അരിക്കൊമ്പൻ വീണ്ടും സിഗ്നലിൽ: സഞ്ചാര ദിശ കേരള അതിർത്തിയുടെ എതിർദിശയിൽ:- ലക്ഷ്യമിടുന്നത് കളക്കാട് ടൈഗർ റിസർവ്: ഇന്നലെ സഞ്ചരിച്ചത് മൂന്ന് കിലോമീറ്റർ മാത്രം

അരിക്കൊമ്പൻ വീണ്ടും സിഗ്നലിൽ. സഞ്ചാര ദിശ കേരള അതിർത്തിയുടെ എതിർദിശയിൽ. അപ്പർ കോതയാർ മുത്തുക്കുടി മേഖലയിലാണ് ആന ഇപ്പോഴുള്ളത്. ഇന്നലെ മാത്രം ഏകദേശം മൂന്ന് കിലോമീറ്റർ മാത്രമാണ് സഞ്ചരിച്ചിട്ടുള്ളത്. കളക്കാട് ടൈഗർ റിസർവ് ലക്ഷ്യമിട്ടാണ് കൊമ്പന്റെ യാത്ര. അരിക്കൊമ്പനെവിടെയെന്ന് രണ്ടു ദിവസമായി ഒരു വിവരവുമില്ല. റേഡിയോകോളര്‍ സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് തമിഴ്നാട് വനം വകുപ്പ് അനൗദ്യോഗികമായി പറഞ്ഞിരുന്നത്. കേരളത്തിന്‍റെ വനം വകുപ്പാകട്ടെ മൗനത്തിലുമായിരുന്നു.
കോതയാറില്‍ നിന്ന് അഗസ്ത്യ വനത്തിലേക്കോ നെയ്യാറിലേക്കോ അരിക്കൊമ്പനെത്തുമോ എന്ന ആശങ്ക ഇതോടെ വർദ്ധിക്കുകയായിരുന്നു. തമിഴ്നാട്ടിലെ അപ്പര്‍കോതയാര്‍ഡാമിന് സമീപത്തു നിന്നായിരുന്നു ആദ്യം സിഗ്നൽ ലഭിച്ചത്. അതിന് ശേഷം 48 മണിക്കൂറായി ആന എവിടെയെന്ന് ഒരു വിവരവും ലഭിച്ചില്ല.
തമിഴ്നാട് വനംവകുപ്പോ, കേരള വനംവകുപ്പോ ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിടാൻ തായാറായില്ല. ആന ഉള്‍ക്കാട്ടിലേക്ക് പോയിരിക്കാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ കോതയാറുനിന്ന് അഗസ്ത്യ വനത്തിലേക്കോ നെയ്യാര്‍കാടുകളിലേക്കോ അരിക്കൊമ്പന്‍ നീങ്ങുന്നുണ്ടോ എന്നറിയായാനായി പിന്നീട് ഇരുസംസ്ഥാനങ്ങളിലെയും അതിര്‍ത്തി ഗ്രാമങ്ങള്‍ കാത്തിരുന്നത്.
വിവരങ്ങള്‍ ലഭ്യമല്ലാതായതോടെയാണ് ആശങ്ക കൂടിയത്. കേരളവും തമിഴ്നാടും തമ്മില്‍ പുതിയ തര്‍ക്കവിഷയമായി അരിക്കൊമ്പന്‍ മാറാതിരിക്കാന്‍ വനംഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് വ്യക്തമാണ്. പെരിയാര്‍ കടുവാസങ്കേതത്തിലാണ് കേരള വനം വകുപ്പ് അരിക്കൊമ്പന്‍റെ നീക്കങ്ങള്‍ റേഡിയോ കോളർ സിഗ്നലിലൂടെ നിരീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ അരിക്കൊമ്പന്റെ സഞ്ചാര ദൂരം പരിഗണിക്കുമ്പോൾ ഇപ്പോഴത്തേത് കുറച്ച് കൂടെ മെച്ചപ്പെട്ടിട്ടുണ്ട്. ഭക്ഷണവും, വെള്ളവും കിട്ടുന്നുണ്ട്.
എന്നാൽ കാലിൽ കൊമ്പന് മുറിവുള്ളതായാണ് വിവരം. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ എന്ന് ലൊക്കേഷൻ വച്ച് ഇപ്പോൾ ലഭ്യമല്ല. എന്തായാലും കേരളാതിർത്തിയിൽ നിന്ന് എതിർ ദിശയിൽ കിഴക്കോട്ട് സഞ്ചരിക്കുന്നു എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. എന്തായാലും കേരളാ അതിർത്തിയിലേയ്ക്ക് അരിക്കൊമ്പൻ പ്രവേശിക്കില്ലെന്നാണ് ഇപ്പോഴത്തെ സഞ്ചാരപാതയിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.
തിരുനെൽവേലി കോതയാർ ഡാമിന്റെ പരിസരത്ത് ആയിരുന്നപ്പോൾ 200 മീറ്റർ മാത്രമാണ് അരിക്കൊമ്പൻ സഞ്ചരിച്ചിരുന്നത്. മേഘമലയിലും കമ്പത്തും അരിക്കൊമ്പൻ ഭീതിപരത്തിയപ്പോൾ ആന്റിനയുടെ സഹായത്തോടെയാണ് തമിഴ്നാട് വനം വകുപ്പ് പിടികൂടാൻ അടിയന്തര നടപടി സ്വീകരിച്ചത്. ഒരു ആന്റിന മുണ്ടൻതുറൈ സങ്കേതത്തിലെ വൈൽഡ് ലൈഫ് വാർഡനു കൈമാറാൻ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിക്കുകയും ചെയ്തിരുന്നു. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഉള്ളത്.
കൊതയാർ വനമേഖലയിൽ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടർമാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചിരുന്നു. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയ ശേഷമാണ് തുറന്നു വിട്ടത്.
അരിക്കൊമ്പൻ ആരോഗ്യവാനെന്ന് പറഞ്ഞ് വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. മലയാളം ന്യൂസ് ചാനലുകളടക്കം ഇത് വാർത്തയാക്കി. എന്നാൽ ഈ വീഡിയോ അരിക്കൊമ്പന്റേത് അല്ലെന്നും 2020ലേത് ആണെന്നും തിരിച്ചറിഞ്ഞതോടെ സുപ്രിയ സാഹു ട്വീറ്റ് പിൻവലിച്ചു. സുപ്രിയക്കെതിരെ തമിഴ്‌നാട് വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha