ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ രണ്ടിന് 224. ഇംഗ്ലണ്ട് 20 ഓവറില്‍ എട്ടിന് 188 ഇതോടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മൂന്നു മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ഇംഗ്ലണ്ട് രണ്ട് മത്സരങ്ങള്‍ സ്വന്തമാക്കി.
ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ വിജയമുറപ്പിച്ചതാണ്. എന്നാല്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
. നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുനല്‍കി ഭുവനേശ്വര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.ഭുവനേശ്വര്‍ തന്നെയാണ് മത്സരത്തിലെ താരം. പരമ്പരയുടെ താരമായി വിരാട് കോലി തിരഞ്ഞെടുക്കപ്പെട്ടു. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് രണ്ടാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അക്കൗണ്ട് തുറക്കും മുന്‍പ് ഓപ്പണര്‍ ജേസണ്‍ റോയിയെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചു.
റോയ്ക്ക് പകരം ക്രീസിലെത്തിയ ഡേവിഡ് മലാന്‍ ഹാര്‍ദിക് പാണ്ഡ്യയെ തുടര്‍ച്ചയായി മൂന്നുതവണ ബൗണ്ടറി കടത്തി വരവറിയിച്ചു. പിന്നാലെ ജോസ് ബട്ലറും തകര്‍പ്പന്‍ കളി പുറത്തെടുത്തതോടെ ഇന്ത്യ വിയര്‍ത്തു.
വെറും 4.3 ഓവറില്‍ ഇംഗ്ലണ്ട് സ്‌കോര്‍ 50 പിന്നിട്ടു. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും മലാന്‍-ബട്ലര്‍ കൂട്ടുകെട്ട് പൊളിക്കാന്‍ കോലിയ്ക്ക് സാധിച്ചില്ല. 9.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. പിന്നാലെ മലാന്‍ അര്‍ധശതകം പൂര്‍ത്തിയാക്കി. 33 പന്തുകളില്‍ നിന്നും എട്ട് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെയാണ് താരം അര്‍ധശതകം പൂര്‍ത്തിയാക്കിയത്.
മലാന് പുറകേ ബട്ലറും അര്‍ധശതകം നേടി. 30 പന്തുകളില്‍ നിന്നും രണ്ട് ബൗണ്ടറികളുടെയും നാല് സിക്സുകളുടെയും സഹായത്തോടെയാണ് താരം അര്‍ധശതകം നേടിയത്.
ഈ മത്സരത്തിലെ ഇന്നിങ്സിന്റെ കരുത്തില്‍ ട്വന്റി 20 യില്‍ അതിവേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരം എന്ന റെക്കോഡ് മലാന്‍ സ്വന്തമാക്കി. വിരാട് കോലിയുടെ റെക്കോഡാണ് താരം മറികടന്നത്. 13-ാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. ആ ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ താരം ജോസ് ബട്ലറെ പുറത്താക്കി ഇംഗ്ലണ്ടിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തി.
സിക്സടിക്കാനുള്ള ബട്ലറുടെ ശ്രമം പാളി. പന്ത് അനായാസം ഹാര്‍ദിക് പാണ്ഡ്യ കൈക്കലാക്കി. 34 പന്തുകളില്‍ നിന്നും 52 റണ്‍സെടുത്ത ബട്ലര്‍ മലാനൊപ്പം 130 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് മടങ്ങിയത്. ഇതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി.
പിന്നാലെ ബൗള്‍ ചെയ്ത ഹാര്‍ദിക് പാണ്ഡ്യയും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇംഗ്ലണ്ടിന് അവസാന ആറോവറില്‍ വിജയിക്കാന്‍ 89 റണ്‍സ് വേണം എന്ന അവസ്ഥയായി. 15-ാം ഓവറിലെ മൂന്നാം പന്തില്‍, മൂന്നുറണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയെ സൂര്യകുമാറിന്റെ കൈയ്യിലെത്തിച്ച് ശാര്‍ദുല്‍ ഠാക്കൂര്‍ ഇംഗ്ലണ്ടിന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി.
അതേ ഓവറിലെ അവസാന പന്തില്‍ അപകടകാരിയായ ഡേവിഡ് മലാന്റെ കുറ്റി പിഴുതെടുത്ത് ശാര്‍ദൂല്‍ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റ് വീഴ്ത്തി. 45 പന്തുകളില്‍ നിന്നും ഒന്‍പത് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ 68 റണ്‍സെടുത്താണ് താരം മടങ്ങിയത്.
തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗനെ (നാലുപന്തില്‍ നിന്നും ഒരു റണ്‍സ്) പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു.
അവസാന ഓവറുകളില്‍ കോലിയും ഹാര്‍ദിക്കും തകര്‍പ്പന്‍ കളി പുറത്തെടുത്തതോടെ ഇന്ത്യ 18.2 ഓവറില്‍ 200 കടന്നു. ഇംഗ്ലണ്ടിനെതിരേ ട്വന്റി 20 മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്സ്മാന്‍ എന്ന റെക്കോഡ് കോലി ഈ മത്സരത്തിലൂടെ സ്വന്തമാക്കി.
52 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ 80 റണ്‍സെടുത്ത കോലിയും 17 പന്തുകളില്‍ നിന്നും നാല് ഫോറുകളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെ 39 റണ്‍സെടുത്ത പാണ്ഡ്യയും പുറത്താവാതെ നിന്നു.
https://www.facebook.com/Malayalivartha