യൂറോ കപ്പില്‍ ഇന്ന് ആദ്യ സെമിഫൈനല്‍ പോരാട്ടം; ക്രിസ്റ്റിയാനോയും ബെയിലും നേര്‍ക്കുനേര്‍

ഇന്നു മല്ലയുദ്ധമാണ് പാരീസിലെ ലിയോണില്‍. ഒരുവശത്ത് പറങ്കികളുടെ നായകന്‍ റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മറുവശത്താകട്ടെ റയല്‍ മാഡ്രിഡിലെ മധ്യനിരക്കാരന്‍ ഗാരത് ബെയ്ല്‍. റയലിന്റെ സഹതാരങ്ങളായ ഇരുവരും തമ്മില്‍ പോര്‍വിളി മുഴക്കി അങ്കംകുറിക്കുമ്പോള്‍ ആരുവീഴും എന്നു പറയുക അസാധ്യം. യൂറോ കപ്പില്‍ ആദ്യസെമി ഫൈനലില്‍ ബദ്ധശത്രുക്കളായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഗാരത് ബെയ്‌ലിന്റെ വെയ്ല്‍സും ഏറ്റുമുട്ടുമ്പോള്‍ ഒന്നുറപ്പാണ്. ഫൈനലിനു മുമ്പുള്ള ഒരു മിനി ഫൈനല്‍ ഇരുടീമുകളുടെയും ഇരുതാരങ്ങളുടെയും ഫുട്‌ബോള്‍ ആരാധകരെ ഏറെ ത്രസിപ്പിക്കുമെന്നു തീര്‍ച്ച.
ലോകത്തെ ഏറ്റവും വിലയേറിയ ഫുട്‌ബോള്‍ താരങ്ങളില്‍ രണ്ടു പേരാണ് ഇരുപക്ഷത്തായി നേര്‍ക്കുനേര്‍ നില്‍ക്കാന്‍ പോകുന്നത്. ബെയില്‍-റൊണാള്‍ഡോ പോരാട്ടമല്ല പകരം വെയ്ല്‍സ്-പോര്‍ച്ചുഗല്‍ പോരാട്ടമാണ് നടക്കുകയെന്ന് ബെയ്ല്‍ പറഞ്ഞു.
മിക്കവരുടെയും പ്രതീക്ഷകള്‍ കവച്ചുവയ്ക്കുന്ന പ്രകടനം ഇതിനകം പുറത്തെടുക്കാന്‍ വെയില്‍സിനു സാധിച്ചിട്ടുള്ളതായി ബെയ്ല്‍. എന്നാല്‍, ക്ലബ്ബിലെ സഹതാരവുമായി തന്നെ താരതമ്യം ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. ബെയില്‍ തന്നെയാണ് വെയില്‍സിന്റെ തുറുപ്പു ചീട്ട്. സസ്‌പെന്‍ഷനെത്തുടര്‍ന്ന് ആരോണ്‍ റാംസെ കൂടി ഇല്ലാത്ത സ്ഥിതിക്ക് ബെയിലിനു ജോലി ഭാരം കൂടും. ബെന്‍ ഡേവീസിനും ഇന്ന് കളിക്കാനാവില്ല. റാംസെയുടെ വിടവ് നീല്‍ ടെയ്‌ലര്‍ നികത്തുമെന്നാണ് പരിശീലകന്‍ ക്രിസ്‌കോള്‍മാന്റെ വിശ്വാസം. യൂറോ കപ്പില്‍ കന്നിക്കാരെന്ന വിശേഷണം മാറ്റി കരുത്തരെ കീഴടക്കി സെമി വരെയെത്തി വെയ്ല്‍സിനെ പോര്‍ച്ചുഗല്‍ പേടിക്കണം.
റൊണാള്‍ഡോയുടെ തലയെടുപ്പില്‍ പറങ്കികള്‍ എത്തുമ്പോള്‍ യൂറോ കപ്പില്‍ പുതിയൊരു ചരിത്രം കുറിക്കുമോ എന്നാണ് ആരാധകവൃന്ദം ഉറ്റുനോക്കുന്നത്. റൊണാള്‍ഡോയ്‌ക്കൊപ്പം നാനി, റെനാറ്റൊ സാഞ്ചസ്, റിക്കാര്‍ഡോ ക്വറെസ്മ എന്നിവര്‍ കൊടുങ്കാറ്റായാല്‍ വെയ്ല്‍സിന് സെമി കൊണ്ട് തൃപതിപ്പെട്ടു മടങ്ങാം.ലോക ഫുട്‌ബോളര്‍ പദവിയും ക്ലബ് തലത്തില്‍ ധാരാളം നേട്ടങ്ങളും സ്വന്തമാക്കിയിട്ടുള്ള റൊണാള്‍ഡോ ദേശീയ കുപ്പായത്തില്‍ ഒരു കിരീടമാണു പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha