തമ്പുരാന്‍-തമ്പുരാട്ടിപ്പാറ ടൂറിസം പദ്ധതി പാതിവഴിയില്‍

മൂന്നു കൊല്ലം മുമ്പ്, 2014-ല്‍ ഏറെ കൊട്ടിഘോഷിച്ച് പണി ആരംഭിച്ച തമ്പുരാന്‍ തമ്പുരാട്ടി പാറ ടൂറിസം പദ്ധതി പദ്ധതി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 40 ലക്ഷം രൂപയാണ് പദ്ധതിക്കായി അന്നത്തെ സര്‍ക്കാര്‍ അനുവദിച്ചത്.
തമ്പുരാന്‍പ്പാറ ഇക്കോ ടൂറിസം ആന്‍ഡ് ട്രക്കിങ് സെന്റര്‍ എന്നപേരിലാണ് പദ്ധതി. സാഹസിക വിനോദം ഇഷ്ടപ്പെടുന്നവരെ ലക്ഷ്യം വെയ്ക്കുന്ന ഇവിടം ഇപ്പോള്‍ കടുത്ത അവഗണനയിലാണ്. അനുവദിച്ച പണം ഉപയോഗിച്ചുകൊണ്ട് പ്രവേശന കവാടവും പാറയിലേക്കുള്ള പടികളും തമ്പുരാട്ടിപ്പാറയില്‍ നിന്നു മുകളിലോട്ട് സുരക്ഷാവേലികളുമാണ് നിര്‍മിച്ചത്. തമ്പുരാട്ടിപ്പാറയില്‍ വിനോദസഞ്ചാരികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന കെട്ടിടവും നിര്‍മിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല.
കേട്ടറിഞ്ഞ് ഒട്ടേറെപ്പേര്‍ ഇപ്പോഴും ഇവിടെ എത്താറുണ്ട്. ഇവര്‍ക്കുള്ള സൗകര്യങ്ങള്‍ ഇപ്പോഴും ഇവിടെയില്ല. വിനോദസഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യമാണ് ഇവിടത്തെ വിനോദസഞ്ചാര വകുപ്പിന്റെ കെട്ടിടത്തിലുള്ളത്. എന്നാല്‍ ഇവിടം സാമൂഹികവിരുദ്ധരുടെ കേന്ദ്രമായിരിക്കുകയാണ്. മദ്യക്കുപ്പികള്‍ നിറഞ്ഞു, വാതിലുകള്‍ ചിലര്‍ നശിപ്പിച്ചു, ചുവരുകള്‍ നിറയെ അശ്ലീലം എഴുതിനിറച്ചിരിക്കുന്നു, സുരക്ഷാവേലികള്‍ പലയിടത്തും അടര്‍ന്നുമാറി... ഇത്രയൊക്കെയായിട്ടും ഇവിടം സന്ദര്‍ശിക്കാന്‍പോലും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
അശാസ്ത്രീയമായി നിര്‍മിച്ച ചവിട്ടുപടികളും നടപ്പാതയും ഇതിനോടകം തന്നെ തകര്‍ന്നുതുടങ്ങി. പലയിടത്തും പടി ഇടിഞ്ഞു. മാത്രമല്ല തറയില്‍ പാകിയ ചുടുകല്ലുകള്‍ പൊടിഞ്ഞിളകാനും തുടങ്ങി. ഇന്റര്‍ലോക്ക് ഇടേണ്ട സ്ഥാനത്താണ് ചുടുകല്ല് അശാസ്ത്രീയമായി പാകിയിരിക്കുന്നത്. പ്രദേശത്തുതന്നെ കാണുന്ന കാഠിന്യം കുറഞ്ഞ കല്ലുകളാണ് പടിയുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ വന്‍ അഴിമതിയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതില്‍ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഇതിനിടയില്‍ തന്നെ തമ്പുരാന്‍പാറയുടെ സ്വാഭാവിക സൗന്ദര്യം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളുമായി സമീപത്തെ രണ്ട് വലിയ പാറഖനനകേന്ദ്രങ്ങള്‍ മുന്നോട്ട് പോകുന്നു. ഇവിടെയെത്തുന്നവരുടെ സുരക്ഷപോലും ചോദ്യം ചെയ്യുന്ന തരത്തിലാണ് ഇവയുടെ പ്രവര്‍ത്തനം നടക്കുന്നത്. തമ്പുരാന്‍പ്പാറ ടൂറിസം കേന്ദ്രമായി വളര്‍ന്നാല്‍ ഇവിടത്തെ പാറഖനനത്തിന് തടസ്സമാകും. ഇതിനാല്‍ പദ്ധതി നടപ്പിലാക്കാതിരിക്കാന്‍ ഇവര്‍ ബോധപൂര്‍വ്വം തടസ്സം നില്‍ക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പാലോട് രവി എം.എല്‍്.എ.യുടെ കാലത്താണ് പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് പദ്ധതിയുടെ താളംതെറ്റി. മൂന്നു ബജറ്റ് കഴിഞ്ഞിട്ടും പദ്ധതിക്കായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നു പറയുന്നത് ദയനീയമാണെന്ന് പാലോട് രവി പറഞ്ഞു. പദ്ധതിയെ അനാഥമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha