നീരജ് ചോപ്രയുടെ കുതിപ്പ് തുടരുന്നു...

നീരജ് ചോപ്രയുടെ കുതിപ്പ് തുടരുകയാണ്. 2021ലെ ടോക്യോ ഒളിമ്പിക്സ് മുതല്‍ സൂറിച്ചിലെ ഡയമണ്ട് ലീഗ് വരെയുള്ള വിട്ടുകൊടുത്തിട്ടില്ല ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം.
നാല് വര്‍ഷമായി ലോക വേദിയില്‍ ഇത്രയും സ്ഥിരത പുലര്‍ത്തുന്ന മറ്റൊരു അത്ലറ്റില്ല. സൂറിച്ചില്‍ പ്രതീക്ഷിച്ച പ്രകടനം നീരജിന് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. 85.01 മീറ്റര്‍ എറിഞ്ഞാണ് രണ്ടാമതെത്തിയത്. ആദ്യ രണ്ട് ശ്രമങ്ങളും 90 മീറ്റര്‍ മറികടന്ന ജര്‍മനിയുടെ ജൂലിയന്‍ വെബെര്‍ ചാമ്പ്യനായി. 91.57 മീറ്ററാണ് മികച്ച ദൂരം. അവസാന ഏറ് വരെ നീരജ് മൂന്നാമതായിരുന്നു.
അതുവരെ ലണ്ടന്‍ ഒളിമ്പിക്സ് ജേതാവ് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോണ്‍ വാല്‍കോട്ടായിരുന്നു രണ്ടാംസ്ഥാനത്ത്. ആദ്യ ശ്രമത്തില്‍ 84.35 മീറ്റര്‍ എറിഞ്ഞ നീരജിന്റെ അടുത്ത നാല് ശ്രമങ്ങളില്‍ മൂന്നും -ഫൗളായി. അവസാന ഏറില്‍ താളം വീണ്ടെടുക്കുകയായിരുന്നു. '
ആ സമയത്തായിരുന്നില്ല മത്സരം നടത്തേണ്ടിയിരുന്നത്. എന്റെ റണ്ണപ്പും പാളി. എന്തിന്റെയോ അഭാവം തോന്നി. നിരാശയില്ല. ലോക ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങാന്‍ മൂന്നാഴ്ചകൂടിയുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും മത്സരശേഷം നീരജ് വ്യക്തമാക്കി. ഇൗ വര്‍ഷമാണ് ആദ്യമായി ഇന്ത്യന്‍ താരം 90 മീറ്റര്‍ മറികടന്നത്. മേയില്‍ നടന്ന ദോഹ ഡയമണ്ട് ലീഗിലായിരുന്നു പ്രകടനം. 2021ലെ ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയായിരുന്നു നീരജിന്റെ സ്വപ്ന സമാനമായ തുടക്കം. 2022ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി ചരിത്രം കുറിക്കുകയും ചെയ്തു.
ഡയമണ്ട് ലീഗിലും ചാമ്പ്യനായി. 2023ലെ ബുഡാപെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസിലും ഒന്നാമത്. ഡയമണ്ട് ലീഗില്‍ രണ്ടാംസ്ഥാനം. 2024ലെ പാരിസ് ഒളിമ്പിക്സില്‍ വെള്ളി. പാവോ നൂര്‍മി ഗെയിംസില്‍ സ്വര്‍ണം. ഡയമണ്ട് ലീഗില്‍ റണ്ണറപ്പായി. ഇൗ വര്‍ഷം ഏഴ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഇറങ്ങി. നാലെണ്ണത്തില്‍ സ്വര്‍ണം. മൂന്നെണ്ണത്തില്‍ രണ്ടാം സ്ഥാനവും നേടി .
https://www.facebook.com/Malayalivartha