കട്ടക്കിലെ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ, ബാറ്റ് കൊണ്ട് മാസ്മരം സൃഷ്ടിച്ച ഏകദിനം

കട്ടക്കിലെ ബാരാബതി സ്‌റ്റേഡിയത്തില്‍ നടന്ന ആവേശ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ജയം. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയം 15 റണ്‍സിന്.
382 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റെടുത്ത ഇംഗ്ലണ്ടിന്റെ പോരാട്ടം നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 366ല്‍ അവസാനിച്ചത് ഇന്ത്യയുടെ ഭാഗ്യം. ഏകദിനത്തിലെ ഒന്‍പതാം സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യം മറികടക്കാനായില്ല. മോര്‍ഗന്‍ 81 പന്തില്‍ 102 റണ്‍സെടുത്ത് പുറത്തായി. പ്ലങ്കറ്റ് 17 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ബുംറയെറിഞ്ഞ 49ാം ഓവറില്‍ മോര്‍ഗന്‍ റണ്ണൗട്ടായതാണ് മല്‍സരത്തില്‍ നിര്‍ണായകമായത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബുംറ രണ്ടും ജഡേജ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീഴ്ത്തി. വിജയത്തോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇതോടെ, ഏകദിനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ആദ്യ പരമ്പരയില്‍ കോഹ്‌ലിക്കും വിജയത്തുടക്കം. അവസാന മല്‍സരം ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടക്കും.
തകര്‍പ്പന്‍ സെഞ്ചുറികളുമായി കളം നിറഞ്ഞ യുവരാജ് സിങ്, മഹേന്ദ്ര സിങ് ധോണി എന്നിവരുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ്. ആദ്യ അഞ്ച് ഓവറിനിടെ ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി എന്നിവരെ ക്രിസ് വോക്‌സ് പറഞ്ഞയച്ചശേഷമായിരുന്നു യുവരാജ്‌ധോണി സഖ്യത്തിന്റെ കിടിലന്‍ പ്രകടനം. പിന്നീട് യുവരാജിനെയും പുറത്താക്കിയ വോക്‌സ്, 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു.
ഏകദിന കരിയറിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ച യുവരാജ് 127 പന്തില്‍ 150 റണ്‍സെടുത്താണ് മടങ്ങി. 21 ബൗണ്ടറികളും മൂന്നു സിക്‌സും നിറം ചാര്‍ത്തിയതായിരുന്നു യുവരാജിന്റെ 14ാം ഏകദിന സെഞ്ചുറി. 2011നു ശേഷം യുവരാജിന്റെ ആദ്യ ഏകദിന സെഞ്ചുറിയാണ് കട്ടക്ക് ബാരാബതി സ്‌റ്റേഡിയത്തില്‍ പിറന്നത്. 10ാം ഏകദിന സെഞ്ചുറി കുറിച്ച ധോണി 122 പന്തില്‍ 10 ബൗണ്ടറിയും ആറു സിക്‌സുമുള്‍പ്പെടെ 134 റണ്‍സെടുത്തു. തുടക്കത്തില്‍ യുവരാജിന് പിന്തുണ നല്‍കി ഒതുങ്ങി നിന്ന ധോണി, യുവി മടങ്ങിയതോടെ വിശ്വരൂപം കാട്ടി. ഒടുവില്‍ ഏകദിനത്തില്‍ 200ല്‍ അധികം സിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് അദ്ദേഹം മടങ്ങിയത്.
https://www.facebook.com/Malayalivartha
























