ത്രാരാഷ്‌ട്ര ക്രിക്കറ്റില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍

ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണ്ണായക മല്‍സരത്തില്‍ മഴനിയമപ്രകാരം ശ്രീലങ്കയെ 81 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. വ്യാഴാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെത്തന്നെയാണ് നേരിടുന്നത്. ബോണസ് പോയിന്റോടെ മികച്ച വിജയവുമായി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 29 ഓവറില്‍ 3ന് 119ല്‍ നില്‍ക്കുമ്പോള്‍ മഴമൂലം മല്‍സരം തടസപ്പെട്ടു. രോഹിത് ശര്‍മ്മയും(48), സുരേഷ് റെയ്ന(4)യുമായിരുന്നു ക്രീസില്‍. ശിഖര്‍ ധവാന്‍(15), വിരാട് കോഹ്ലി(31), ദിനേശ് കാര്‍ത്തിക്(12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മല്‍സരം മുടങ്ങിയാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്ന ഘട്ടത്തില്‍ ഇന്ത്യയ്ക്ക് തുണയായി മഴമാറുകയും മല്‍സരം പുനരാരംഭിക്കുകയും ചെയ്തു. മഴനിയമപ്രകാരം ശ്രീലങ്കയുടെ വിജയലക്ഷ്യം 26 ഓവറില്‍ 178 റണ്‍സായി പുനക്രമീകരിച്ചിരുന്നു. ബാറ്റിങ്ങ് ദുഷ്കരമായ പോര്‍ട്ട് ഓഫ് സ്പെയിനിലെ പിച്ചില്‍ ലങ്കയ്ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്നതിലും വലിയ വിജയലക്ഷ്യമായിരുന്നു ഇത്. ആറ് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ മാരക ബൗളിങ്ങിന് മുന്നില്‍ ദ്വീപുകാര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഇശാന്ത് ശര്‍മ്മയും രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറിന് മികച്ച പിന്തുണ നല്‍കി. 24.4 ഓവറില്‍ ശ്രീലങ്ക 96 റണ്‍സിന് പുറത്തായതോടെയാണ് മികച്ച വിജയത്തിന്റെ പിന്തുണയോടെ ഇന്ത്യ ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയത്. ശ്രീലങ്കന്‍ നിരയില്‍ ദിനേശ് ചന്ദിമാല്‍(26), ജീവന്‍ മെന്‍ഡിസ്(13), മഹേല ജയവര്‍ധനെ(11), നായകന്‍ ആഞ്ചലോ മാത്യൂസ്(10) എന്നിവര്‍ക്ക് മാത്രമേ രണ്ടക്കം കാണാന്‍ കഴിഞ്ഞുള്ളൂ
https://www.facebook.com/Malayalivartha