രണ്ട് വിവാഹങ്ങള്‍ക്കു ശേഷം വീണ്ടും വിവാഹം കഴിക്കാനെത്തിയ വിവാഹത്തട്ടിപ്പു വീരന് പോലീസ് പിടിയില്‍
രണ്ടു വിവാഹങ്ങള്‍ മറച്ചുവച്ചു മൂന്നാമതും വിവാഹത്തിനു ശ്രമിക്കുന്നതിനിടെ വിവാഹത്തട്ടിപ്പു വീരനെ പോലീസ് പിടികൂടി. താനെയിലെ പോലീസ് ഓഫീസറുടെ മകളെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതോടെ ജള്‍ഗാവ് ഭൂസാവല്‍ സ്വദേശി നീരജ് സൂര്യവംശി കുടുങ്ങുകയായിരുന്നു. ഇയാളെ ശനിയാഴ്ച താനെ കോടതിയില്‍ ഹാജരാക്കി. ഈ മാസം 25 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തുവെന്നു താനെ കോപ്രി പോലീസ് അറിയിച്ചു.
പരാതിക്കാരനായ പോലീസ് ഓഫീസര്‍ മകള്‍ക്ക് വരനെ തിരയുന്നതിനിടെയാണ് സൂര്യവംശിയെ കണ്ടെത്തുന്നതും വിവാഹം ഉറപ്പിക്കുന്നതും. വിവാഹനിശ്ചയം ഒക്ടോബറില്‍ നടന്നു. ഈ മാസം 18ന് വിവാഹവും തീരുമാനിച്ചു. അതിനിടെ, സൂര്യവംശിയുടെ രക്ഷിതാക്കള്‍ വിളിച്ച്, മുംബൈയില്‍ ഒരു ഫ്ളാറ്റ് വാങ്ങിത്തരണമെന്നും സൂര്യവംശിക്ക് അവിടേക്കു താമസം മാറാനാണെന്നും അറിയിച്ചു.
അതു സാധിക്കില്ലെന്നു വധുവിന്റെ വീട്ടുകാര്‍ മറുപടി നല്‍കിയതോടെ, വിവാഹനിശ്ചയത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് മകള്‍ക്കു പേരുദോഷമുണ്ടാക്കുമെന്നു അവര്‍ ഭീഷണിപ്പെടുത്തി. ഇതോടെ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ 'ജോലി' തന്നെ വിവാഹത്തട്ടിപ്പ് ആണെന്ന് കണ്ടെത്തിയത്.
2013ല്‍ നാസികില്‍ നിന്ന് ആദ്യവിവാഹം കഴിച്ച പ്രതിക്ക് 11 മാസം പ്രായമുളള കുട്ടിയുമുണ്ട്. പിന്നീട് ഭോപ്പാലില്‍ വിവാഹത്തിനു തീയതി ഉറപ്പിച്ചെങ്കിലും, പ്രതിയുടെ രക്ഷിതാക്കള്‍ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതിനാല്‍ അതു നടന്നില്ല. പ്രതിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആദ്യ ഭാര്യമാരും പരാതി നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളെ പോലീസ് തിരയുകയാണ്.
https://www.facebook.com/Malayalivartha