താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി... രഞ്ജി ട്രോഫി മത്സരത്തില്‍ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ

രഞ്ജി ട്രോഫി മത്സരത്തില്‍ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ. ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കെസിഎ പാരിതോഷികം പ്രഖ്യാപിച്ചത്.
തുക എല്ലാ ടീം അംഗങ്ങള്‍ക്കും മാനേജ്മെന്റിനുമായി നല്‍കുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും അറിയിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ കേരളം കൈവരിച്ചത് ജയ സമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ടീമിനെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കരുത്തരായ വിദര്‍ഭയെ ആദ്യ ഇന്നിങ്സില്‍ മറികടക്കുമെന്ന പ്രതീതിയായിരുന്നു ഒരുഘട്ടത്തില്‍ നിലനിന്നിരുന്നതെന്നും മുഖ്യമന്ത്രി. പരിചയസമ്പന്നതയും യുവത്വവും കലര്‍ന്ന ടീമിന്റെ മികവാര്‍ന്ന പ്രകടനത്തിന്റെ ഫലമാണ് കേരളം കൈവരിച്ച ഈ നേട്ടം.ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍ സല്‍മാന്‍ നിസാര്‍, ജലജ് സക്സേന, ആദിത്യ സര്‍വതെ, എം.ഡി നിതീഷ് തുടങ്ങിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
"
കേരള ക്രിക്കറ്റ് അസോസിയേഷന്റെ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കെസിഎയുടെ ഇടപെടലിലൂടെ വലിയ മുന്നേറ്റമാണ് കായിക മേഖലയില്‍ കേരളത്തിനുണ്ടായിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ചെയ്യുവാന്‍ കെസിഎയ്ക്ക് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കേരള ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി റണ്ണര്‍ അപ്പ് ട്രോഫി മുഖ്യമന്ത്രിക്ക് കൈമാറി.
https://www.facebook.com/Malayalivartha