ഗോള്‍രഹിത സമനില; കൊല്‍ക്കത്ത ഫൈനലില്‍, മുംബൈപുറത്ത്

സെമിയുടെ ഏറിയപങ്കും ഒരാളുടെ അഭാവത്തില്‍ കളിച്ചിട്ടും 'സമനില' കൈവിടാതിരുന്ന അത്!ലറ്റിക്കോ ഡി കൊല്‍ക്കത്ത മുംബൈ സിറ്റി എഫ്‌സിയെ മറികടന്ന് ഐഎസ്എല്‍ മൂന്നാം പതിപ്പിന്റെ ഫൈനലില്‍. മുംബൈയുടെ തട്ടകത്തില്‍ നടന്ന രണ്ടാം പാദ സെമിയില്‍ എതിരാളികളെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് ഫൈനലിലേക്കുള്ള കൊല്‍ക്കത്തയുടെ മുന്നേറ്റം. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ കൊല്‍ക്കത്ത രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. രണ്ടാംപാദ സെമി പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെ ഇരുപാദങ്ങളിലുമായി 32ന്റെ മുന്‍തൂക്കം നേടിയാണ് കൊല്‍ക്കത്ത രണ്ടാം ഐഎസ്എല്‍ കലാശപ്പോരിന് യോഗ്യത നേടിയത്.
പ്രഥമ ഐഎസ്എല്‍ സീസണിലെ ചാംപ്യന്‍മാരാണ് കൊല്‍ക്കത്ത. കേരളാ ബ്ലാസ്‌റ്റേഴ്‌സ്ഡല്‍ഹി ഡൈനാമോസ് രണ്ടാം സെമിയിലെ വിജയികളാകും ഫൈനലില്‍ കൊല്‍ക്കത്തയുടെ എതിരാളികള്‍. കൊച്ചിയില്‍ നടന്ന ആദ്യപാദത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് ഡല്‍ഹിയുടെ തട്ടകത്തിലാണ് രണ്ടാം പാദ സെമി പോരാട്ടം.
ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട റോബര്‍ട്ട് ലാല്‍ത്‌ലാമ്വാന പുറത്തുപോയതിനെ തുടര്‍ന്ന് 10 പേരുമായാണ് മല്‍സരത്തിന്റെ ഭൂരിഭാഗം സമയവും കൊല്‍ക്കത്ത കളിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഉള്‍പ്പെടെയുള്ളവര്‍ മല്‍സരിച്ച് അവസരങ്ങള്‍ പാഴാക്കിയതാണ് സ്വന്തം തട്ടകത്തിലെ രണ്ടാം പാദ സെമിയില്‍ മുംബൈയ്ക്ക് വിനയായത്. ആദ്യപാദത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് രണ്ടാംപാദ മല്‍സരം നഷ്ടമായ സൂപ്പര്‍താരം ഡിയേഗോ ഫോര്‍ലാന്റെ അഭാവവും അവരുടെ പ്രകടനത്തില്‍ നിഴലിച്ചുനിന്നു.
സമനില പോലും ഫൈനല്‍ ബര്‍ത്ത് നേടിത്തരുമെന്ന തിരിച്ചറിവില്‍ കടുത്ത പ്രതിരോധക്കോട്ട കെട്ടിയാണ് കൊല്‍ക്കത്ത നിര്‍ണായക പോരിനിറങ്ങിയത്. സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം, ദക്ഷിണാഫ്രിക്കന്‍ താരം സമീഗ് ദൗത്തി എന്നിവരെ കൊല്‍ക്കത്ത പരിശീലകന്‍ സൈഡ് ബെഞ്ചിലിരുത്തി. മുംബൈ ആകട്ടെ, ഫോര്‍ലാന്റെ അഭാവത്തില്‍ സോണി നോര്‍ദെ, ഡെഫഡറിക്കോ, സുനില്‍ ഛേത്രി എന്നിവരെ ആക്രമണത്തിന് നിയോഗിച്ചാണ് മല്‍സരത്തിനിറങ്ങിയത്. എന്നാല്‍, കൊല്‍ക്കത്ത ബോക്‌സിനുമുന്നില്‍ ലക്ഷ്യം മറന്ന മുംബൈ താരങ്ങള്‍ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു. കൊല്‍ക്കത്ത പ്രതിരോധം തകര്‍ക്കാനാകാതെ മൈതാനത്ത് ഉഴറിനടന്ന മുംബൈ മുന്നേറ്റനിര മല്‍സരിച്ച് അവസരങ്ങള്‍ പാഴാക്കിയതോടെ ആദ്യപാദ വിജയത്തിന്റെ കരുത്തില്‍ കൊല്‍ക്കത്ത ഫൈനലിലേക്ക്.
https://www.facebook.com/Malayalivartha