ഐപിഎല്‍ പോരാട്ടം: ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം

ഡല്‍ഹിക്കെതിരെ ഒന്‍പത് വിക്കറ്റ് ജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ഒന്‍പതാം സീസണിലെ പോരാട്ടം തുടങ്ങി. ഡല്‍ഹിയെ 98 റണ്‍സില്‍ പുറത്താക്കിയ നൈറ്റ് റൈഡേഴ്‌സ് 14.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.
ഡെയര്‍ഡെവിള്‍സിനെ നിഷ്പ്രഭമാക്കിയാണ് നൈറ്റ് റൈഡേഴ്‌സ് വിജയമാഘോഷിച്ചത്. കൊല്‍ക്കത്തയുടെ ശക്തമായ ബാറ്റിങ് നിരയെ പരീക്ഷിക്കാന്‍ പോന്നതായിരുന്നില്ല ഡല്‍ഹി നല്‍കിയ 99 റണ്‍സ് വിജയലക്ഷ്യം. ആദ്യ വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും ക്യാപ്റ്റന്‍ ഗംഭീറും തകര്‍ത്തടിച്ചു.
69 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 35 റണ്‍സുമായി ഉത്തപ്പ പുറത്തായെങ്കിലും മനീഷ് പാണ്ഡെയുമൊത്ത് ഗംഭീര്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ വിജയം സമ്മാനിച്ചു. ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഡെയര്‍ഡെവിള്‍സിനെ നൈറ്റ് റൈഡേഴ്‌സ് ബോളര്‍മാര്‍ ക്രിസീലുറയ്ക്കാന്‍ അനുവദിക്കാതെ എറിഞ്ഞിടുകയായിരുന്നു. ആദ്യ മൂന്നു വിക്കറ്റും ആന്ദ്രേ റസലിന്. അഞ്ചാമനായെത്തിയ സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടു ബൗണ്ടറികളോടെ ഗംഭീറിനെ ഞെട്ടിച്ചെങ്കിലും 15 റണ്‍സില്‍ വീണു.
45 വയസായിട്ടും കൈമോശം വരാത്ത പ്രതിഭയുമായി ഓസീസ് താരം ബ്രാഡ് ഹോഗ് ലെഗ്്‌സ്പിന്‍ ഇന്ദ്രജാലംകാട്ടി. മധ്യനിരയെ തകര്‍ത്ത് മൂന്ന് വിക്കറ്റ്. പീയൂഷ് ചൗളയും ജോണ്‍ ഹേസ്റ്റിങ്‌സും രണ്ടു വീതം വിക്കറ്റെടുത്തതോടെ 17.4 ഓവറില്‍ ഡല്‍ഹിയുടെ ഇന്നിങ്‌സ് അവസാനിച്ചു. രണ്ടുതവണ കപ്പുയര്‍ത്തിയ കൊല്‍ക്കത്ത മുന്‍ചാംപ്യന്‍മാര്‍ക്കൊത്ത മികവോടെയാണ് പുതിയ സീസണിന് തുടക്കം കുറിച്ചത്.
https://www.facebook.com/Malayalivartha