ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ബിസിസിഐ രാഹുല്‍ ദ്രാവിഡിനെ പരിഗണിക്കുന്നു

ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് വരുമെന്ന് സൂചന. നിലവില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ പരിശീലകനാണ് ദ്രാവിഡ്. ഇന്ത്യന്‍ ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അനുയോജ്യനായ ആളെ തിരയുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരുള്‍പ്പെട്ട ഉപദേശകസമിതി ചൊവ്വാഴ്ച യോഗം ചേരും.
ടീമീന്റെ പരിശീലകനാകുന്ന കാര്യത്തില്‍ ആലോചിച്ച് മറുപടി നല്‍കാമെന്നാണ് ദ്രാവിഡ് അറിയിച്ചതെന്നാണ് വിവരം. സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിന് സമ്മതമാണോ എന്നറിയാന്‍ സച്ചിന്‍ഗാംഗുലിലക്ഷ്മണ്‍ ത്രയം ദ്രാവിഡിനെ കാണുന്നുമുണ്ട്.
ഉടന്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മെന്ററാണ് ദ്രാവിഡ്. യുവതാരങ്ങള്‍ ഏറെയുള്ള ഇന്ത്യന്‍ ടീമില്‍ അവര്‍ക്ക് പ്രചോദനമേകാനുതകുന്ന ഒരു പരിശീലകന്‍ വരണമെന്ന ബോര്‍ഡിന്റെ താല്‍പര്യമാണ് രാഹുല്‍ ദ്രാവിഡിനെ പരിഗണിക്കാന്‍ കാരണം. അണ്ടര്‍ 19 ടീമിന്റെ പരിശീലകനെന്ന നിലയിലുള്ള ദ്രാവിഡിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള ഒരുപിടി ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലേക്ക് വഴിതുറന്നത് ദ്രാവിഡായിരുന്നു.
ട്വന്റി20, ഏകദിന ഫോര്‍മാറ്റുകളില്‍ ടീം ഇന്ത്യയ്ക്ക് അധികം ആശങ്കകളില്ലെങ്കിലും ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം യുവതാരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. ഈ ഘട്ടത്തില്‍ ദ്രാവിഡിനേപ്പോലുള്ള ഒരു പരിശീലകന് യുവതാരങ്ങളെ കൂടുതലായി സഹായിക്കാനാകുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്ന പക്ഷം അദ്ദേഹത്തിന് ഈ സ്ഥാനത്ത് സമ്പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുമെന്നാണ് സൂചന. മാത്രമല്ല, 2019ലെ ഏകദിന ലോകകപ്പ് വരെ നീളുന്ന നീണ്ട കാലയളവാകും അദ്ദേഹത്തിന് പരിശീലകസ്ഥാനത്ത് അനുവദിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha