചിനെ പൂജ്യനാക്കി മടക്കി വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടിയത്. ഫിഞ്ചിന് പകരം സ്റ്റീവ് സ്മിത്ത് മാത്യു വെയ്ഡിന് കൂട്ടായെത്തി. സ്മിത്തിനൊപ്പം വെയ്ഡ് തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ ഓസിസ് സ്‌കോര്‍ബോര്‍ഡ് കുതിച്ചു.
സ്മിത്ത് വെയ്ഡിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. എന്നാല്‍ സ്‌കോര്‍ 79-ല്‍ നില്‍ക്കെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി സുന്ദര്‍ വീണ്ടും കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. 23 പന്തുകളില്‍ നിന്നും 24 റണ്‍സെടുത്ത സ്മിത്തിനെ സുന്ദര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്മിത്തിന് പകരമായി വെടിക്കെട്ട് താരം ഗ്ലെന്‍ മാക്സ്വെല്‍ ക്രീസിലെത്തി. വൈകാതെ മാത്യു വെയ്ഡ് അര്‍ധസെഞ്ചുറി സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് അദ്ദേഹം അര്‍ധസെഞ്ചുറി നേടുന്നത്. മാക്സ്വെല്ലിനെ കൂട്ടുപിടിച്ച് വെയ്ഡ് 11.5 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ 112-ല് നില്‍ക്കെ മാക്സ്വെല്ലിനെ ചാഹല്‍ പുറത്താക്കിയെങ്കിലും അമ്പയര്‍ നോബോള്‍ വിധിച്ചു. കിട്ടിയ അവസരം മാക്സ്വെല്‍ നന്നായി ഉപയോഗിച്ചു. തകര്‍പ്പന്‍ അടികളുമായി മാക്സ്വെല്ലും വെയ്ഡും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
17-ാം ഓവറില്‍ മാക്സ്വെല്ലിനെ പുറത്താക്കാനുള്ള അവസരം ദീപക് ചാഹര്‍ നഷ്ടപ്പെടുത്തി. പിന്നാലെ ഒരു പടുകൂറ്റന്‍ സിക്സും നേടി മാക്സ്വെല്‍ സ്‌കോര്‍ 150 കടത്തി. പിന്നാലെ താരം അര്‍ധസെഞ്ചുറിയും നേടി. സ്‌കോര്‍169-ല്‍ നില്‍ക്കെ മാത്യു വെയ്ഡിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഠാക്കൂര്‍ ഓസിസിന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി. പിന്നാലെ മാക്സ്വെല്ലിനെ ക്ലീന്‍ ബൗള്‍ഡാക്കി നടരാജന്‍ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. പക്ഷേ ബാറ്റിംഗില്‍ വീരാട് കോലി ഒഴികെ ആരും ഫോം കണ്ടാത്താതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. അവസാന ഒവറില്‍ താക്കൂര്‍ അഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഇന്ത്യ മത്സരം കൈവിട്ടിയിരുന്നു.
https://www.facebook.com/Malayalivartha