ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു

ഐ.എസ്.എല്‍. ഫൈനലിന് ഒരു ദിവസം മാത്രംശേഷിക്കെ ഫൈനലില്‍ കളിക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ സഞ്ചരിക്കുന്ന വാഹനം മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഇടപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഫുട്‌ബോള്‍ ടീമിന്റെ ഔദ്യോഗിക വാഹനമായ വോള്‍വോ ടൂറിസ്റ്റ് ബസ് പിടികൂടിയത് അനധികൃതമായി വണ്ടിയില്‍ പരസ്യം പതിച്ചെന്നാണ് കുറ്റം.
ഐഎസ്എല്ലില്‍ കേരളത്തിന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരസ്യവും ടീമിന്റെ മറ്റു സ്‌പോണ്‍സര്‍മാരുടെ പരസ്യവുമാണ് ബസ്സിന് ചുറ്റും പ്രധാനമായും പതിച്ചിരുന്നത്. ഇത്തരത്തില്‍ വാഹനത്തില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന് വാഹനവകുപ്പിന്റെ അനുമതിയും നിശ്ചിത ശതമാനം നികുതിയും അടയ്ക്കണം.
എന്നാല്‍ ഈ ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. ഒടുവില്‍ വാഹന ഉടമയോട് 1.46 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് അറിയിച്ചു. തൃപ്പൂണിത്തുറ സ്വദേശിയുടെ ഉടമസ്ഥയിലുള്ള ബസ്സില്‍ പരസ്യ ഇനത്തില്‍ ഒരു രൂപ പോലും നല്‍കാതെയാണ് വാഹനം ഓടിയിരുന്നതെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. ഷെഫീക്ക് പറഞ്ഞു.
കൊച്ചിയില്‍ വരുന്ന ടീം അംഗങ്ങളെ കലൂര്‍ സ്റ്റേഡിയത്തില്‍ കൊണ്ടുവരുന്നതും തിരിച്ചു കൊണ്ടുപോകുന്നതും ഈ ആഡംബര ബസ്സിലാണ്. മാസങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ ഒരു ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha






















