പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കാന്‍ നടപടി തുടങ്ങി, പുതിയ കാര്‍ഡിനുള്ള അപേക്ഷക്കൊപ്പം കാര്‍ഡുടമയുടെ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ വേണം, അപേക്ഷ സ്വീകരിക്കാന്‍ താലൂക്കുകളില്‍ ഫ്രണ്ട് ഓഫിസ് സൗകര്യമേര്‍പ്പെടുത്തും
പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കാന്‍ നടപടി ആരംഭിച്ചു. ഈ മാസം 25 മുതല്‍ താലൂക്ക് സപ്ലൈ ഓഫിസ്, സിറ്റി റേഷനിങ് ഓഫിസുകള്‍ മുഖേന റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിക്കാന്‍ സിവില്‍സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കി. പുതിയ റേഷന്‍കാര്‍ഡിന്, കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റാന്‍, കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റാന്‍, പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താന്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിന്, തിരുത്തലുകള്‍ വരുത്തുന്നതിന്, കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാന്‍, കാര്‍ഡ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാന്‍ എന്നിങ്ങനെയാണ് അപേക്ഷ സ്വീകരിക്കുക.
നാല് വര്‍ഷമായി പുതിയ കാര്‍ഡുകള്‍ക്കും വിഭജനങ്ങള്‍ക്കും അപേക്ഷ സ്വീകരിക്കാത്തതിനാല്‍ വന്‍ ജനത്തിരക്ക് ഉണ്ടായേക്കുമെന്നും അത് ഒഴിവാക്കേണ്ടത് താലൂക്ക്, സിറ്റി റേഷനിങ് ഓഫിസര്‍മാരുടെ ചുമതലയാണെന്നും ഉത്തരവില്‍ പറയുന്നു. അപേക്ഷ ഫോറങ്ങള്‍
എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഇതിന്റെ മാതൃക റേഷന്‍ ഡിപ്പോകള്‍, പഞ്ചായത്ത് ഓഫിസുകള്‍, വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. അപേക്ഷ ഫോറങ്ങള്‍ സൗജന്യമായി ലഭിക്കും. അപേക്ഷ സ്വീകരിക്കാന്‍ താലൂക്കുകളില്‍ ഫ്രണ്ട് ഓഫിസ് സൗകര്യമേര്‍പ്പെടുത്തും.
പുതിയ കാര്‍ഡിനുള്ള അപേക്ഷക്കൊപ്പം കാര്‍ഡുടമയുടെ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ വേണം. ഒരു ഫോട്ടോ അപേക്ഷയിലെ നിര്‍ദിഷ്ട സ്ഥലത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം. പരിശോധന സമയത്ത് ഉദ്യോഗസ്ഥര്‍ ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ച് ഫോട്ടോയുടെ സത്യസന്ധത ഉറപ്പ് വരുത്തും. അപേക്ഷക്കൊപ്പം റേഷന്‍ കാര്‍ഡിന്റെ ആവശ്യമില്ല. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയിപ്പ് ലഭിക്കുമ്പോള്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതി.
അതേസമയം, 2016ല്‍ പുതുക്കിയ റേഷന്‍കാര്‍ഡുകളുടെ വിതരണത്തിലെ അപാകത ഇനിയും പൂര്‍ണമായും പരിഹരിക്കാനായിട്ടില്ല.
https://www.facebook.com/Malayalivartha