ഐ.എസ്.എല്‍ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ എഫ്.സിയും നേര്‍ക്കുനേര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഇനി അവശേഷിക്കുന്നത് നാലേനാലു ടീമുകള്‍. രണ്ട് പാദ സെമി മത്സരങ്ങള്‍. ആവേശത്തിരയിളക്കി ഇന്നും നാളെയുമായി സെമിയിലെ ആദ്യപാദ മത്സരങ്ങള്‍ നടക്കും. ഐഎസ്എലിന്റെ ആദ്യസെമി ഫൈനലില്‍ പ്രഥമ ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ആദ്യമായി അവസാന നാലില്‍ എത്തിയതിന്റെ വര്‍ധിതവീര്യവുമായി മുംബൈ എഫ്‌സിയും ഏറ്റുമുട്ടും. രാത്രി ഏഴിനാണ് മത്സരം.
എല്ലാ സീസണിലും സെമിയിലെത്തിയ ഏക ടീമാണ് കൊല്‍ക്കത്ത. ആദ്യ സീസണില്‍ കപ്പുയര്‍ത്തിയപ്പോള്‍ രണ്ടാം സീസണില്‍ ചാമ്പ്യന്മാരായ ചെന്നെയിന്‍ എഫ്‌സിയോട് തോറ്റുമടങ്ങാനായിരുന്നു അത്‌ലറ്റിക്കോയുടെ വിധി. ആദ്യസീസണ്‍ മുതല്‍ ടൂര്‍ണമെന്റ് ഫേവറേറ്റസ് പട്ടം ചാര്‍ത്തിക്കിട്ടിയ ടീം കൂടിയാണ് അത്‌ലറ്റിക്കോ. എന്നാല്‍, മുംബൈ എഫ്‌സി അധികം നേട്ടങ്ങള്‍ എടുത്തുപറയാനില്ലാത്ത ടീമാണ്. 2014ല്‍ ഏഴാം സ്ഥാനത്തും കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനത്തുമാണ് നീലപ്പട കളി അവസാനിപ്പിച്ചത്.
ഡിയേഗോ ഫോര്‍ലാന്‍ എന്ന ഉറുഗ്വന്‍ ഫുട്‌ബോള്‍ മാന്ത്രികനാണ് മുംബൈയെ ഈ വര്‍ഷം ലീഗില്‍ ഒന്നാം സ്ഥാനക്കാരാക്കി സെമി ഫൈനലിലെത്തിച്ചത്. ഐഎസ്എലിനെ ലോകോത്തര നിലവാരമുള്ള ഫുട്‌ബോളിന്റെ പാഠങ്ങള്‍ ഓരോന്നും പഠിപ്പിച്ചാണ് ഉറുഗ്വെയുടെ ഇതിഹാസ താരം ഇന്ത്യക്കു പ്രിയപ്പെട്ടവനായത്. സ്റ്റീഫന്‍ പിയേഴ്‌സണ്‍, ഹെല്‍ഡര്‍ പോസ്റ്റിഗ, ഇയാന്‍ ഹ്യൂം എന്നിങ്ങനെ ഒരുപിടി മികച്ച താരങ്ങളുടെ ചുമലിലേറിയാണ് കൊല്‍ക്കത്ത ഇത്തവണ അവസാന നാലിലേക്കു മാര്‍ച്ച് ചെയ്തത്.
രണ്ടു പാദമായി നടക്കുന്ന സെമിഫൈനലിന്റെ ആദ്യപാദമാണ് ഇന്ന് കൊല്‍ക്കത്തയിലെ രവീന്ദ്ര സരോവര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നത്. രണ്ടാം പാദം 13ന് മുംബൈയില്‍ നടക്കും.
https://www.facebook.com/Malayalivartha