ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ വെറും 109 റണ്‍സിന് പുറത്ത്.

ഓസ്ട്രേലിയന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ബാറ്റ് വെച്ച് കീഴടങ്ങി ഇന്ത്യ. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ വെറും 109 റണ്‍സിന് പുറത്ത്.
16 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാത്യു കുനെമാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നേതന്‍ ലയണും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സ് ചുരുട്ടിക്കെട്ടി. 22 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററായുള്ളത്.
നിലയുറപ്പിക്കാനായി പാടുപെട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (12) ആദ്യം പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് തവണ ജീവന്‍ തിരിച്ചുകിട്ടിയ രോഹിത്തിനെ മാത്യു കുനെമാന്റെ പന്തില്‍ അലക്‌സ് കാരി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.
പിന്നാലെ മികച്ച തുടക്കമില്ല ശുഭ്മാന്‍ ഗില്ലിനെയും (21) കുനെമാന്‍ പുറത്താക്കി. ചേതേശ്വര്‍ പുജാര (1) വീണ്ടും നിരാശപ്പെടുത്തി. നേതന്‍ ലയണിന്റെ പന്തില്‍ താരം ബൗള്‍ഡാകുകയായിരുന്നു.
സ്ഥാനക്കയറ്റം കിട്ടിയെത്തിയ രവീന്ദ്ര ജഡേജയ്ക്കും (4) പിടിച്ചുനില്‍ക്കാനായില്ല. ലയണിന്റെ പന്തില്‍ കുനെമാന് ക്യാച്ച്. പിന്നാലെ ക്രീസിലെത്തി രണ്ടാം പന്തില്‍ തന്നെ ശ്രേയസ് അയ്യരും (0) മടങ്ങിയതോടെ ഇന്ത്യ അഞ്ചിന് 45 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് വിരാട് കോലിയും ശ്രീകര്‍ ഭരതും ചേര്‍ന്ന് സ്‌കോര്‍ കഷ്ടിച്ച് 70 വരെയെത്തിച്ചു. പിന്നാലെ കോലിയെ (22) മടക്കി ടോഡ് മര്‍ഫി ഈ കൂട്ടുകെട്ട് പൊളിക്കുകയും ചെയ്തു.
പ്രതീക്ഷ നല്‍കിയ ഭരതിനെ (17) ലയണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുക കൂടി ചെയ്തതോടെ ഇന്ത്യ ഏഴിന് 82 എന്ന നിലയിലേക്ക് വീണു.തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യയുടെ ശേഷിച്ച മൂന്ന് വിക്കറ്റുകളും അധികം വൈകാതെ ഓസീസ് വീഴ്ത്തുകയും ചെയ്തു. ആര്‍. അശ്വിനാണ് (3) രണ്ടാം സെഷനില്‍ ആദ്യം പുറത്തായത്.
പിന്നാലെ ഇറങ്ങിയ ഉമേഷ് യാദവ് 13 പന്തില്‍ നിന്ന് 17 റണ്‍സടിച്ചതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടന്ന് കിട്ടിയത്. തുടര്‍ന്ന് അക്ഷര്‍ പട്ടേലുമായുണ്ടായ ധാരണപ്പിശകില്‍ മുഹമ്മദ് സിറാജ് (0) റണ്ണൗട്ടായതോടെ ഇന്ത്യന്‍ ഇന്നിങ്സിന് അവസാനമായി. 12 റണ്‍സുമായി അക്ഷര്‍ പുറത്താകാതെ നിന്നു.
അതേസമയം നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























