സ്വാമിശരണം, എല്ലാം ശ്രീശാന്തിനെ ഒതുക്കാനുള്ള തന്ത്രമായിരുന്നോ, വാതുവയ്‌പ്പുകാരന്‍ മൊഴി തിരുത്തി, ശ്രീശാന്തിന് മുന്‍കൂര്‍ 10 ലക്ഷം രൂപ നല്‍കിയെന്നു പറഞ്ഞത് ഡല്‍ഹി പോലീസിന്റെ സമ്മര്‍ദ്ദത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞു നിന്നിരുന്ന ശ്രീശാന്തിനെ എല്ലാവരും ചേര്‍ന്ന് ഒതുക്കിയതാണെന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ശ്രീശാന്തിന്റെ പെരുമാറ്റവും പ്രശസ്‌തിയും ഉത്തരേന്ത്യന്‍ ലോബിയുടെ ശക്തമായ എതിര്‍പ്പിനു കാരണമാക്കി. പ്രശസ്‌ത ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെട്ട ഈ ലോബി ശ്രീശാന്തിനെ തന്ത്രപരമായി കുടുക്കുകയായിരുന്നു എന്ന വാര്‍ത്തകള്‍ നേരത്തേ തന്നെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഉത്തരേന്ത്യന്‍ ലോബിയുടെ ഇഷടത്തിനനുസരിച്ചാണ് ഡല്‍ഹി പോലീസ് കളിച്ചതെന്നും ആക്ഷേപമുണ്ടായിരുന്നു. ശ്രീശാന്തിന് ജാമ്യം കിട്ടാതിരിക്കാനായി ഡല്‍ഹി പോലീസ് ആവിഷ്‌കരിച്ച തന്ത്രങ്ങളെ കോടതിപോലും വിമര്‍ശിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് വാതുവയ്‌പ്പുകാരനായ ജിതേന്ദ്ര ജയിന്‍ മോഴിമാറ്റിപ്പറഞ്ഞത് ഏറെ പ്രസക്തമാകുന്നത്.
ഐ.പി.എല്‍ വാതുവെപ്പില്‍ ശ്രീശാന്തിനെതിരെ മൊഴി നല്‍കിയത് സമ്മര്‍ദ്ദത്താലെന്ന് വാതുവെപ്പുകാരന്‍. അറസ്റ്റിലായ വാതുവെപ്പുകാരന്‍ ജിതേന്ദ്ര ജെയിന്‍ കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീശാന്തിന് പത്തുലക്ഷം രൂപ കൈമാറി എന്നാണ് ജിതേന്ദ്ര പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇങ്ങനെ മൊഴി നല്‍കിയത് പോലീസിന്റെ സമ്മര്‍ദ്ദംമൂലമായിരുന്നെന്ന് ജിതേന്ദ്ര സാകേത് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്‌ജ് രേണു ഭട്‌നാഗറിനു മുന്‍പാകെ നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറഞ്ഞു. ഡി.സി.പിക്കു മുന്‍പാകെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി ശ്രീശാന്തിനെതിരെ മൊഴിനല്‍കാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്നും സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ അധികാര ദുര്‍വിനിയോഗം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ജിതേന്ദ്ര ആവശ്യപ്പെട്ടു. ഇതോടെ ശ്രീശാന്തിനെ ഗൂഡാലോചന നടത്തി വാതുവെപ്പില്‍ കുടുക്കുകയായിരുന്നു എന്ന വാദത്തിന് ബലമേറി.
ശ്രീശാന്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഡല്‍ഹി പോലീസ് ഉന്നയിച്ചിരുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ കമ്പനിയുമായിവരെ ശ്രീശാന്തിന് ബന്ധമുണ്ടായിരുന്നെന്നുവരെ പോലീസ് ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കെതിരെ മക്കോക്ക ചുമത്തണമെന്നുവരെ വാദിച്ചു. എന്നാല്‍ കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് അന്ന് ഡല്‍ഹി പോലീസിന് നേരിടേണ്ടി വന്നത്. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ഡല്‍ഹി പോലീസിന് കൂടുതല്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ്.
ശ്രീശാന്തിനെ ഉത്തരേന്ത്യന്‍ ലോബി കുടുക്കുകയായിരുന്നു എന്ന വാദത്തിന് ശക്തി പകരുന്നതാണ് ജിതേന്ത്രയുടെ മൊഴി. ഡല്‍ഹി പോലീസിനും ഇതില്‍ പങ്കുണ്ടെന്നും വേണം സംശയിക്കാന്‍. അത്തരത്തിലായിരുന്നു ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാറിന്റെ പല നടപടികളും.
കഴിഞ്ഞ മെയ്‌മാസം അവസാനത്തിലായിരുന്നു ശ്രീശാന്തിനെ മൂംബൈയില്‍ നിന്നും ഡല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ശ്രീശാന്തിനെ കൂടാതെ അങ്കിത് ചവാന്‍, അജിത് ചന്ദില എന്നിവരും അറസ്‌റ്റിലായിരുന്നു. ഐ.പി.എല്‍ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു താരങ്ങളുടെ അറസ്റ്റ്. ജൂണ്‍ പത്തിന് ശ്രീശാന്തിന് സാകേത് കേടതി ജാമ്യം അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha