പി.ടി.ഉഷയുടെ വാദം തള്ളി ചീഫ് സെലക്ടര്‍

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് കൂട്ടായ തീരുമാനമായിരുന്നെന്ന് ചീഫ് സെലക്ടർ ജി.എസ്.രൺധവ. പി.യു.ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനമല്ലായിരുന്നെന്നും പി.ടി.ഉഷയും സെലക്ടർമാരുമടക്കം ചേർന്നെടുത്ത തീരുമാന പ്രകാരമാണ് ചിത്രയെ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രയെ ഒഴിവാക്കിയതിന് പിന്നിൽ താനാണെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് പി.ടി. ഉഷ പറയുന്നത്. താൻ സെലക്ഷൻ കമ്മിറ്റിയിൽ അംഗമല്ലെന്നും നിരീക്ഷകയായാണ് യോഗത്തിൽ പങ്കെടുത്തതെന്നും ഉഷ പറഞ്ഞിരുന്നു. ലോകചാമ്പ്യൻഷിപ്പ് യോഗ്യതാ മാർക്ക് മറികടന്നവരെയും അതിനോടടുത്ത പ്രകടനം നടത്തിയവരെയും ടീമിലെടുത്താൽ മതിയെന്നത് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാടാണെന്നും ഉഷ വിശദീകരിച്ചു.
അതേസമയം ഈ വിഷയത്തിൽ ചിത്ര ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച കോടതി സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. ചാമ്പ്യൻഷിപ്പിന് പോകുന്ന ഇന്ത്യൻ കായിക താരങ്ങളുടെ യാത്രാ ചിലവ് ആര് വഹിക്കും എന്ന് ചോദിച്ച കോടതി ഇന്ത്യൻ അത്‌ലറ്റിക്സ് ഫെഡറേഷനെ നിയന്ത്രിക്കുന്നതാരെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























