ലോക ചാമ്പ്യന്‍ഷിപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മലയാളി അത്‌ലറ്റ് പി.യു ചിത്രയ്ക്ക് ഗസറ്റഡ് റാങ്കില്‍ കേരളസര്‍ക്കാര്‍ ജോലി നല്‍കും

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും ലണ്ടനിലെ ലോക ചാമ്പ്യന്‍ഷിപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മലയാളി അത്‌ലറ്റ് പി. യു. ചിത്രയ്ക്ക് കേരള സര്‍ക്കാര്‍ ജോലി നല്‍കും. ബിരുദം പൂര്‍ത്തിയാക്കിയ ചിത്രയ്ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കാനാണ് ആലോചിക്കുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
കഴിഞ്ഞ ദിവസം ചിത്രയുടെ വീട് സന്ദര്‍ശിച്ച കായിക മന്ത്രി എ.സി. മൊയ്തീനോട് ഒരു ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ നടന്ന ഒരു ചടങ്ങില്‍ മന്ത്രി ജോലി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഈ ആവശ്യത്തോട് അനുഭാവപൂര്‍വമാണ് മന്ത്രി പ്രതികരിച്ചത്. ഇന്നലെ ചിത്രയുടെ ബയോഡേറ്റയും വിദ്യാഭ്യാസ വിവരങ്ങളും കായിക മന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ സജന്‍ പ്രകാശ്, എലിസബത്ത് കോശി, അനു.ആര്‍, അനില്‍ഡ തോമസ് എന്നിവര്‍ക്ക് സര്‍ക്കാര്‍ ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കിയിരുന്നു. മറ്റ് ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്കും കഴിഞ്ഞ ദിവസം നിയമന ഉത്തരവ് നല്‍കിയിരുന്നു. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മാത്രമല്ല, കഴിഞ്ഞ സാഫ് ഗെയിംസിലും 1500 മീറ്ററില്‍ സ്വര്‍ണം നേടിയ താരമാണ് ചിത്ര. ഇക്കാര്യം കൊണ്ടുതന്നെ ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കാന്‍ തടസമില്ലെന്നാണ് കായിക വകുപ്പിന് ലഭിച്ച നിയമോപദേശം.
അതേ സമയം ഒരു ജോലിക്കുവേണ്ടി ചിത്ര രണ്ട് വര്‍ഷമായി റെയില്‍വേയുടെ പടിവാതിലില്‍ മുട്ടുകയായിരുന്നു. എന്നാല്‍ ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയ ശേഷവും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിരുന്നില്ല. ഒടുവില്‍ ചിത്രയുടെ ഒഴിവാക്കല്‍ വിവാദമാക്കിയപ്പോള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ക്‌ളാര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാമെന്ന് വാക്കാല്‍ പറഞ്ഞു. നിയമന ഉത്തരവ് ലഭിക്കാത്തതിനാല്‍ ചിത്ര സങ്കടത്തിലായിരിക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ സഹായഹസ്തവുമായി എത്തുന്നത്.
https://www.facebook.com/Malayalivartha