മരിക്കാത്ത ഓര്‍മകളും മറക്കാത്ത ഒരുപിടി രുചികളും സമ്മാനിക്കാന്‍ വര്‍ക്കല!

തിരുവനന്തപുരത്തുനിന്നും വെറും 40 കിലോമീറ്റര്‍ മാത്രം. വര്‍ക്കല മുഴുവനും ഒരു തീരപ്രദേശമാണ്. ഇതിനെ ചുറ്റിപ്പറ്റിയാണ് ഇവിടെ പണികഴിപ്പിച്ചിട്ടുള്ള റിസോര്‍ട്ടുകള്‍.
കേരളം കാണാന്‍ വേണ്ടി പുറംരാജ്യങ്ങളില്‍നിന്നു വരുന്നവരില്‍ നിരവധിപേര്‍ തിരുവനന്തപുരത്തു വന്നിറങ്ങി കോവളം സ്‌റ്റേ കഴിഞ്ഞാല്‍പിന്നെ നേരേ വര്‍ക്കലയിലേക്കാണു വരുന്നത്. സമ്മര്‍ ആയാല്‍ പിന്നെ തിരക്കോടു തിരക്കാണ്. ടൂറിസ്റ്റുകളില്‍ അധികവും കടലില്‍ കുളിക്കാനും കളിക്കാനും മാത്രമല്ല നല്ല ഫ്രഷ് ആയിട്ടുള്ള സീഫുഡ് കഴിക്കാനും കൂടിയാണ് ഇവിടെ വരുന്നത്. അങ്ങനെ പ്രകൃതിയോട് ഇണങ്ങിയുള്ള ഒരു സുഖവാസ കേന്ദ്രമാണിത്.
വിദേശികള്‍ പലരും വന്നുപോകുന്ന സ്ഥലം ആണെങ്കിലും വീതികുറഞ്ഞ വഴികളും കൊച്ചുകൊച്ചു കടകളുമാണ് ഇവിടെ ഇപ്പോഴും. നമ്മള്‍ ഏതൊരു ഉല്ലാസയാത്രയ്ക്കും ഒരുങ്ങുമ്പോഴും മനസുനിറയെ പ്രതീക്ഷകള്‍ ആണ്. എന്തൊക്കെ കാണണം എന്തൊക്കെ ചെയ്യണം, എന്തൊക്കെ കഴിക്കണം അങ്ങനെ പലതും....
ഇവിടത്തെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് 'പാപനാശിനി' കടല്‍ തീരം. ഇവിടേക്കാണ് പലരും അവരുടെ മരിച്ചവര്‍ക്കുവേണ്ടി ബലിയിടാന്‍ വരുന്നത്. അതു കഴിഞ്ഞ് ഈ കടലില്‍ ഒന്നു മുങ്ങിക്കുളിച്ചാല്‍ എല്ലാ പാപവും മാഞ്ഞ് ഇല്ലാതാകുമെന്നാണു വിശ്വാസം. അതുകൊണ്ടായിരിക്കും 'പാപനാശിനി' എന്നു പേരുകിട്ടിയത്. ്.
തീരത്തോടു ചേര്‍ന്ന് 'ക്യാച് ഓഫ് ദി ഡേ'എന്ന ഒരു ബോര്‍ഡ് കണ്ടു. അന്നുപിടിച്ച മീനുകളുടെ ലിസ്റ്റ് ആണ്. അതില്‍ ഏതുവേണമെന്നും എങ്ങനെ വേണമെന്നും പറഞ്ഞാല്‍ മാത്രം മതി. താമസിക്കാതെ നമ്മുടെ മേശയിലേക്കു ചൂടോടെ എത്തിയിരിക്കും. ഇവിടെ സര്‍ക്കാരിന്റെ വകയായി നേച്ചര്‍ കെയര്‍ ഹോസ്പിറ്റലും ഉണ്ട്. ഇത് 1981-ല്‍ തുടങ്ങിയതാണ്.
ഇവിടെ ഒരു പുരാതന വിഷ്ണുക്ഷേത്രം ഉണ്ട്. ഇതിന് രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നാണു പറയുന്നത്. കുന്നില്‍മുകളിലാണ് ക്ഷേത്രം. ചുവന്ന ഓടിട്ട ഒരു ഉള്ളറയില്‍ ആണ് പ്രതിഷ്ഠവച്ചിരിക്കുന്നത്. ഇതിനടുത്തായി ഒരു നൂല്‍മരവും പാമ്പുംകാവും ഉണ്ട്.
പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ശ്രീനാരായണ ഗുരു സമാധിയായ ശിവഗിരി. ഒരു ഓട്ടോപിടിച്ചു പോകാനുള്ള ദൂരമേയുള്ളു. ഇവിടെയുള്ള ഒരു കുന്നിന്‍മുകളിലാണ് ഒരു കൊച്ചുവീടുവച്ച് ഗുരു താമസിച്ചത്. അത് ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. ഗുരുവിന്റെ ഓര്‍മയ്ക്കായി ഒരു പ്രാര്‍ഥനാലയം പണികഴിപ്പിച്ചു. ഇന്ന് ഇവിടെ ഒരുപാട് തീര്‍ഥാടകര്‍ എത്താറുണ്ട്. ഇതിനോടു ചേര്‍ന്ന് 1912-ല്‍ നിര്‍മിച്ച ശാരദാമന്ദിര്‍ എന്ന അമ്പലവും ഉണ്ട്.
ഷോപ്പിംഗിനുപോയാല്‍ പലതും ഇവിടെമാത്രം കിട്ടുന്നവയാണ്. രാത്രിയില്‍ ആകാശത്ത് നക്ഷത്രങ്ങള്‍ എല്ലാം തെളിഞ്ഞുകഴിയുമ്പോള്‍ മീന്‍പിടിക്കാന്‍ പോയവരുടെ വള്ളങ്ങള്‍ ദൂരെ അലകള്‍ക്കൊപ്പം പൊങ്ങിയും താണും നീങ്ങിക്കൊണ്ടിരിക്കുന്നത് കാണാം. പിന്നീട് വര്‍ക്കല വിടുമ്പോഴും മറക്കാനാവാത്ത ഒരു കാഴ്ചതന്നെയായിരിക്കും വര്‍ക്കല. ഓര്‍മകള്‍ മരിക്കുന്നില്ല, കൂട്ടത്തില്‍ ഒരുപിടി രുചികളും.
https://www.facebook.com/Malayalivartha