ഹിമാലയന്‍ താഴ്വരയില്‍ ഏറ്റവും ഉയരത്തിലുള്ള പ്രകൃതിദത്തതടാകം; ദേവരിയ തടാകം
ഗര്‍വാള്‍ മേഖലയിലെ ഏറ്റവും ഉയരത്തിലുള്ള പ്രകൃതിദത്തമായ തടാകമാണ് ദേവരിയ (ദിയോരിയ). ഹിമാലയ പര്‍വ്വതനിരകളുടെ താഴെ സ്ഥിതി ചെയ്യുന്ന ഈ തടാകത്തില്‍ പ്രതിഫലിക്കുന്ന ഹിമാലയമാണ് ഇവിടത്തെ പ്രധാന കാഴ്ച. അസ്തമന സൂര്യന്റെ കിരണങ്ങളേറ്റ് ഹിമവാന്‍ പ്രതിഫലിക്കുന്നത് തടാകത്തില്‍ പതിയുന്നത് അനവദ്യസുന്ദരമായ കാഴ്ചയാണ്.
തടാകത്തിനടുത്ത് വഴിവക്കില്‍ തകരം കൊണ്ട് മറച്ച് പച്ച പെയിന്റടിച്ച കൂരയും അതിനോട് ചേര്‍ന്ന് ഒരു ചായ പീടികയുമുണ്ട്. ഹിമാലയത്തിന്റെ ഏതു പ്രദേശത്തെത്തിയാലും കിട്ടുന്ന ഒരു വിഭവമാണ് മാഗി എന്ന നൂഡില്‍സ്. അത് ആ പീടികയിലും കിട്ടും. ബ്രാന്‍ഡ് ഏതായാലും എല്ലാ നൂഡില്‍സും ഇവിടെ 'മാഗി' എന്നാണ് അറിയപ്പെടുന്നത്. പെട്ടന്ന് ഉണ്ടാക്കുവാന്‍ സാധിക്കുന്നതും വയര്‍ കേടാക്കാത്തതും അത്യാവശ്യ സ്വാദുള്ളതു കൊണ്ടുമാകും ടൂറിസ്റ്റുകള്‍ മാഗി ഇഷ്ടപ്പെടുന്നത്.
അധികം വിസ്തീര്ണമില്ലാത്ത തടാകമാണ്. ഇതിന് എത്ര താഴ്ചയുണ്ടന്ന് ആരും വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. അനവധി കിലോമീറ്റര്‍ താഴ്ചയുണ്ടാകുമെന്ന് കരുതപ്പെടുന്നു. ഇതിനകത്ത് ഒരു വലിയ നാഗം വസിക്കുന്നുണ്ടന്നാണ് വിശ്വാസം. നാഗപഞ്ചമി ദിവസം അടുത്തുള്ള ഗ്രാമ വാസികള്‍ നാഗദേവതയ്ക്ക് ഇവിടെ വഴിപാടുകള്‍ നടത്താറുണ്ട്.
തടാകത്തിന്റെ നാലുവശത്തും ഇടതൂര്‍ന്നു വളരുന്ന വലിയ മരങ്ങളുണ്ട്. ടെന്റില് രാത്രി കഴിച്ചുകൂട്ടുവാന്‍ തയ്യാറാണെങ്കില്‍ താഴെ ഗ്രാമത്തില്‍ നിന്നും അവിടെയുള്ളവര്‍ക്ക് മുകളില്‍ എത്തുവാന്‍ അധിക സമയം വേണ്ടാത്തതിനാല്‍ ഫോണ്‍ ചെയ്ത് അറിയിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ ടെന്റ് എത്തിച്ചു തരും.
തടാകത്തിനു മുകളിലായി അല്‍പ്പം ദൂരെ ഒരു ഫോറസ്റ്റ് ഗസ്റ്റ് ഹൗസ് ഉണ്ട്. എങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതായതിനാല്‍ പുറത്ത് നിന്നും വരുന്നവര്‍ക്ക് ഇവിടെ താമസ സൗകര്യം കിട്ടുന്നത് അത്ര എളുപ്പമല്ല. എന്നാല്‍ അത് തരപ്പെട്ടുകിട്ടുമെങ്കില്‍ ആ കാട്ടിനകത്ത് ഇങ്ങനെ ഒരു സൗകര്യം കിട്ടുന്നത് ഭാഗ്യം തന്നെയെന്നു കരുതണം. നല്ല സൗകര്യമുള്ള മുറിയാണ്. സോളാര്‍ പവറില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ ഒരു വിളക്കുണ്ട് .പുതിയ മെത്തയും പുതപ്പുകളും. ഉത്തരാഞ്ചലിന്റെ ദേശീയ പക്ഷിയായ ഹിമാലയന്‍ മോണലിന്റെ നിരവധി ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു തൂക്കി ഭിത്തി അലങ്കരിച്ചിട്ടുണ്ട്.
ദേവരിയ തടാകത്തിനെ കുറിച്ചുള്ള ഒരു കഥ പഞ്ചപാണ്ഡവരുമായി ബന്ധപ്പെട്ടതാണ്. വനവാസ കാലത്ത് കാട്ടിലൂടെ നടന്നലഞ്ഞ യുധിഷ്ടിരര്‍ ദാഹശമനത്തിനായി അടുത്തെങ്ങും അരുവികളോ നീര്‍ചാലുകളോ കാണാതിരുന്നപ്പോള്‍, ഇളയവനായ സഹദേവനെ വെള്ളം കൊണ്ട് വരുവാന്‍ ചുമതലപ്പെടുത്തി. അടുത്തുള്ള മരത്തിനു മുകളില്‍ കയറിയ സഹദേവന്‍ അങ്ങ് ദൂരെ ഒരു തടാകം കണ്ടു. വെള്ളമെടുക്കുവാനായി തടാകത്തിനടുത്തെത്തിയ സഹദേവന്‍ ഉച്ചത്തിലുള്ള ഒരശിരീരി കേട്ടൂ. സൂക്ഷിക്കുക !! എന്റെ ചോദ്യത്തിനുത്തരം പറയുന്നതിന് മുമ്പ് വെള്ളത്തില്‍ തൊടരുത്. ഇത് കാര്യമാക്കാതെ വെള്ളമെടുക്കുവാന്‍ തുടങ്ങിയ സഹദേവന്‍ തടാകക്കരയില്‍ മരിച്ചു വീണു. സഹദേവനെ കാണാതെ അന്വേഷിച്ചെത്തിയ നകുലനും അര്‍ജുനനും ഭീമനും ഇതേ ഗതിതന്നെ വന്നു. സഹോദരങ്ങളെ കാണാതെ അന്വേഷിച്ചെത്തിയ യുധിഷ്ടിരര്‍ തടാകക്കരയില്‍ മരിച്ചു കിടക്കുന്ന ഇവരെ കണ്ടു ഞെട്ടി. സൂക്ഷിക്കുക !!! തടാകം കാക്കുന്ന ദുര്‍ഭൂതത്തിന്റെ ചോദ്യം യുധിഷ്ടിരനോടായി. ബുദ്ധിമാനായ യുധിഷ്ടിരന്റെ ഉത്തരങ്ങളില്‍ പ്രസന്നവാനായ ഭൂതം എല്ലാവര്‍ക്കും ജീവന്‍ തിരിച്ചു നല്‍കി.
നിലാവുള്ള രാത്രികളില്‍ വന്യമൃഗങ്ങള്‍ ഒന്നിന് പിറകെ ഒന്നായി തടാകത്തില്‍ വെള്ളം കുടിക്കുവാന്‍ വരുന്നത് ഒരു പതിവുള്ള കാഴ്ചയാണ്. ഹിമക്കരടികളെ ഈ പ്രദേശത്ത് ധാരാളം കണ്ടു വരുന്നു. നല്ല നീലിമയുള്ള ആകാശം. അതിനു താഴെ മഞ്ഞണിഞ്ഞ മലനിരകള്‍.. ഇതിന്റെ പ്രതിബിംബം വളരെ മനോഹരമായി തടാകത്തില്‍ കാണാം. സ്വര്‍ഗ്ഗവും ഭൂമിയും ഒന്നിക്കുന്നതുപോലെ തോന്നും. സ്ഫടികം പോലെ തിളങ്ങുന്ന തടാകങ്ങളില്‍ പതിയുന്ന മഞ്ഞു മലകള്‍ ക്ലിക്ക് ചെയ്യുക എന്നത് ഏതൊരു ഹിമാലയ സഞ്ചാരിയുടെയും സ്വപ്നമാണ്. ഈ യാത്ര എന്നെന്നും ഓര്‍മ്മിയ്ക്കുവാന്‍ ഈ ഒരൊറ്റ ഫോട്ടോ മതിയാവും!
https://www.facebook.com/Malayalivartha