സഹോദരനെ വെടിവയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബി.ജെ.പി എം.പി ; വെളിപ്പെടുത്തലുമായി ഡോ. കഫീല്‍ ഖാന്
തന്റെ സഹോദരന് വെടിയേറ്റതിന് പിന്നില്‍ ബി.ജെ.പി എം.പിയാണെന്ന ആരോപണവുമായി ഡോ.കഫീല്‍ ഖാന് രംഗത്തെത്തി. ബന്സാഗോണിലെ എം.പിയായ കമലേഷ് പസ്വാനാണ് സഹോദരനെ വെടിവയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് കഫീല്‍ ഖാന്റെ ആരോപണം. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
എം.പിയായ കമലേഷ് പസ്വാനും ബല്‍ദേവ് പ്ലാസയുടെ മുതലാളി സതീഷ് നങ്കലിയയ്ക്കുമാണ് ഇതില്‍ പ്രധാന പങ്ക്. പസ്വാന് തന്റെ സഹോദരനുമായി വ്യക്തി വൈരാഗ്യമൊന്നുമില്ല. എന്നാല്‍ ഞങ്ങളുടെ അമ്മാവന്റെ സ്ഥലത്ത് പസ്വാനും സതീഷും ഫെബ്രുവരിയില്‍ നടത്തിയ കൈയേറ്റത്തിനെതിരെ സഹോദരന് ഹൈക്കോടതിയില്‍ പോയതിന്റെ ശത്രുതയാണ് വെടിവയ്പില്‍ കലാശിച്ചത്- കഫീല്‍ ഖാന് പറഞ്ഞു.
പ്രതികളെ 48 മണിക്കൂറിനുള്ളില്‍ പിടികൂടുമെന്ന് പറഞ്ഞ പൊലീസ് കൈമലര്‍ത്തുകയാണെന്നും കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും പൊലീസ് ഏതോ ഒരു വ്യക്തിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും കഫീല്‍ ഖാന് കുറ്റപ്പെടുത്തി. ഇതിന്റെ സൂചനയാണ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ പത്തിനാണ് കഫീല്‍ ഖാന്റെ സഹോദരനായ ഖാഷിഫ് ജമീലിന് വെടിയേറ്റത്. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ഖാഷിഫിന് നേരെ മൂന്ന് തവണയാണ് അജ്ഞാതര്‍ നിറയൊഴിച്ചത്. ആക്രമണത്തില്‍ കൈക്കും, കഴുത്തിനും, താടിക്കും പരിക്കേറ്റിരുന്നു. അവര്‍ തങ്ങളെ കൊല്ലാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സംഭവത്തില്‍ കഫീല്‍ ഖാന് അന്ന് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha