യുവ്രാജിന്റെ വീടിനു നേര്‍ക്ക് കല്ലേറ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗിന്റെ വീടിനു നേരെ കല്ലേറ്. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയോടു തോറ്റതിനു പിന്നാലെയാണു യുവ്‌രാജിന്റെ ചണ്ഡീഗഡിന്റെ വീടിനു നേരെ ആക്രമണം നടന്നത്. മൂന്നു കാറുകളിലായെത്തിയ സംഘമാണു കല്ലെറിഞ്ഞതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
യുവ്‌രാജിന്റെ വീടിനു സുരക്ഷ വര്‍ധിപ്പിച്ചതായി പഞ്ചാബ് പോലീസ് അറിയിച്ചു. ലങ്കയ്‌ക്കെതിരായ ഫൈനലില്‍ ഇന്ത്യയുടെ സ്‌കോര്‍ 130 ലൊതുങ്ങിയതു യുവ്‌രാജിന്റെ മെല്ലെപ്പോക്കു കാരണമാണെന്നു വിമര്‍ശനമുയര്‍ന്നിരുന്നു. 21 പന്തില്‍ 11 റണ്ണായിരുന്നു യുവ്‌രാജ് നേടിയത്. അതേ സമയം യുവ്‌രാജ് സിംഗിനെ തള്ളിപ്പറയാന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി തയാറായില്ല. തന്റെ ദിവസമല്ലാതിരുന്നിട്ടും യുവി പരമാവധി ശ്രമിച്ചെന്നു ധോണി ന്യായീകരിച്ചു. ഞായറാഴ്‌ച പത്രസമ്മേളനത്തിനെത്തിയ ധോണി കൂടുതലും നേരിട്ട ചോദ്യം യുവ്‌രാജ് സിംഗിനെ കുറിച്ചായിരുന്നു. യുവ്‌രാജിന്റെ ഭാവിയെക്കുറിച്ചുളള ചോദ്യത്തില്‍നിന്ന് ധോണി ഒഴിഞ്ഞുമാറി. ഇന്ത്യന്‍ ക്രിക്കറ്റ് സീസണ്‍ കഴിഞ്ഞെന്നും ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളുടെ സമയമാണെന്നും ധോണി പറഞ്ഞു. യുവ്‌രാജിനെ സുരേഷ് റെയ്‌നക്കു മുന്‍പേ ബാറ്റ് ചെയ്യാന്‍ വിട്ടതും ഇന്ത്യന്‍ നായകന്‍ ന്യായീകരിച്ചു. റെയ്‌ന ഒഴികെയുള്ള ബാറ്റ്‌സ്‌മാന്‍മാര്‍ പിച്ചിനോടു പൊരുത്തപ്പെടാന്‍ സമയമെടുക്കും. റെയ്‌ന നേരിടുന്ന ആദ്യ പന്തു മുതല്‍ ആക്രമിക്കാന്‍ മടിക്കാത്ത ബാറ്റ്‌സ്‌മാനുമാണ്. യുവിക്കു സമയം നല്‍കുന്നതിനു വേണ്ടിയാണു സ്‌ഥാനക്കയറ്റം നല്‍കിയത്- ധോണി തുടര്‍ന്നു. അടുത്ത സുഹൃത്തും വെറ്ററന്‍ ഓഫ് സ്‌പിന്നറുമായ ഹര്‍ഭജനും യുവ്‌രാജ് സിംഗിനെ പിന്തുണച്ചിട്ടുണ്ട്. ഒരു മോശം ദിവസത്തിന്റെ താരത്തിന്റെ നേട്ടങ്ങളെ വിലകുറച്ചു കാണരുതെന്നു ഹര്‍ഭജന്‍ ആരാധകരോട് ആവശ്യപ്പെട്ടു. 2007 ലെ പ്രഥമ ട്വന്റി20 ലോകകപ്പ് മുതല്‍ 2011 ലോകകപ്പ് വരെയുള്ള യുവ്‌രാജിന്റെ പ്രകടനങ്ങള്‍ മറക്കരുതെന്നും ഹര്‍ഭജന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha