രണ്ടാം മല്‍സരത്തിലും വിറച്ചു പക്ഷേ ജയിച്ചു; ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ ജയം എതിരില്ലാത്ത ഒരു ഗോളിന്

പെറുവിന്റെ പോരാട്ടവീര്യത്തെ ഉറച്ചുനിന്ന് പ്രതിരോധിച്ച ഫ്രാന്‍സിന് റഷ്യന്‍ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്‍സിന്റെ വിജയം. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സ് തോല്‍പ്പിച്ചിരുന്നു.
പോരാട്ടവീര്യത്തിന്റെ മറുവാക്കായി കളം നിറഞ്ഞ പെറുവിനെ ഗോളിനു മുന്നില്‍ ഉറച്ചു പ്രതിരോധിച്ചാണ് ഫ്രാന്‍സ് വിജയം പിടിച്ചെടുത്തത്. മല്‍സരത്തിലുടനീളം കളത്തില്‍ ആധിപത്യം പുലര്‍ത്താനെങ്കിലും ഫ്രഞ്ച് വലയില്‍ പന്തെത്തിക്കുന്നതില്‍ പരാജയപ്പെട്ടതാണ് പെറുവിന് തിരിച്ചടിയായത്. ഇടയ്ക്ക് പെറു താരം അക്വീനോയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ത്തട്ടി പുറത്തേക്കു തെറിക്കുകയും ചെയ്തു. ഈ തോല്‍വിയോടെ പെറു ലോകകപ്പില്‍നിന്ന് പുറത്തായി.
മുപ്പത്തിനാലാം മിനിറ്റില്‍ കൈലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. 34ാം മിനിറ്റില്‍ പെറു പ്രതിരോധത്തെ കബളിപ്പിച്ച് പന്തുമായി മുന്നേറിയ ജിറൂഡ് നല്‍കിയ പാസ് ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ എംബാപ്പെ പോസ്റ്റിലേക്കെത്തിക്കുകയായിരുന്നു. ഇതോടെ ഫ്രാന്‍സിനായി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് എംബാപ്പെയ്ക്ക് സ്വന്തമായി. രണ്ട് കളികളില്‍ നിന്ന് ആറുപോയിന്റുള്ള ഫ്രാന്‍സ് ഇപ്പോള്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്. രണ്ടു കളികളിലും തോറ്റ പെറു പുറത്തായിക്കഴിഞ്ഞു. ഫ്രാന്‍സിന് ഇനി ഡെന്‍മാര്‍ക്കുമായി മത്സരം ബാക്കിയുണ്ടെങ്കിലും ആശങ്കയ്ക്ക് വകയില്ല.
അടുത്ത മത്സരത്തില്‍ തോറ്റാലും ഓസ്‌ട്രേലിയ പെറുവിനെ തോല്‍പിച്ചാലും ആറു പോയിന്റുള്ള ഫ്രാന്‍സിന് പ്രീക്വാര്‍ട്ടറിലെത്താം. അതേ സമയം ആദ്യ മത്സരത്തിലും പരാജയപ്പെട്ട പെറു ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഗ്രൂപ്പില്‍ അവര്ക്കിനി ഓസ്‌ട്രേലിയയുമായിട്ടാണ് മത്സരം.
തോറ്റ് പുറത്തായെങ്കിലും ഫ്രാന്‍സിനെ നന്നായി വെള്ളം കുടിപ്പിക്കാന് പെറുവിനായി. ബോള്‍ പൊസിഷനിലും പാസുകളുടെ കൃത്യതയിലും മുന്നില് നിന്ന അവര്‍ക്ക് ഗോള്‍ മാത്രം നേടാനായില്ല.
https://www.facebook.com/Malayalivartha