80,000 ടിക്കറ്റ് നേരത്തെ വാങ്ങിവച്ചു; അഹ്മദാബാദ് ടെസ്റ്റ് മോദിയുടെ 'പി.ആർ ആഘോഷ'മാക്കി ബി.ജെ.പിആസ്‌ട്രേലിയൻ പൗരന്മാർക്ക് നാലാം ടെസ്റ്റിന്റെ ആദ്യദിനത്തെ ടിക്കറ്റ് ലഭിച്ചില്ലെന്ന് ആസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തിരുന്നു

മൊട്ടേരയിൽ ഇന്ത്യ-ആസ്‌ട്രേലിയ ടെസ്റ്റ് മത്സരം ബി.ജെ.പി രാഷ്ട്രീയവേദിയാക്കിയതായി വലിയ വിമർശനം ഉയരുകയാണ്. ഇന്ത്യ-ആസ്‌ട്രേലിയ ക്രിക്കറ്റ് സൗഹൃദത്തിന്റെ 75-ാം വാർഷികാഘോഷമെന്ന പേരിൽ മത്സരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പി.ആർ പ്രദർശന വേദിയാക്കിയെന്നാണ് പ്രതിപക്ഷ ആക്ഷേപം. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആൽബനീസിനെ സാക്ഷിനിര്‍ത്തിയായിരുന്നു മോദിയുടെ ആത്മരതിയെന്ന് കോൺഗ്രസ് നേതാക്കളടക്കം വിമർശിച്ചു.
അതിനിടെ, ക്രിക്കറ്റ് മത്സരം രാഷ്ട്രീയ പ്രചാരണ വേദിയാക്കാന്‍ ബി.ജെ.പിയുടെ ആസൂത്രിതമായ ഇടപെടലുണ്ടായെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. മത്സരത്തിന്റെ ടിക്കറ്റുകൾ നേരത്തെ തന്നെ ബി.ജെ.പി നേതാക്കൾ വാങ്ങിവച്ചു. ഗ്രൗണ്ടിന്റെ മുക്കാൽ ഭാഗം സീറ്റും ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയടക്കുകയായിരുന്നു. മത്സരം കാണാനായി ആസ്ട്രേലിയയില്‍നിന്നെത്തിയ ക്രിക്കറ്റ് ആരാധകര്‍ ടിക്കറ്റില്ലാതെ വലയുകയും ചെയ്തു.
ബി.ജെ.പി വിലക്കെടുത്തത് 80,000 ടിക്കറ്റുകൾ; നെട്ടോട്ടമോടി വിദേശികൾ
ആദ്യദിനത്തെ 80,000 ടിക്കറ്റുകളും നേരത്തെ തന്നെ ബി.ജെ.പി വാങ്ങിവച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുജറാത്തി പത്രമായ 'ദിവ്യ ഭാസ്‌കറി'നെ ഉദ്ധരിച്ച് 'ദ വയർ' ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആകെ 1,30,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് സ്റ്റേഡിയം. ഗാലറിയുടെ പകുതിയോളം പേരാണ് ഇന്നലെ കളി കാണാനെത്തിയിരുന്നത്.
ടിക്കറ്റുകൾ വാങ്ങിവയ്ക്കാൻ എം.എൽ.എമാർക്ക് ബി.ജെ.പി നേതൃത്വം നിർദേശം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. നാല് എം.എൽ.എമാർ ഇക്കാര്യം സമ്മതിച്ചതായി 'വയർ' റിപ്പോർട്ട് ചെയ്യുന്നു. കൂട്ടത്തിൽ ഒരു എം.എൽ.എ മാത്രം 12,000 ടിക്കറ്റുകളാണ് വാങ്ങിയിരുന്നത്.
കളിയെ രാഷ്ട്രീയവൽക്കരിക്കാൻ കൂട്ടുനിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെതിരെ(ബി.സി.സി.ഐ) പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റ് പോലുള്ള വലിയൊരു കളിയെ രാഷ്ട്രീയ പ്രദർശനമാക്കി മാറ്റുന്നത് പരിഹാസ്യമാണെന്ന് ഗുജറാത്തിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എയായ അർജുൻ മോധ്‌വാദിയ വിമർശിച്ചു. ഇങ്ങനെ ടിക്കറ്റുകളെല്ലാം വാങ്ങിവച്ച് കളിയെ ബി.ജെ.പി രാഷ്ട്രീയ ഷോയാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha



























