ചാമ്പ്യന്‍സ് ലീഗ് ഫുട്്‌ബോള്‍ മത്സരത്തില്‍ റയലിന് തകര്‍പ്പന്‍ ജയം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് എഫില്‍ ലെഗിയക്കെതിരേ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. മത്സരത്തിന്റെ തുടക്കം മുതല്‍ റയലിന്റെ ആധിപത്യമാണ് മൈതാനത്ത് കാണാന്‍ സാധിച്ചത്.
16-ാം മിനിറ്റില്‍ ഡാനിലോ നല്‍കിയ പാസ് ഗാരത് ബെയ്ല്‍ പിഴവുകള്‍ വരുത്താതെ ഗോള്‍ വലയിലെത്തിച്ചാണ് റയലിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. പിന്നീട് 19-ാം മിനിറ്റില്‍ റയല്‍ താരം ബെന്‍സേമ തൊടുത്ത ഷോട്ട് ലെഗിയന്‍ താരം തോമാസ് ജൊഡലോവിക്കിന്റെ കാലില്‍ തട്ടി വര കടന്നതോടെ റയല്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി.
21-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ ലെഗിയ മത്സരത്തിലേക്കു തിരിച്ചു വന്നു. റയല്‍ താരം ഡാനിലോ ലെഗിയന്‍ താരം റാഡോവിക്കിനെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ ഇതിനു ശേഷം ആദ്യ പാദത്തിന്റെ 37-ാം മിനിറ്റില്‍ മാര്‍ക്കോ അലെന്‍സിയയിലൂടെ മൂന്നാം ഗോള്‍ നേടി റയല്‍ മത്സരം തങ്ങളുടേതാണെന്ന് അറിയിച്ചു.
രണ്ടാം പാദത്തില്‍ ലെഗിയ ശക്തമായ പ്രതിരോധം തീര്‍ത്തെങ്കിലും 68-ാം മിനിറ്റില്‍ ലൂക്കാസിലൂടെയും, 84-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടിലൂടെയും ഗോള്‍ നേടി റയല്‍ മത്സരം 5-1 എന്ന സ്‌കോറിന് ആധികാരികമായി സ്വന്തമാക്കി.
https://www.facebook.com/Malayalivartha