ഐപിഎല്ലിൽ 3000 റണ്‍സ് തികച്ച് സഞ്ജു സാംസണ്‍; ഐപിഎല്‍ 2021ലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനവും സഞ്ജുവിന് സ്വന്തം

ഐപിഎല്ലില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ഹൈദരാബാദിനെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് സഞ്ജു സ്വപ്നനേട്ടങ്ങള്‍ പോക്കറ്റിലാക്കിയത്. മത്സരത്തില്‍ 57 പന്തില്‍ 3 സിക്സറിന്റെയും 7 ബൗണ്ടറികളുടെയും സഹായത്തോടെ 82 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ഇതോടെ ഐപിഎല്‍ 2021ലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സഞ്ജുവിനായി.
10 ഇന്നിങ്‌സുകളില്‍ നിന്ന് 54.12 ശരാശരിയില്‍ 433 റണ്‍സോടെയാണ് ഓറഞ്ച് ക്യാപ് സഞ്ജു സ്വന്തമാക്കിയത്. 10 ഇന്നിങ്‌സുകളില്‍ നിന്ന് 430 റണ്‍സുമായി ഡല്‍ഹിയുടെ ശിഖര്‍ ധവാനാണ് പട്ടികയില്‍ രണ്ടാമത്. 401 റണ്‍സുമായി പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്തുണ്ട്.
അതേസമയം ഐപിഎല്ലില്‍ 3000 റണ്‍സ് എന്ന നാഴികകല്ലും മത്സരത്തില്‍ സഞ്ജു പിന്നിട്ടു. ഐപിഎല്‍ ക്രിക്കറ്റില്‍ 3000 റണ്‍സ് തികയ്ക്കുന്ന 19ആം താരമായി സഞ്ജു മാറി. 117 മത്സരങ്ങളില്‍ നിന്നാണ് സഞ്ജുവിന്റെ ഈ നേട്ടം. 117 മത്സരങ്ങളില്‍ നിന്നും 29.87 ശരാശരിയില്‍ 3017 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. 3 സെഞ്ചുറികളും 15 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 119 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍.
186 മത്സരങ്ങളിലെ 185 ഇന്നിങ്സുകളില്‍ നിന്ന് 5627 റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമത്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനവും ഇന്ത്യന്‍ താരത്തിനാണ്. 209 മത്സരങ്ങളിലെ 204 ഇന്നിങ്സുകളില്‍ നിന്ന് 5556 റണ്‍സ് നേടിയ ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മയാണ് രണ്ടാമത്.
https://www.facebook.com/Malayalivartha























