മഞ്ഞപ്പട ഇന്നിറങ്ങും; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച് ഇന്ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെ

ഐഎസ്എല്‍ മൂന്നാം സീസണില്‍ മഞ്ഞപ്പടയുടെ ആദ്യ ഹോം മത്സരത്തിനു കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്്ട്ര സ്‌റ്റേഡിയത്തില്‍ ഇന്ന് ആരവമുയരും. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം ഇന്നു രാത്രി ഏഴിനാണു തുടങ്ങുക. സ്പാനിഷ് കരുത്തില്‍ ഇറങ്ങുന്ന ഐഎസ്എല്‍ പ്രഥമ സീസണിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണു ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.
ആദ്യമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍നിന്നു പരാജയം ഏറ്റുവാങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് വിജയപ്രതീക്ഷയിലാണു സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ഹോംഗ്രൗണ്ടില്‍ സ്വന്തം ആരാധകരുടെ പിന്തുണ കൂടിയാകുമ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ ഉറഞ്ഞുപോയ വീര്യം തിരിച്ചുപിടിക്കാനാവുമെന്ന വിശ്വാസത്തിലാണു ബ്ലാസ്‌റ്റേഴ്‌സ് കളിക്കാര്‍.
അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ തളച്ചതിന്റെ ഉണര്‍വിലാണു കൊല്‍ക്കത്ത. എതിരാളികള്‍ ശക്തരായതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം കടുക്കും. ഇന്നലെ തൃപ്പൂണിത്തുറ ചോയിസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിശീലനത്തില്‍ കഴിഞ്ഞ മത്സരത്തിലെ പിഴവുകള്‍ പരിഹരിക്കാനാണു ബ്ലാസ്‌റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പല്‍ പ്രധാനമായും ശ്രദ്ധനല്‍കിയത്. കളി നിയന്ത്രിക്കാന്‍ മികച്ച സെന്റര്‍ മിഡ്ഫീല്‍ഡറില്ലാത്തതാണു ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന ദൗര്‍ബല്യം.
ഹൊസു കുറിയാസ് പ്രീറ്റോ കളത്തിലിറങ്ങിയാല്‍ അതിനു പരിഹാരമുണ്ടാകും. ഇഷ്ഫാഖ് അഹമ്മദ്, മെഹ്താബ് ഹുസൈന്‍, വിനിത് റായ് എന്നിവരായിരുന്നു മധ്യനിരയില്‍. ഇന്ത്യന്‍ താരങ്ങള്‍ നന്നായി കളിച്ചപ്പോള്‍ മുന്നേറ്റത്തില്‍ ഇംഗ്ലീഷുകാരന്‍ അന്റോണിയോ ജെര്‍മെയ്‌ന്റെ പ്രകടനത്തില്‍ കോച്ച് നിരാശനാണ്. പരിക്കുകാരണം വേണ്ടത്ര മുന്നൊരുക്കത്തിനു ജെര്‍മെയ്‌ന് സമയം കിട്ടിയില്ല. ജെര്‍മയ്ന്‍ ഇന്ന് കളിച്ചേക്കില്ലെന്നും കോച്ച് സൂചന നല്‍കുന്നുണ്ട്. കൊല്‍ക്കത്തയും ഇന്നലെ പരിശീലനത്തിനിറങ്ങി.
അടുത്തവര്‍ഷം നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിനു വേണ്ടി നവീകരിച്ച സ്‌റ്റേഡിയത്തിലെ ആദ്യമത്സരം കൂടിയാണ് ഇന്നത്തേത്. വൈകുന്നേരം ആറരയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരം ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha