'ബെസ്റ്റ് ബേബിസിറ്റര്‍'; ഋഷഭ് പന്തിനെ കുറിച്ച് ഓസ്‌ട്രേലിയന്‍ നായകന്റെ ഭാര്യ ബോണി പെയിന്‍

മെല്‍ബണ്‍ ടെസ്റ്റിലെ വാക്‌പോര് അച്ചട്ടായി! ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയിന്റെ കുട്ടികളെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് കുറച്ചു നേരമെങ്കിലും നോക്കേണ്ടി വന്നു... പെയിന്റെ കുട്ടിയുമായി പന്ത് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് മറ്റാരുമല്ല, ഓസ്‌ട്രേലിയന്‍ നായകന്റെ ഭാര്യ ബോണി പെയിന്‍ തന്നെ. ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇരു ടീമുകള്‍ക്കും നല്‍കിയ അത്താഴ വിരുന്നിനിടെയാണ് ഇന്ത്യന്‍ യുവതാരം ഓസീസ് നായകന്റെ കുടുംബത്തെ കണ്ടത്. കളിക്കളത്തിലെ വാക്‌പോരൊന്നും പെയിന്റെ കുട്ടികളെ കണ്ടപ്പോള്‍ പന്തിന് തോന്നിയില്ല. ഒരു കുട്ടിയെ കൈയിലെടുത്ത് പെയിന്റെ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന പന്തിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. 'ബെസ്റ്റ് ബേബിസിറ്റര്‍' എന്നാണ് ചിത്രത്തിന് പെയിന്‍-ന്റെ ഭാര്യ നല്‍കിയിരിക്കുന്ന വിശേഷണം.
മെല്‍ബണ്‍ ടെസ്റ്റിനിടെയാണ് ഇരുവരും തമ്മിലുള്ള വാക്‌പോരിനിടെ പെയിന്‍ തന്റെ കുട്ടികളെ നോക്കാന്‍ പന്തിനെ ക്ഷണിച്ചത്. ഏകദിന ടീം പ്രഖ്യാപിച്ചപ്പോള്‍ പന്തിനെ തഴഞ്ഞ് എം.എസ്.ധോണിയെ ടീമിലെടുത്തത് പരാമര്‍ശിച്ചായിരുന്നു ഓസീസ് നായകന്റെ പരിഹാസം. ഭാര്യയുമായി താന്‍ സിനിമയ്ക്ക് പോകുമ്പോള്‍ നിനക്ക് ഇനി എന്റെ കുട്ടികളെ നോക്കാമെന്ന് ഓസീസ് നായകന്‍ പന്തിനോട് പറയുകയായിരുന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് ബാറ്റിംഗിനിടെ പെയിന്‍ വന്നപ്പോള്‍ പന്തും വിട്ടുകൊടുത്തില്ല. എവിടെയെങ്കിലും താത്കാലിക ക്യാപ്റ്റനെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നും ഇവന് വാചകമടി മാത്രമേ അറിയാവൂ എന്നുമൊക്കെ പന്തും പരിഹാസം ചൊരിഞ്ഞു. സംഭാഷണങ്ങളെല്ലാം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെ സംഭവം വാര്‍ത്തയാകുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha