പാരിസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മലയാളി താരം പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനിരുന്ന സ്വീകരണം ഒക്ടോബര്‍ 30ലേക്ക് മാറ്റി...

പാരിസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മലയാളി താരം പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനിരുന്ന സ്വീകരണം ഒക്ടോബര്‍ 30ലേക്ക് മാറ്റി. ഒക്ടോബര്‍ 19ന് തീരുമാനിച്ച ചടങ്ങാണ് വീണ്ടും മാറ്റിയത്. എന്നാല്‍, വേദി ഏതാണെന്ന് തീരുമാനമായിട്ടില്ല
ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ശ്രീജേഷിന് പാരിതോഷികമായി രണ്ടുകോടിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മന്ത്രിസഭ യോഗം തീരുമാനിച്ചതല്ലാതെ തുക കൈമാറാനായി സര്‍ക്കാറിന് കഴിയാത്തത് നാണക്കേടായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പില്‍ ജോയന്റ് ഡയറക്ടറായ ശ്രീജേഷിന് വകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 26ന് സ്വീകരണം തീരുമാനിച്ചെങ്കിലും കായികവകുപ്പിനെ അറിയിക്കാതെ നടത്തുന്ന ചടങ്ങിനെതിരെ കായികമന്ത്രി വി. അബ്ദുറഹിമാന്‍ മുഖ്യമന്ത്രിയോട് പരാതിപ്പെടുകയായിരുന്നു.
കായിക, വിദ്യാഭ്യാസ മന്ത്രിമാരുടെ തര്‍ക്കത്തെ തുടര്‍ന്ന് ചടങ്ങ് റദ്ദാക്കാനായി അവസാന നിമിഷം മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കമറിയാതെ, സ്വീകരണം ഏറ്റുവാങ്ങാന്‍ കുടുംബസമേതം തലസ്ഥാനത്ത് എത്തിയ ശ്രീജേഷ് അന്ന് നിരാശയോടെയാണ് തിരികെ പോയത്.
ഇതോടെ ശ്രീജേഷിന് സ്വീകരണമൊരുക്കുന്നതില്‍നിന്ന് വിദ്യാഭ്യാസവകുപ്പ് പിന്മാറി. തുടര്‍ന്ന് കായികവകുപ്പിനായിരുന്നു ചടങ്ങിന്റെ ചുമതല. എന്നാല്‍, ശ്രീജേഷിനോടുപോലും ആലോചിക്കാതെ ഈ മാസം 19ന് ശ്രീജേഷ് പഠിച്ച ജി.വി. രാജ സ്‌കൂളില്‍ സ്വീകരണ ചടങ്ങ് നിശ്ചയിച്ചു. ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം പരിശീലകനായി നിയമിതനാകുന്ന ശ്രീജേഷ് 14ന് മലേഷ്യയിലേക്ക് പോകാനിരിക്കെയായിരുന്നു പരിപാടി നിശ്ചയിച്ചത്. അതു വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് ഒക്ടോബര്‍ 30ന് സ്വീകരണം നല്‍കാന്‍ തീരുമാനിച്ചത്.
അതേസമയം ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, പി.യു. ചിത്ര, വി.കെ. വിസ്മയ, വി. നീന എന്നിവര്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ അസി. സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍മാരായുള്ള നിയമന ഉത്തരവും അന്ന് കൈമാറിയേക്കും.
"
https://www.facebook.com/Malayalivartha