അതിവേഗ പതയുമായി മഹാരാഷ്ട്ര; നാല് മണിക്കൂര്‍ നീണ്ട യാത്രാസമയം ചുരുങ്ങുന്നത് 25 മിനിറ്റിലേക്ക്
മുംബൈ: പൂണെ-മുംബൈ റൂട്ടില്‍ അതിവേഗ പാതയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. നിലവില്‍ നാല് മണിക്കൂര്‍ വേണ്ടുന്ന യാത്രാസമയം 25 മിനിട്ടിലേക്ക് കുറക്കാനുള്ള അത്യാധുനിക ട്രെയിന്‍ സാങ്കേതിക വിദ്യ ഇന്ത്യയിലെത്തിക്കാനാണ് നീക്കം.
150 കിലോമീറ്ററാണ് പൂണെയും മുംബൈയും തമ്മിലുള്ള ദൂരം. അമേരിക്ക ആസ്ഥാനമായുള്ള വിര്‍ജിന്‍ ഹൈപ്പര്‍ലൂപ് വണ്‍ കമ്പനിയുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് നീക്കം. പദ്ധതി പൂര്‍ത്തിയായാല്‍ മുംബൈയില്‍ നിന്ന് പൂണെയിലേക്കും തിരിച്ചും 25 മിനിട്ടില്‍ ട്രെയിനില്‍ സഞ്ചരിക്കാം.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി യു.എസിലെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ സിഇഒ റോബ് ലോയ്ഡ്മായി കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ നെവാഡയിലെ ടെസ്റ്റ് സൈറ്റും അദ്ദേഹം സന്ദര്‍ശിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മാഗ്നറ്റിക് മഹാരാഷ്ട്ര എന്ന ചടങ്ങില്‍ പദ്ധതിക്കു വേണ്ടിയുളള കരാര്‍ ഒപ്പിടും.
ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ ഇത് പരീക്ഷിക്കും. 15 കിലോമീറ്റര്‍ പ്രദേശമാണ് ഇതിനായി വിട്ടുകൊടുത്തിരിക്കുന്നത്. പൂണെ മെട്രോപൊളിറ്റന്‍ റീജിയണല്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് സ്ഥലം കണ്ടെത്തി നല്‍കിയത്. കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ പൂണെയില്‍ എത്തിയതിനു ശേഷമായിരിക്കും പദ്ധതി പരീക്ഷണം തുടങ്ങുക. ഇതിനാവശ്യമായ 70 ശതമാനം അസംസ്കൃത വസ്തുക്കളും മഹാരാഷ്ട്രയില്‍ നിന്നു തന്നെയാണ് കണ്ടെത്തുന്നത്. 2024ഓടു കൂടി പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമം.
https://www.facebook.com/Malayalivartha