ഐപിഎല്ലിലെ വില്ലനായി പരുക്കുകൾ രംഗപ്രവേശം ചെയ്യുന്നോ..? ഇവർക്കൊക്കെ ആദ്യ മത്സരങ്ങൾ നഷ്ടമാകും....

ഐപിഎല്ലിലെ വില്ലനായി പരുക്കുകൾ രംഗപ്രവേശം ചെയ്യുന്നോ..? ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസൺ ഏപ്രിൽ 9 ന് ആരംഭിക്കാനിരിക്കെ നിരവധി താരങ്ങൾക്ക് പലവിധ കാരണങ്ങളാൽ സീസണിലെ ആദ്യ മത്സരങ്ങളിൽ കളിക്കാൻ കഴിയാതെ അവസരം നഷ്ടമാകും.
പരുക്കുകൾ, രാജ്യാന്തര മത്സരങ്ങൾ, മറ്റു സ്വകാര്യ ആവശ്യങ്ങൾ ഒക്കെയാണ് കാരണങ്ങളിൽ ഉൾപ്പെടുന്നവ. കഖീസോ റബാഡ, ജോഫ്ര ആർച്ചർ തുടങ്ങിയ പ്രമുഖരും മത്സരം നഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇവരുടെ അസാന്നിധ്യം പുതിയ താരങ്ങൾക്ക് തിളങ്ങാനുള്ള അവസരം നൽകും എന്ന കാര്യത്തിൽ സംശയമില്ല. ഓരോ ടീമുകളിലും ആരൊക്കെയാണ് ഇല്ലാത്തതെന്ന് ഒന്ന് പരിശോധിക്കാം.
ഡൽഹി ക്യാപിറ്റൽസ്
ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പര അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ നിരയിലെ വമ്പൻമാരെല്ലാം മത്സരത്തിനിറങ്ങുന്നുണ്ട്. പരമ്പരയിലെ അവസാന മത്സരം ഏപ്രിൽ ഏഴിനാണ്. അതിനു ശേഷമാണ് ഐപിഎല്ലിനായി ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഇന്ത്യയിലേക്ക് എത്തുക. ഇതോടെ നിലവിലെ പരുക്കുകൾ കാരണം വലഞ്ഞിരിക്കുന്ന ഡൽഹിക്ക് ആദ്യ മൂന്ന് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കൻ പേസറുമാരായ റബാഡയേയും അൻറിച്ച് റോജയേയും കളിപ്പിക്കാനാവില്ലെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരങ്ങൾക്കിടയിൽ പരുക്ക് പറ്റി ചികിത്സയിലാണ്. തോളിന് പരുക്കേറ്റ ശ്രേയസ് അയ്യർക്ക് ഏട്ട് ആഴ്ചത്തെ വിശ്രമമാണ് പറഞ്ഞിരിക്കുന്നത്. ഇതോടെ സീസണിലെ പകുതിയിലേറെ മത്സരങ്ങൽ ശ്രേയസിന് നഷ്ടമാകും. ശ്രേയസിന്റെ അഭാവത്തിൽ റിഷാഭ് പന്താണ് ഡൽഹി ടീമിനെ ഈ സീസണിൽ നയിക്കുക.
ചെന്നൈ സൂപ്പർ കിങ്സ്
ചെന്നൈക്കും അവരുടെ പ്രധാന പേസ് ബോളറേയാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ നഷ്ടമാകുക. ദക്ഷിണാഫ്രിക്കൻ ബോളർ ലൂങ്കി ഇൻകീഡി പാക്കിസ്ഥാനുമായുള്ള പരമ്പരക്ക് ശേഷമേ ടീമിനൊപ്പം ചേരുകയുള്ളൂ. ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ തള്ളവിരലിന് പരുക്കേറ്റ രവീന്ദ്ര ജഡേജ എപ്പോൾ തിരിച്ചെത്തും എന്നതാണ് ചെന്നൈ മനേജ്മെന്റിന് മുന്നിലുള്ള മറ്റൊരു പ്രധാന ചോദ്യം. “ജഡേജ എപ്പോഴാണ് ഞങ്ങൾക്കൊപ്പം ചേരുക എന്നത് ഞങ്ങൾക്കറിയില്ല. അദ്ദേഹത്തെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്നും വിട്ടിട്ട് വേണം എന്നാണ് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ അറിയിച്ചത്.
രാജസ്ഥാൻ റോയൽസ്
കഴിഞ്ഞ വർഷത്തെ ‘പ്ലേയർ ഓഫ് ദ സീസണാ’യി തിരഞ്ഞെടുക്കപ്പെട്ട ജോഫ്ര ആർച്ചർക്ക് ഈ വർഷത്തെ ആദ്യത്തെ മൂന്നോ നാലോ മത്സരങ്ങൾ നഷ്ടമാകാനാണ് സാധ്യതയെന്ന് ഇഎസ്പിഎൽ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. കയ്യിലെ നടുവിരലിൽ ഉണ്ടായിരുന്ന ചില്ലു കഷ്ണം സർജറിയിലൂടെ നീക്കം ചെയ്ത ശേഷം രണ്ടാഴ്ചത്തെ വിശ്രമത്തിലാണ് താരമിപ്പോഴുള്ളത്.
റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂർ
വിവാഹിതനാകുന്ന ഓസ്‌ട്രേലിയൻ സ്പിന്നർ ആദം സാംപ സീസണിലെ ആദ്യ മത്സരങ്ങളിൽ ഉണ്ടാവില്ലെന്ന് ബാഗ്ലൂർ ടീം ഡയറക്ടർ മൈക്ക് ഹേസൺ പറഞ്ഞു. “സാംപ വിവാഹിതനാവുകയാണ്. ഇത് അദ്ദേഹത്തിന് വിലപ്പെട്ട നിമിഷമാണ്. ഒരു ടീമെന്ന നിലയിൽ ഞങ്ങളത് മനസ്സിലാക്കുകയും, ബഹുമാനിക്കുകയും, അദ്ദേഹത്തിന്റെ മികച്ച നിമിഷങ്ങളാവും അതെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അങ്ങനെയാകുമ്പോൾ, അദ്ദേഹത്തിന് ടീമിനോടൊപ്പം ചേർന്ന് കഴിഞ്ഞ്, ടീമിന് വേണ്ടി വലിയ സംഭാവനകൾ ഈ ടൂർണമെന്റിൽ നൽകാൻ കഴിയും.” എന്ന് ഹേസൺ പറഞ്ഞു.
മുംബൈ ഇന്ത്യൻസ്
ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ക്വിന്റൺ ഡീ കോക്ക് പാക്കിസ്ഥാൻ പരമ്പര കഴിഞ്ഞ് ഇന്ത്യയിലെത്തി ക്വാറന്റൈൻ പൂർത്തിയാക്കി ആദ്യ നാല് മത്സരങ്ങൾക്ക് ശേഷമാകും ടീമിനൊപ്പം ചേരുക.
സൺറൈസേഴ്സ് ഹൈദരാബാദ്
ദീർഘകാലം ബയോ സെക്യൂർ ബബിളിൽ കഴിയാൻ ബുദ്ധിമുട്ടുള്ളതിനാൽ മിച്ചൽ മാർഷ് ഹൈദരാബാദ് ടീമിൽ ഉണ്ടാവില്ലെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. മാർഷിന് പകരക്കാരനായി കഴിഞ്ഞ ഇന്ത്യ-ഇംഗ്ലണ്ട് ടി 20 മത്സരത്തിൽ തിളങ്ങിയ ജേസൺ റോയിയെ ഹൈദരാബാദ് നിയമിച്ചു.
https://www.facebook.com/Malayalivartha






















